കോവിഡിന് ശേഷമുള്ള സാധ്യതകളിൽ ഇന്ത്യയ്ക്ക് കൂടുതൽ നേട്ടമെന്ന് ഡോ ദീപക് വോറ

Web Desk

കൊച്ചി

Posted on April 30, 2020, 3:26 pm

കോവിഡാനന്തര കാലത്ത് ലോകത്തിന് മാറ്റങ്ങൾ സംഭവിക്കുമ്പോൾ ഇന്ത്യയ്ക്ക് കൂടുതൽ നേട്ടങ്ങൾ കൊയ്യാനാകുമെന്ന് അംബാസഡർ ഡോ ദീപക് വോറ പറഞ്ഞു. കേരള മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച ലീഡർ ടോക്സ് പരിപാടിയിൽ ‘ചൈനീസ് വൈറസ് കൈകാര്യം ചെയ്ത് ഇന്ത്യ: ആത്മവിശ്വാസത്തിന്റെ ശക്തി’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൂം കോൺഫറൻസ് ആപ് വഴി നടത്തിയ ലീഡർ ടോക്സിന് കേരള മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ജിബു പോൾ, സീനിയർ വൈസ് പ്രസിഡന്റ് ആർ മാധവ് ചന്ദ്രൻ, പ്രോഗ്രാം ചെയർ എസ് രാജ്മോഹൻ നായർ, ജോയിന്റ് സെക്രട്ടറി ജോൺസൺ മാത്യു എന്നിവർ നേതൃത്വം നല്കി.

കൊറോണ ബാധയിൽ നിന്ന് ലോകം മുക്തമാകുന്നതോടെ നിരവധി മേഖലകൾ തകരുകയോ താഴേക്ക് പോവുകയോ ചെയ്യും. മറ്റു ചിലതാകട്ടെ ഉയർന്നു വരികയും ചെയ്യുമെന്നും ഡോ. ദീപക് വോറ വിശദീകരിച്ചു. ടൂറിസം മേഖലയ്ക്ക് വലിയ ക്ഷീണം സംഭവിക്കുമെങ്കിലും സാവകാശത്തിലെങ്കിലും അത് തിരികെയെത്തും. എന്നാൽ ആഗോളവത്ക്കരണം, അന്താരാഷ്ട്ര വ്യാപാരം, വിതരണ ശൃംഖലകൾ, മാംസ വ്യവസായം, എണ്ണ- വാതക മേഖല, അന്ധവിശ്വാസം, ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്ര സഭ, പാശ്ചാത്യ മേൽക്കോയ്മ, ചൈന, പണം കൊടുത്തുള്ള വാങ്ങൽ വിൽക്കലുകൾ, ബഹുരാഷ്ട്ര കുത്തകകൾ തുടങ്ങി പലതും തകരുകയോ തകർച്ചയെ നേരിടുകയോ ചെയ്യും. അതിന് പകരമായി പുതിയ മേഖലകൾക്കുള്ള സാധ്യതകളാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

ഉത്പാദന മേഖല, ദേശീയത, രോഗപ്രതിരോധ സംവിധാനം, സ്വാശ്രയത്വം, തോട്ടംമേഖല, പുനരുപയോഗ ഊർജ്ജം, ശാസ്ത്രം, മേഖലാതല ഗ്രൂപ്പുകൾ, പുതിയ ലോകക്രമം, ഇന്ത്യ, ഓൺലൈൻ സാമ്പത്തിക രംഗം, ഡിജിറ്റൽ കൈമാറ്റം, ചെറുകിട മധ്യ സംരംഭങ്ങൾ തുടങ്ങിയവയ്ക്കാണ് സാധ്യതകൾ വർധിക്കുന്നതെന്നും ഡോ. ദീപക് വോറ ചൂണ്ടിക്കാട്ടി.

പാശ്ചാത്യ ധനിക രാജ്യങ്ങൾ മുഴുവൻ കൊറോണ ബാധയെ തുടർന്ന് ലോകത്തോട് സഹായം അഭ്യർഥിച്ചപ്പോൾ ഇന്ത്യയ്ക്ക് ആരോടും സഹായം ചോദിക്കേണ്ടി വന്നില്ല. മാത്രമല്ല അറുപതിലേറെ രാജ്യങ്ങൾ ഇന്ത്യയോട് സഹായം ചോദിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകത്തിൽ ഏറ്റവും കൂടുതൽ യുവാക്കളുള്ള രാജ്യമെന്നതും മൂന്നാമത് വലിയ സാമ്പത്തിക ശക്തിയെന്നതുമൊക്കെ ഇതോടൊപ്പം ഇന്ത്യയ്ക്ക് ഗുണകരമായി മാറി. 1995ന് ശേഷം ജനിച്ചവരിലാണ് ഇന്ത്യയുടെ പുതിയ പ്രതീക്ഷകളെന്നും അദ്ദേഹം പറഞ്ഞു. കാർഷിക രംഗത്തും വിദേശനാണ്യത്തിലും ദുരന്തനിവാരണത്തിലും ശ്രദ്ധിച്ച രാജ്യമിപ്പോൾ ഊർജ്ജ സ്വാതന്ത്ര്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മാത്രമല്ല ഇന്ത്യക്കാർ കൂടുതൽ ശുഭാപ്തി വിശ്വാസികളും പോസിറ്റീവായി ചിന്തിക്കുന്നവരുമാണെന്നതും ഗുണകരമായി ഭവിക്കുമെന്നും ഡോ. ദീപക് വോറ പറഞ്ഞു.

വികസനത്തിന്റെ പാതയിലുള്ള ഇന്ത്യയിൽ ഓരോ സെക്കന്റിലും പുതിയ ടോയിലറ്റുകൾ നിർമിക്കുകയും ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ കുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ടുകളും എല്ലാവർക്കും മൊബൈൽ ഫോണുകളുമുള്ള രാജ്യത്തിന് വലിയ സാധ്യതകളാണ് മുന്നിൽ തുറന്നുകിട്ടുകയെന്നും അദ്ദേഹം പറഞ്ഞു. കേരളം മികച്ച രീതിയിലാണ് കൊറോണയെ കൈകാര്യം ചെയ്തതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ സെക്രട്ടറിയായിരുന്ന ഡോ. ദീപക് വോറ അർമേനിയ, ജോർജ്ജിയ, സുഡാൻ, സൗത്ത് സുഡാൻ, പോളണ്ട്, ലിത്വാനിയ എന്നിവിടങ്ങളിൽ ഇന്ത്യൻ അംബാസഡറായി പ്രവർത്തിച്ചിട്ടുണ്ട്. സൗത്താഫ്രിക്കക്ക് സമീപത്തെ ലെസോതോ, ദക്ഷിണ സുഡാൻ, പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനി-ബിസൗ എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരുടെ പ്രത്യേക ഉപദേശകനായി പ്രവർത്തിക്കുകയാണ് അദ്ദേഹമിപ്പോൾ