ഡോ. ജോർജ് എം കാക്കനാട്ട്

ഹ്യൂസ്റ്റൺ

March 30, 2020, 6:35 pm

കോവിഡ് 19: നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ നീട്ടി, ന്യൂയോർക്കും ന്യൂജേഴ്സിയും വിറയ്ക്കുന്നു

Janayugom Online

കോവിഡ് 19 അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ ദേശീയ അടച്ചുപൂട്ടൽ ഒരു മാസത്തേക്ക് കൂടി നീട്ടുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊറോണ വൈറസിന്റെ ഏറ്റവും മോശം അവസ്ഥ ഇനിയും വരാനിരിക്കുന്നതേയുള്ളുവെന്ന പൊതുജനാരോഗ്യ വിദഗ്ധരുടെ ശാസ്ത്രീയ മുന്നറിയിപ്പ് കണക്കിലെടുത്താണ് തീരുമാനം. രാജ്യത്ത് യാത്രാ നിയന്ത്രണങ്ങൾ നിലവിൽ ഇല്ലെങ്കിലും സാമൂഹ്യഅകലം പാലിക്കുന്നതിൽ ശ്രദ്ധിക്കണമെന്നു അറിയിപ്പില്‍ വ്യക്തമാക്കി. തിങ്കളാഴ്ച അവസാനിക്കാനിരുന്ന 15 ദിവസത്തെ സാമൂഹിക അകലം ഏപ്രിൽ 30 വരെയാണിപ്പോൾ നീട്ടിയിരിക്കുന്നത്. ജൂൺ ഒന്നിനകം കാര്യങ്ങൾ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.

വലിയ രീതിയിലുള്ള കൂട്ടം ഒത്തുചേരലുകൾക്കെതിരെ നടപടി സ്വീകരിക്കും. പ്രായമായവരെയും നിലവിൽ ആരോഗ്യപ്രശ്നങ്ങളുള്ളവരെയും വീട്ടിൽ തുടരാൻ പ്രേരിപ്പിക്കും. സാധ്യമായവർ വീട്ടിൽ ജോലിചെയ്യാനും റെസ്റ്റോറന്റുകൾ, ബാറുകൾ, അനിവാര്യമല്ലാത്ത യാത്രകൾ, ഷോപ്പിംഗ് യാത്രകൾ എന്നിവ ഒഴിവാക്കാനും ജനങ്ങളോട് അഭ്യർത്ഥിച്ചു.

അതേസമയം, ന്യൂയോർക്ക് സിറ്റിയിൽ മരണനിരക്കും രോഗികളുടെ എണ്ണത്തിലും വലിയ വർദ്ധനയാണ്. കൊറോണയെക്കുറിച്ച് ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ എം ക്യൂമോ ഞായറാഴ്ച പറഞ്ഞത്, 237 പേർ ഒരു ദിവസം മരിച്ചുവെന്നാണ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഒരു ദിവസത്തെ ഏറ്റവും വലിയ മരണസംഖ്യയാണിത്. ന്യൂയോർക്ക് നേരിടുന്ന പ്രതിസന്ധി കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രികളിൽ ആവശ്യത്തിന് വെന്റിലേറ്ററുകൾ ഇല്ലെന്നതും വലിയ പ്രതിസന്ധിയാണ്. താത്ക്കാലിക ആശുപത്രിയിലേക്ക് കൂട്ടത്തോടെ വെന്റിലേറ്ററുകൾ എത്തിക്കാൻ പദ്ധതിയുണ്ടെങ്കിലും ഡോക്ടർമാരുടെയും റെസ്പിറ്റോറി തെറാപ്പിസ്റ്റുകളുടെയും കടുത്ത അഭാവം പ്രശ്നമാകുന്നുണ്ട്. ന്യൂയോർക്ക്, ന്യൂജേഴ്സി സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ നിരക്കിൽ വലിയ വർദ്ധനവുള്ളത്. പലയിടത്തും ആവശ്യത്തിനു ജീവനക്കാരില്ല. ഉള്ളവർ തന്നെ അമിതജോലിഭാരത്തിൽ വലയുന്നുവെന്ന റിപ്പോർട്ടുമുണ്ട്.

ന്യൂയോർക്ക് സിറ്റിയിൽ ആവശ്യത്തിനു മാസ്ക്കുകളില്ലെന്നും പല സ്ഥലങ്ങളിലും വലിയ വില ഈടാക്കുന്നുവെന്നും പരാതികളും ഉയർന്നിട്ടുണ്ട്. കോവിഡ് 19 സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഒരു ദിവസം 7,200 ആയി ഉയർന്നു. ഞായറാഴ്ച വരെ 59,513 കേസുകളാണ് സ്ഥിരീകരിച്ചത്. നഗരങ്ങളിൽ നിന്നും സംസ്ഥാനത്തു നിന്നുമുള്ള ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പകുതിയിലധികം കേസുകൾ 33,768 എണ്ണം ന്യൂയോർക്ക് നഗരത്തിലാണ്. നിലവിൽ 8,500 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ശനിയാഴ്ച, ഞായറാഴ്ച ദിവസങ്ങളിലെ വർധന 16 ശതമാനമാണ്. അതിൽ 2,037 പേർ വെന്റിലേറ്ററുകളുള്ള തീവ്രപരിചരണ വിഭാഗത്തിലാണ്. ന്യൂജേഴ്സിയിൽ ഗവർണ്ണർ ഫിലിപ്പ് ഡി മർഫി ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 21 കൊറോണ വൈറസ് മരണങ്ങൾ രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്തൊട്ടാകെയുള്ള മരണനിരക്ക് 161 ആയി ഉയർന്നു. രോഗ ബാധിതരുടെ എണ്ണം 13,386 ആയി.

കൊറോണ വൈറസ് ബാധിച്ച് 200,000 ത്തോളം അമേരിക്കക്കാർ മരിച്ചേക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എപിഡെമിക്സ് ഡിസീസ് ഡയറക്ടറും രാജ്യത്തെ പ്രമുഖ പകർച്ചവ്യാധി വിദഗ്ധനുമായ ഡോ. ആന്റണി എസ് ഫൗസിയും മുന്നറിയിപ്പ് നൽകി. സാഹചര്യങ്ങൾ വളരെ മോശമാണ്. ശാസ്ത്രീയ വിശകലനങ്ങൾ പ്രകാരം അമേരിക്കയിൽ കൊറോണ ആരംഭിച്ചിട്ടേയുള്ളു. ഇക്കാര്യം ട്രംപിനെ ബോധ്യപ്പെടുത്തിയെന്നും ഏപ്രിൽ അവസാനം വരെയെങ്കിലും സാമൂഹിക വിദൂര മാർഗ്ഗനിർദ്ദേശങ്ങൾ വ്യാപിപ്പിക്കണമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കയിലെ ആദ്യത്തെ കൊറോണ വൈറസ് കേസിന്റെ ആസ്ഥാനമായ സിയാറ്റിൽ പ്രദേശത്ത് കർശന നിയന്ത്രണങ്ങളാണ് നിലവിലുള്ളത്.

YOU MAY ALSO LIKE THIS VIDEO