ചില കോവിഡാനന്തര ചിന്തകള്‍

മിനി ഗോപിനാഥ്
Posted on April 26, 2020, 7:30 am

 പ്രകാശ വേഗത്തിൽ മായകാഴ്ചകൾക്ക് പിന്നാലെ കുതിച്ചുപാഞ്ഞുകൊണ്ടിരുന്ന മനുഷ്യരെ കർശന നിയന്ത്രണങ്ങളോടെ അടച്ചുപൂട്ടിയിരിക്കാൻ നിര്‍ബന്ധിതരാക്കി മാറ്റിയ കൊടും ഭീകരനും അദൃശ്യനുമായ കൊറോണ വൈറസ്, കുഞ്ഞുണ്ണി മാഷിന്റെ

”എന്നും വായിക്കേണ്ട രണ്ട് പുസ്തകങ്ങളുണ്ട് അവനവനൊന്ന് ചുറ്റുമുള്ള പ്രകൃതി മറ്റൊന്ന്” എന്ന വരികളുടെ പ്രായോഗിക തലങ്ങളിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ട് പോയത്.

ക്വാറന്റൈൻ, ഐസൊലേഷൻ, ലോക്ക്ഡൗൺ ഇവക്കു മുന്നിൽ പകച്ചു നിന്നവർ പതിയെ പതിയെ കൊറോണ, മനുഷ്യവംശത്തിന് വിധിച്ച അവധിക്കാലമാണിതെന്ന് സ്വയം വിശ്വസിപ്പിച്ചു തുടങ്ങി. മാനസിക സമ്മർദ്ദങ്ങളും പിരിമുറുക്കങ്ങളും കുറയ്ക്കാനുള്ള പരിശ്രമത്തിന്റെ ഫലം ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ ഓരോരുത്തരുടെയും ജീവിതത്തിൽ പ്രതിഫലിച്ചു. സാമൂഹിക അകലം പാലിക്കാൻ തുടങ്ങിയപ്പോൾ കുടുംബ ബന്ധങ്ങളുടെ അടുപ്പം വർധിച്ചു. മാത്രമല്ല ഒരാകാശം, ഒരു ഭൂമി, ഒരു പ്രാണവായു മനുഷ്യന് എന്നും ഇതെല്ലാം പ്രപഞ്ചത്തിലെ സർവ്വജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്നുമുള്ള നേർക്കാഴ്ചകൾക്ക് അവസരം ലഭിക്കുകയും ചെയ്തു. ഓരോ വ്യക്തിയും അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യേണ്ടത് സ്വന്തം ജീവിതമാണ്. അതുകൊണ്ട് തന്നെ മുമ്പുണ്ടായിരുന്നതിനേക്കാൾ തൃപ്തികരമായ എന്തെല്ലാം മാറ്റങ്ങൾ നമ്മിൽ വരുത്താം എന്ന ചിന്ത ചെറിയ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് വളർത്തുകയും വികസിപ്പിച്ചെടുക്കുകയുമാണ് പലരും ചെയ്തത്. അവിചാരിതമായി വന്നു ഭവിച്ച ദിനങ്ങളെ ശപിച്ചു താൻ ഇന്നത് മാത്രമേ ചെയ്യൂ എന്ന വാശി ഉപേക്ഷിച്ചു പ്രപഞ്ചത്തിൽ ലീനമായുള്ള താളക്രമങ്ങളുടെ ഭാഗമാകാൻ ഓരോ മനുഷ്യജീവിക്കും സാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയായിരുന്നു ഈ ദിനങ്ങൾ. ഒന്നു ചിന്തിച്ചാൽ മനുഷ്യ മനസ്സിന്റെ ആശയരൂപീകരണ സാധ്യതകളിലും പ്രതിഫലിക്കുന്നത് പ്രകൃതിയുടെ സ്പന്ദനങ്ങളാണ്. ജീവശാസ്ത്ര പരമായും സത്യം, ദയ, സ്വാതന്ത്ര്യം മുതലായ മൂല്യങ്ങൾ അടിസ്ഥാനപരമായ ആശയങ്ങളാണ്. കരുണ, സ്നേഹം വിട്ടുവീഴ്ച തുടങ്ങിയവയിലൂടെ മാനുഷിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ സാധിക്കുമെന്ന് ഒരേ സമയം ലോകത്തെ മുഴുവൻ ജനങ്ങളും ഒരേ രീതിയിലുള്ള പ്രതികരണങ്ങളിലൂടെ തുറന്ന് പ്രഖ്യാപിച്ചു.

