സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കണ്ണൂരിൽ മൂന്നും കാസർകോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു പേർ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം വന്നിരിക്കുന്നത്. നാല് പേർ രോഗ മുക്തി നേടിയിരിക്കുന്നു.കാസർഗോഡ് രണ്ടു പേർക്കും, കണ്ണൂരിൽ രണ്ടു പേർക്കുമാണ് രോഗം ഭേദമായത്.സംസ്ഥാനത്ത് ഇത് വരെ 485 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 123 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കാസർഗോഡ്,175. കാസർഗോഡ് ജനറൽ ആശുപത്രിയിൽ 89 പേരെ ചികിൽസിച്ച് ഭേദമാക്കി. ഇവിടുത്ത അവസാനത്തെ രോഗിയെയും ഇന്ന് വിട്ടയച്ചു. 200 പേരടങ്ങിയ അവിടുത്തെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കാര്യമാണ് ഒന്നുകൂടി കൂടുതൽ ഗൗരവത്തോടെ പരിശോധിക്കും. ലോക് ഡൗൺ പൂർണ്ണമായി വിലയിരുത്തി മെയ് മൂന്നോടെ പുതിയ തീരുമാനത്തിലേക്ക് പോകുമെന്നും എല്ലാ മേഖലകളെ കുറിച്ചും വിശദമായി വിലയിരുത്തി നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൃഷി, വ്യവസായം, ഐ ടി , ടൂറിസം തുടങ്ങിയ മേഖലകളിലുണ്ടായ തിരിച്ചടികൾ മറികടക്കാൻ പെട്ടെന്നാവില്ലെന്ന് മുഖ്യമന്ത്രി. അതാത് മേഖലയിലെ വിദഗ്‌ധരുമായി ചർച്ച ചെയ്ത വിശദമായ പദ്ധതി തയ്യാറാക്കണം. നാട് പുറകോട്ട് പോകാതിരിക്കാനുള്ള പദ്ധതികൾ രൂപപ്പെടുത്തും. വകുപ്പ് സെക്രട്ടറിമാർക്ക് ഇതിന്റെ ചുമതല നൽകും.
പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കും. ഇത് ദൈനം ദിന ജീവിതത്തിന്റെ ഭാഗമാക്കണം. സ്കൂളുകളിലും, യാത്രകളിലും, ആൾക്കാർ കൂടുന്ന ഇടങ്ങളിലും മാസ്ക് നിർബന്ധമായും ധരിപ്പിക്കണമെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെ അതിർത്തിയിൽ പരിശോധിക്കും. എല്ലാ വകുപ്പുകളും യോജിച്ചാണ് ഈ പ്രവർത്തനം നടത്തുക. ഇക്കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളുമായും ഏകോപനം നടത്തും. പ്രിൻസിപ്പൽ സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്കാണ് ഏകോപന ചുമതല. നിരീക്ഷണത്തിന് കൂടുതൽ നിബന്ധന ഏർപ്പെടുത്തും.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാലിന്യ സംസ്കരണത്തിൽ കൂടുതൽ ഇടപെടൽ വേണം. ചിലയിടത്ത് മാലിന്യം കുമിഞ്ഞുകിടക്കുന്നുണ്ട്. അവ നിർമാർജ്ജനം ചെയ്യണം. നിർദേശങ്ങൾ നേരത്തെ തന്നെ നൽകിയിട്ടുണ്ട്. ശുചീകരണ രംഗത്ത് ഏർപ്പെട്ട ജീവനക്കാരെ മാത്രം ഉപയോഗിച്ച് ഇവ നിർവഹിക്കാൻ സാധിക്കിലെങ്കിൽ അതിഥി തൊഴിലാളികളെ ഉപയോഗിക്കാൻ നിർദേശിച്ചിരുന്നു. അവർക്ക് തൊഴിൽ ഇല്ലാത്ത ഘട്ടത്തിൽ ഈ രീതിയിൽ തൊഴിൽ ലഭിക്കുന്നത് സഹായകരമാകും.റബ്ബർ കർഷകർക്ക് റെയിൻ ഗാർഡിങ് സാമഗ്രഹികൾ കിട്ടാത്തത് പരാതിയായിരുന്നു. ഇതിനാവശ്യമായ എല്ലാ സാമഗ്രഹികളും ലഭ്യമാക്കാൻ നിർദേശം നൽകി.
റോഡുകളിലും കമ്പോളങ്ങളിലും രണ്ട് ദിവസമായി നല്ല തിരക്കുണ്ട്. തിരുവനന്തപുരത്ത് ആൾകൂട്ടം ഉണ്ടാകുന്നു. പൊലീസും ജില്ലാ ഭരണ സംവിധാനങ്ങളും ശക്തമായി ഇക്കാര്യത്തിൽ ഇടപെടണം. മഴ ആരംഭിച്ചതോടെ പനിയും മറ്റും വരുന്നുണ്ട്. ആശുപത്രികളിൽ രോഗികളുടെ വരവ് കൂടി. മെഡിക്കൽ കോളേജുകളിൽ ഒപികളിൽ തിരക്ക് വർധിച്ചു. നാം കാണേണ്ടത് ആശുപത്രികളാണ് രോഗവ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള സ്ഥലങ്ങൾ. അതുൾക്കൊണ്ട് ശാരീരിക അകലവും സുരക്ഷാ ക്രമീകരണങ്ങളും പാലിക്കാൻ പ്രത്യേകം ഇടപെടണം. ആരോഗ്യവകുപ്പ് ഇത് ശ്രദ്ധിക്കും. സ്വകാര്യ ആശുപത്രികളിലും അശ്രദ്ധ ഉണ്ടാകരുത്.
പ്രവാസികൾ വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുമ്പോൾ അവരെ സ്വീകരിക്കാൻ സംസ്ഥാനം സജ്ജമാണ്. പ്രവാസികൾ തിരികെ വരുമ്പോൾ ഏർപ്പെടുത്തേണ്ട സജ്ജീകരണങ്ങൾക്ക് സെക്രട്ടറി തല സമിതി രൂപീകരിച്ചു. ഇതിന്റെ യോഗം ഇന്ന് നടന്നു. വിശദമായ ചർച്ച നടന്നു. പ്രാഥമിക കണക്കനുസരിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിലേക്കാണ് കൂടുതൽ പേരെത്തുക. ഓരോ വിമാനത്തിലും വരുന്നവരുടെ വിവരം വിമാനം പുറപ്പെടും മുൻപ് തന്നെ ലഭ്യമാക്കണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ വ്യാപക പരിശോധന ഇവിടെ അവസാനിക്കുന്നില്ല. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് 300 വീതം സാമ്പിളുകൾ എടുക്കും.
ENGLISH SUMMARY: covid 19 updates
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.