Web Desk

കോട്ടയം

November 03, 2020, 6:19 pm

കോവിഡെത്തിയപ്പോൾ നഗരത്തിലെ വൺവേ സംവിധാനം അയഞ്ഞു അപകടക്കോട്ടയമാവുമെന്ന് നാട്ടുകാർ

Janayugom Online

കോവിഡിനെ തുടർന്ന് രാത്രികാല ട്രാഫിക് നിയന്ത്രണങ്ങളിൽ നിന്നും അധികൃതർ പിന്മാറിയതിനെ തുടർന്ന് നഗരം അപകടക്കെണിയാവുന്നു. കഴിഞ്ഞ ദിവസം രാത്രി നഗരത്തിൽ നടന്ന അപകടത്തിൽ അതിഥി തൊഴിലാളിയുടെ മരണം നടന്ന സംഭവം വൺവേ തെറ്റിച്ചതിനെ തുടർന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അപകടത്തിൽ പരിക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ്. നഗരത്തിൽ പുളിമൂട് ജംഗ്ഷന് സമീപമായിരുന്നു അപകടം.

നഗരത്തിലെ കടയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി മടങ്ങിയ കൊല്ലാട് സ്വദേശി ഓടിച്ചിരുന്ന സ്കൂട്ടർ വൺവേ തെറ്റിച്ച് പുളിമൂട് ജംഗ്ഷൻ വഴി ചുങ്കം ഭാഗത്തേക്ക് സഞ്ചരിച്ചു. എന്നാൽ കോടിമത ഭാഗത്തുനിന്നും സ്റ്റാന്റിലേക്ക് പോയ കെഎസ്ആർടിസി ബസിലേക്ക് സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു. വളവും കയറ്റവുമായതിനാൽ വണ്ടവേ തെറ്റിച്ച് സ്കൂട്ടർ മുന്നിലേക്കെത്തിയത് കെഎസ്ആർടിസി ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

അൽപ്പനേരത്തെ സമയലാഭത്തിനായി വൺവേ ഒഴിവാക്കി യാത്ര നടത്തുന്ന ഇരുചക്രവാഹന യാത്രക്കാരാണ് നഗരത്തിൽ ഇത്തരത്തിൽ അപകടപ്പെടുന്നതിലേറെയും. ഏതാനും വർഷങ്ങൾക്ക് മുമ്പ് രാത്രിയിൽ നഗരത്തിലെ തീയറ്ററിൽ സിനിമ കണ്ട് മടങ്ങിയ യുവാക്കൾ സഞ്ചരിച്ച ബൈക്ക് വൺവേ തെറ്റിച്ചെത്തി, മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് ചന്തക്കവലയിൽ അപകടം ഉണ്ടായിരുന്നു. ഈ അപകടത്തിൽ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. ഇതിന് ശേഷം നഗരത്തിൽ വൺവേ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തിയിരുന്നു.

പകൽ സമയങ്ങളിൽ വൺവേ സംവിധാനം പലരും പാലിക്കാറുണ്ടെങ്കിലും രാത്രിയിൽ ഗതാഗതം കുറയുന്നതോടെ ഇരുചക്രവാഹനക്കാർ പലരും ഇതിന് തയ്യാറാകാറില്ല. ചന്തക്കവലയിലെ അപകടത്തെ തുടർന്ന് 24 മണിക്കൂറും പട്രോളിംഗും വൺവേ സംവിധാനവും ഏർപ്പെടുത്തിയിരുന്നു.