രാഷ്ട്രീയം, മതം, വർഗീയത, വംശീയത, വ്യവസായം, വാണിജ്യം മുതലായവയൊക്കെ ശാശ്വതസമാധാനത്തിന്റെ പ്രതീകങ്ങളല്ല എന്ന യാഥാർഥ്യം അനുഭവങ്ങളുടെ വെളിച്ചത്തിൽ തിരിച്ചറിയുകയും ചെയ്തു. മൂന്നാം ലോക മഹായുദ്ധമെന്ന് വിശേഷിപ്പിച്ച കൊറോണ ദിനങ്ങൾ സൃഷ്ടിച്ച വിപ്ലവം, മനുഷ്യരുൾപ്പെടെയുള്ള ജന്തു ജാലങ്ങളുടെ ചോരയുടെ നിറം ചുവപ്പാണെന്ന സോഷ്യലിസ്റ്റ് ചിന്താഗതിയുംമനുഷ്യരിൽ വളർത്തുകയും ചെയ്തു. താനും പ്രപഞ്ചവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും തന്നിൽ ഉറങ്ങിക്കിടന്നിരുന്ന സർഗ്ഗ ശേഷികളെ തിരിച്ചറിഞ്ഞു തന്നിലും അന്യരിലും പ്രപഞ്ചത്തിൽ തന്നെയും നല്ല മാറ്റങ്ങൾ വരുത്താൻ കഴിയും എന്ന് മനുഷ്യൻ പ്രവൃത്തിയിലൂടെ ലോക്ക്ഡൗൺ ദിനങ്ങളിൽ തെളിയിച്ചു. പ്രകൃതിപ്രതിഭാസങ്ങളെയൊന്നിനും ലോക്ക്ഡൗൺന് തളയ്ക്കാനാവില്ല. സമയത്തിനും ഏറ്റക്കുറച്ചിലുകൾ ഉണ്ടായില്ല. എന്നിട്ടും നമ്മുടെ സമയദൈർഘ്യം ഏറി. യാന്ത്രികമായി ചലിച്ചുകൊണ്ടിരുന്നപ്പോൾ മനസുടക്കാത്ത പല മേഖലയിലേക്കും ഓരോരുത്തരും ബോധപൂർവ്വം കടന്നു ചെന്നു. ഇതിനിടയിൽ അപ്രതീക്ഷിതമായി ഇങ്ങനെയും ചില കഴിവുകൾ തങ്ങളിലുണ്ടായിരുന്നു എന്ന് തിരിച്ചറിയുകെയും ചെയ്തു തുടങ്ങിയടുത്താണ് ലോക്ക്ഡൗണിന് ശേഷമുള്ള ജീവിതത്തിന്റെ അനന്തസാധ്യതകൾക്ക് നാം വഴിയൊരുക്കേണ്ടത്. ജാഗ്രതാ പാഠങ്ങൾ ഒന്നൊന്നായി പഠിച്ചുകൊണ്ടായിരുന്നു ലോക്ക് ഡൗൺ വിദ്യാരംഭത്തിന് തുടക്കമിട്ടത്. പരിഭ്രാന്തിയോടെ കൈകഴുകുമ്പോൾ ട്രോളുകൾ പലതും നമ്മെ ചിരിപ്പിക്കുകയും ചിലത് ചിന്തിപ്പിക്കുകയും ചെയ്തു. ലോകത്തിലെ ഒരേ ഒരു പുണ്യ തീർത്ഥം ഹാൻഡ് വാഷും സാനിറ്റൈസറും ആണെന്നും നമ്മെ തിരിച്ചറിയിപ്പിച്ച കാലം. ഇതിനിടയിൽ ഒരു സോപ്പിന്റെ പരസ്യം ഇങ്ങനെ കൊറോണക്കാലത്തു ഏതെങ്കിലും സോപ്പ് ഉപയോഗിച്ച് കൈകഴുകി അണുവിമുക്തമാക്കണം. ഈ ബ്രാൻഡും ഫലപ്രദമാണ്.

