ലോകത്താകമാനം ഭീതി ഉയർത്തിക്കൊണ്ടിരിക്കുന്ന കോവിഡ് 19 വൈറസ് ഇന്ത്യയിൽ പടർന്നു പിടിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. മെയ് പകുതിയാകുമ്പോഴേക്കും ഒരു ലക്ഷം മുതൽ 13 ലക്ഷം വരെ കോവിഡ് കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുമെന്നാണ് അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘം മുന്നറിയിപ്പ് നൽകുന്നത്. കോവിഡ് ‑19 ഇന്ത്യ എന്ന വിഷയത്തിൽ പഠനം നടത്തുന്ന ഗവേഷകരാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അമേരിക്ക, ഇറ്റലി പോലുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആദ്യഘട്ടത്തിൽ ഇന്ത്യയ്ക്ക് വൈറസിനെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. എന്നാൽ രോഗം ബാധിച്ചവരെ കണ്ടെത്തുക എന്ന കാര്യത്തിൽ ഇന്ത്യക്ക് പരാജയം സംഭവിച്ചിട്ടുണ്ട് എന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
പരിശോധനകളുടെ എണ്ണം, കൃത്യമായ പരിശോധന ഫലം, കോറോണ ബാധിച്ച് ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതിരുന്നവരിൽ നടത്തുന്ന പരിശോധനകൾ എന്നിവയെ അടിസ്ഥാനമാക്കി മാത്രമെ ഇത് കണ്ടെത്താനാകൂ എന്നും യുഎസിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ദേബശ്രീ റായ് ഉൾപ്പെടെയുള്ള ഗവേഷക സംഘം വ്യക്തമാക്കുന്നു. ഇന്ത്യയിൽ പരിശോധന നടത്തിയ ആളുകളുടെ എണ്ണം വളരെ കുറവാണ്. എന്നാൽ കൂടുതൽ പരിശോധനകൾ നടത്താതെ സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്നതും എത്ര പേർ ചികിത്സ ലഭിക്കാതെ പുറത്തുണ്ട് എന്നതും കണ്ടെത്താനാവില്ല. അതേസമയം വൈറസ് അതിവേഗം വ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യയിൽ കർക്കശമായ പരിശോധനകൾ നടത്തുക എന്നത് അത്യന്താപേക്ഷികമാണ്.
ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമെന്ന നിലയിൽ നിയന്ത്രണങ്ങൾ കർശനമാക്കാതെ ഇന്ത്യയിൽ കോവിഡ് എന്ന മഹാമാരിയെ തടയുക എന്നത് സാധ്യമല്ലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ലോക ബാങ്കിന്റെ കണക്കു പ്രകാരം മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഓരോ ആയിരം പേർക്കും ആശുപത്രികളിൽ ലഭ്യമാകുന്ന കിടക്കകളുടെ എണ്ണം 0.7 ആണ്. ഇത് ഫ്രാൻസിൽ 6.5, തെക്കൻ കൊറിയ‑11.5, ചൈന‑4.2, ഇറ്റലി-3.4, യുഎസ്-2.8 എന്നിങ്ങനെയാണ്. അതുകൊണ്ടു തന്നെ രോഗ ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായാൽ ഇവർക്കെല്ലാം ചികിത്സ നൽകുക എന്നതിൽ ഇന്ത്യയ്ക്ക് പരിമിതികൾ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Covid 19; 13 lakh patients
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.