എന്നാൽ പിന്നീട് പൊലീസും നിയന്ത്രണങ്ങളിൽ നിന്നും അയഞ്ഞു തുടങ്ങി. കോവിഡ് എത്തിയതോടെ പ്രത്യേകിച്ചും. കോവിഡ് കാലയളവിൽ സഞ്ചാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പകലും രാത്രിയിലും നഗരത്തിലേക്കെത്തുന്ന വാഹനങ്ങളുടെ എണ്ണം തീരെ കുറഞ്ഞിരുന്നു. പിന്നീട് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയിട്ടും രാത്രികാല നിയന്ത്രണങ്ങൾ തുടർന്നിരുന്നതിനാൽ ഈ സമയത്തും വൺവേ സംവിധാനത്തിൽ പൊലീസിന്റെ അയഞ്ഞ നിലപാട് തുടർന്നു. പിന്നീട് വാഹനങ്ങൾ ഏറെ എത്തിത്തുടങ്ങിയ കാലത്തും നിയന്ത്രണങ്ങൾ കടുപ്പിക്കാൻ അധികൃതർ തയ്യാറാകാത്തതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കിയില്ലെങ്കിൽ ഇനിയും നഗരത്തിൽ അപകടസാധ്യതയേറുമെന്ന് വ്യാപാരികളും പ്രദേശവാസികളും ചൂണ്ടിക്കാട്ടുന്നു.

സന്ധ്യകഴിഞ്ഞാൽ നഗരത്തിലെ റോഡുകളിൽ തോന്നുംപടിയാണ് വാഹനങ്ങളുടെ സഞ്ചാരം. ഇടവഴികളിൽ നിന്നും പ്രധാനവഴികളിലേക്ക് എത്തുന്ന ഇരുചക്ര വാഹനയാത്രക്കാർ പലപ്പോഴും മറ്റ് വാഹനങ്ങളെ ഗൗനിക്കാറില്ല. പ്രധാന റോഡുകളിൽ പൊതുവേ ഇത്തിരി വേഗത്തിലെത്തുന്ന മറ്റ് വാഹനങ്ങൾ പൊടുന്നനേ ബ്രേക്കിടുന്നതിനാൽ പലപ്പോഴും അപകടം ഒഴിവാകുകയായണ് പതിവ്.

എം സി റോഡിൽ പള്ളിപ്പുറത്ത് കാവ് ഭാഗത്തേക്കെത്താൻ പുളിമൂട് ജംഗ്ഷനിൽ നിന്നും പലപ്പോഴും വണ്ടവേ തെറ്റിച്ച് വാഹനങ്ങൾ രാത്രി കാലങ്ങളിൽ എത്താറുണ്ട്. ടി ബി റോഡിൽ നിന്നും ചുങ്കം, ചാലുകുന്ന് ഭാഗത്തേക്കെത്തേണ്ടവർ സ്റ്റാൻ ജംഗ്ഷനിലെത്തി തിരിഞ്ഞുപോവുകയാണ് വേണ്ടത്. എന്നാൽ, പലപ്പോഴും സമയലാഭത്തിനായി പലരും വണ്ടവേ തെറ്റിച്ച് പുളിമൂട് ജംഗ്ഷനിലെത്തി പോവാൻ ശ്രമിക്കും. കെ കെ റോഡിലെയും അവസ്ഥ വ്യത്യസ്തമല്ല. നഗരത്തിൽ നിന്നും മനോരമ ഭാഗത്തേക്കെത്തേണ്ടവർ ശാസ്ത്രി റോഡ് ഒഴിവാക്കി എം സി റോഡിൽ നിന്നും നേരെ കെ കെ റോഡിലേക്ക് കയറും. ജില്ലാ ആശുപത്രി വരെയുള്ള ഭാഗം വണ്ടവേ ആണെങ്കിലും രാത്രി കാലങ്ങളിൽ ഇതാരും ശ്രദ്ധിക്കാറില്ല.

ഇരുചക്രവാഹനക്കാർ മാത്രമല്ല, പലപ്പോഴും വലിയ വാഹനങ്ങളും ഇത്തരം ഗതാഗത ലംഘനത്തിന് മുതിരാറുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു. രാത്രികാലങ്ങളിൽ പൊതുവേ വാഹനം കുറവാണെന്നത് കണക്കാക്കി വണ്ടവേ തെറ്റിക്കുന്നതും വേഗതയുമാണ് പല അപകടങ്ങൾക്കും പിന്നിലെന്നും പൊലീസ് പറയുന്നു. എന്തായാലും കഴിഞ്ഞ ദിവസത്തെ അപകടത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ വൺവേ സംവിധാനം കാര്യക്ഷമമാക്കാനൊരുങ്ങുകയാണ് അധികൃതർ.

Eng­lish sum­ma­ry; covid 19 run­way project

You may also like this video;