വിവേകത്തോടെ അവസരോചിതമായി ബോധവൽക്കരണവും അവർ നടത്തി. ദേഹശുദ്ധിയുടെ കാര്യത്തിൽ വാഴ്ത്തപ്പെടുന്നവരാണ് മലയാളികൾ. എന്നാൽ കൈകഴുകാതെ ആദ്യപന്തിയിൽ തന്നെ കല്യാണസദ്യ ഉണ്ണണം എന്ന വാശിയും വെപ്രാളവും.’ഞാൻ പ്രകാശൻ’ എന്ന ചലച്ചിത്രത്തിൽ തനിമയോടെ ചിത്രീകരിച്ചിട്ടുണ്ട്. ഇത് കണ്ട നാം ഇങ്ങനെ എത്ര ഉണ്ടിരിക്കുന്നു എന്നോർത്തൊന്ന് ചിരിച്ചു. പക്ഷേ ഈ അവസരത്തിൽ ജാള്യതയോടെ മാത്രമേ നമുക്കത് കാണാനാനാകൂ. സാരമില്ല, ‘അനുഭവം ഗുരു’ എന്നത് മറക്കാതിരിക്കുക, പ്രാവർത്തികമാക്കുക. ആക്രാന്തം കൊണ്ടൊന്നും യാതൊരു കാര്യവുമില്ലെന്ന് നമ്മൾ പഠിച്ചു കഴിഞ്ഞു. ഇനി മുതൽ ബുഫേ സിസ്റ്റത്തിൽ ക്യൂ പാലിക്കാൻ കാണിക്കുന്ന ക്ഷമയോടെ കൈകഴുകുവാനും നമ്മൾ നിൽക്കും. നമുക്ക് വേണ്ടി നമ്മളെ തടങ്കലിൽ വച്ച നാം സ്വതന്ത്രരാകുമ്പോൾ നല്ല മാറ്റങ്ങൾക്ക് സ്വയം എന്തിന് വിലങ്ങ് തടിയാകണം? ഈ തത്വം കൊറോണക്ക് ശേഷമുള്ള ലോകത്തിന് പ്രായോഗികമാക്കാൻ പ്രത്യേകിച്ചൊരു പരിശീലനത്തിന്റെയും ആവശ്യമില്ല. ലോക്ക് ഡൗൺ സമയത്തു ഏറ്റവും അത്യാവശ്യമായ ഘട്ടത്തിൽ നിരത്തിൽ ഇറങ്ങിയപ്പോൾ യാതൊരു ബഹളവും തിരക്കുമില്ലാത്ത വീഥികളും നിർഭയം വിഹരിക്കുന്ന പക്ഷി മൃഗാദികളും സ്വപ്നക്കാഴ്ചകൾ അല്ല എന്ന് നേരിട്ട് ബോധ്യമായി. പരിസരമലിനീകരണം തടയാൻ പെടാപ്പാട് പെട്ടിട്ടിട്ടും ഒന്നുമൊന്നും എങ്ങും ചെന്നെത്താതെ നമ്മുടെ തലയ്ക്കു മീതെ ചോദ്യചിഹ്നമായി നിൽക്കുകയായിരുന്നു. ദിനം തോറും പ്ലാസ്റ്റിക്കും മാലിന്യങ്ങളും കൊണ്ട് കൂമ്പാരമായിരുന്ന സ്ഥലങ്ങളും ലോക്ക്ഡൗണിൽ ആയിരിക്കുന്നു. സന്തോഷം തോന്നി. പക്ഷെ, ചുറ്റും നിൽക്കുന്ന തെരുവ് പട്ടികൾ ചെറിയ നൊമ്പരമായി. അത് നീണ്ട് നില്ക്കാൻ മനുഷ്യർ അനുവദിച്ചില്ല. അവക്കും ഭക്ഷണം എത്തിച്ചു. നിലനിൽപ്പിന്റെ പ്രശ്നത്തിൽ പ്രാഥമിക സ്ഥാനം സംതുലിതാവാസ്ഥക്ക് തന്നെയെന്ന് അറിഞ്ഞു പ്രവർത്തിച്ചു നമ്മൾ. പിതൃക്കൾക്ക് ബലിയൂട്ടുന്ന ദിവസം മാത്രം കാക്കളെ ഊട്ടാൻ വിളിച്ചു വരുത്തും അല്ലാത്തപ്പോൾ ആട്ടിയോടിക്കും. എന്നാൽ ലോക്ക്ഡൗൺ ദിനങ്ങളിൽ അടുക്കളവാതിൽക്കൽ വന്നിരുന്ന് കരയുമ്പോൾ ഭക്ഷണം വച്ച്കൊടുക്കാൻ നമുക്ക് സമയവും മനസ്സും ഉണ്ടാകുകയും അവർ തങ്ങളുടെ വർഗ്ഗക്കാരെ മുഴുവൻവിളിച്ചു വരുത്തി കോവിഡ് ഭയമൊന്നും ഇല്ലാതെ കൂട്ടത്തോടെ കൊത്തിപ്പെറുക്കി പറക്കുന്നത് നിരീക്ഷിക്കാനും എന്തൊക്കെയോ പാഠങ്ങളും നന്മകളും നമ്മളിലും അവ പകരുന്നതിന്റെ സുഖം അനുഭവിക്കാനും കഴിഞ്ഞു. ആദ്യമായി അടുക്കളയിൽ പ്രവേശിച്ച ചെമ്പോത്തു മറ്റൊരു അനുഭവമായി.

ചില നേരങ്ങളിൽ മാവിൻ ചില്ലകളിൽ സജീവമായി സംസ്ഥാന സമ്മേളനം നടത്തിയിരുന്ന അണ്ണാറക്കണ്ണന്മാർ സാമൂഹിക അകലം പാലിക്കുന്നുവെന്ന് തോന്നിയപ്പോൾ അറിയാതെ ചിരിച്ചുപോയി പല നിറങ്ങളിൽ പ്രത്യക്ഷപ്പെട്ട ഓന്തുകൾ. ഇതെല്ലാം വാസ്തവത്തിൽ അവാച്യമായ അനുഭൂതി തന്നെയാണ് പകർന്നത്. അതായത് മാറ്റുവിൻ ശീലങ്ങളേ …. ! എന്ന കൊറോണ പാഠം ഒട്ടും മടിയില്ലാതെ ഇരു കൈകളും നീട്ടി സ്വീകരിക്കാൻ നമ്മെപ്രാപ്തരാക്കി. ഇതിനിയും കൈമോശം വരാതിരിക്കാൻ നമ്മുക്ക് ശ്രദ്ധിക്കാം. ഇതിനിടയിൽ കുടുബസുഹൃത്തു ടെലിഫോണിലൂടെ, ”ഞാൻ പെട്ടുപോയെന്ന്” കരച്ചിലിന്റെ വക്കിലെത്തി പറയുന്നത് കേട്ടപ്പോൾ ഈശ്വരാ കോവിഡ് പിടിച്ചോ എന്ന് ഞാൻ ചിന്തിച്ചുപോയി. അവൾക്ക് സംഭവിച്ചതെന്താണെന്ന് കേട്ടുതുടങ്ങിയപ്പോൾ എനിക്ക് ചിരിയടക്കാനായില്ല മെട്രോ നഗരത്തിൽ ജനിച്ചു വളർന്നു ഫ്ലാറ്റിൽ ജീവിക്കുന്ന അവൾക്ക് നാട്ടിൻപുറത്തെ ഭർത്താവിന്റെ വീട്ടിൽ ഒരു ദിവസം തങ്ങാൻ തന്നെ വലിയ പ്രയാസമാണ്. രണ്ട് ദിവസം തറവാട്ടിൽ നില്ക്കാൻ കുടുംബത്തോടെയെത്തിയപ്പോഴാണ് തിരിയെപ്പോകാനാവാത്ത വിധം ലോക്ക്ഡൗണിലായത്. ഇടയ്ക്കിടെ വിളിച്ചു സങ്കടങ്ങൾ ഓരോന്നായി പറഞ്ഞു തുടങ്ങി. മക്കൾ മണ്ണിൽ കളിക്കുന്നു അവരെല്ലാം ഒന്നായി ഞാൻ ഇപ്പോൾ ഒറ്റയായി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഫോൺ സംഭാഷണം നിലച്ചു. വേറെ ഗതിയൊന്നും ഇല്ലാത്തതിനാൽ പരിഭവങ്ങൾ പറഞ്ഞിട്ടെന്തു കാര്യം എന്ന് വിചാരിച്ചു കാണും. വിഷുദിനത്തിൽ അവളുടെ വിവരണം കേട്ട് എനിക്കും അസൂയ തോന്നി: കണിവെക്കാനുള്ളതെല്ലാം വീട്ടിൽ ഉണ്ടായതാണെന്നു പറഞ്ഞപ്പോൾ ആ വാക്കുകളിൽ ഒത്തുചേരലിന്റെ ആഹ്ലാദങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളും എല്ലാം ഉൾക്കൊണ്ടിരുന്നു. ഓണമുണ്ണാൻ പോലും വീട്ടിൽ എത്താനാവാത്ത ഐടി ഉദ്യോഗസ്ഥർ ഇപ്പോൾ വീട്ടിലിരുന്ന് പണി ചെയ്യുന്നു. ആളും അനക്കവും ഇല്ലാതെ ഒറ്റപ്പെട്ടുപോയ അച്ഛനും അമ്മയ്ക്കും ഉത്സവപ്രതീതിയും. വൃദ്ധരായ മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും ജോലിക്കാരുടെ കൈകളിലേൽപ്പിച്ചു ഉദ്യോഗത്തിന് പോയവർ ഇപ്പോഴാണ് തങ്ങളുടെ ജീവീതം യഥാർത്ഥത്തിൽ ആസ്വദിച്ചത്. പ്രായാധിക്യത്താൽ ലോക്ക്ഡൗണിലും ഐസൊലേഷനിലും ആയിപ്പോയവരുടെ മാനസികാവസ്ഥയുടെ ആഴം ഒരു പരിധിവരെയെങ്കിലും പലർക്കും ഉൾക്കൊള്ളാനായി. സഹായിക്കാൻ ആരുമില്ലാതെ വന്നപ്പോൾ സ്വന്തം കൈകളും മനസ്സും എല്ലാ ദിക്കിലും ചെന്നെത്തുകയും പരിചരണങ്ങൾ സ്വയം ഏറ്റെടുക്കാനും പ്രാപ്തരായി. എല്ലാ നേരവും സോഷ്യൽ മീഡിയയിൽ മുഖം പൂഴ്ത്തിയിരുന്നവർ യാഥാർഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. ഈ അവസ്ഥകളൊക്ക ഇത്ര പെട്ടെന്ന് നമ്മളെ ബാധിക്കുമെന്ന് വിദൂരമായ സ്വപ്നത്തിലോ സങ്കൽപ്പത്തിലോ പോലും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട്തന്നെ നമ്മൾ യഥാർത്ഥത്തിൽ നമ്മളെയും നമ്മുടെ അവസ്ഥകളെയും കാര്യ കാരണ സഹിതം മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്തു.

സ്വയം മനസ്സിലാക്കാനും മറ്റുള്ളവരെ മനസ്സിലാക്കാനുമുള്ള മനസ് മനുഷ്യനുണ്ടാവുക എന്നതാണ് ഒരു വ്യക്തിയെ സംബന്ധിച്ചുള്ള ഏറ്റവും വലിയ നേട്ടം. കോവിഡിന് ശേഷമുള്ള ജീവിതത്തിൽ സാമിപ്യം പകരുന്ന കുളിർമ നഷ്ടപ്പെടുത്താതിരിക്കാൻ നമ്മളെ പ്രേരിതരാക്കും. ജീവിതസമ്മർദ്ദങ്ങൾ ശ്വാസം മുട്ടിച്ചാലും നമുക്കിതിന് തീർച്ചയായും കഴിയും. പാട്ട്, നൃത്തം, കവിതകൾ, കാർട്ടൂൺ, ചിത്രകല, കരകൗശല വസ്തു നിർമ്മാണം, ഓൺലൈൻ പഠിത്തം, പുസ്തക വായന. തുടങ്ങിയവയും. കൊറോണ ബോധവൽക്കരണവും ധാരാളം പേർ ചെയ്തു. മുടങ്ങികിടന്ന പരിശീലനങ്ങൾ പുനരാരംഭിച്ചു. ജിമ്മുകൾ അടച്ചു പൂട്ടിയിട്ടും വ്യായാമം മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു. മദ്യം മയക്കു മരുന്ന് ഇവയിൽ നിന്നൊക്കെ മോചിതരായ കുറേ മനുഷ്യർ ഉറക്കെ വിളിച്ചു പറയുന്നു, ജീവിതത്തിലാണ് യഥാര്‍ഥ ലഹരി. കോവിഡ് എന്ന പകർച്ച വ്യാധിക്കാലത്തു നമ്മൾ മനുഷ്യർ ഉപേക്ഷിച്ചത് അനാവശ്യമായ ചികിത്സകളും മരുന്നുകളുമായിരുന്നു. ചെറിയ ചെറിയ രോഗങ്ങൾക്ക് പോലും ഡോക്ടറെ സമീപിക്കുകയും സ്വയം ചികിൽസ നടത്തി അശാസ്ത്രിയമായി മരുന്നുകൾ കഴിക്കുകയും ചെയ്തിരുന്ന നമ്മൾ അവയിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി. യാഥാർത്ഥത്തിൽ നാം ഇതിലൂടെ തിരിച്ചു പിടിച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ പ്രതിരോധ ശക്തിയാണ്. ഏത് സാഹചര്യവും നാം അതിജീവിക്കും മനോധൈര്യമുണ്ടെങ്കിൽ.

കാലങ്ങൾക്കു മുമ്പ് പ്രകൃതിയും മനുഷ്യരും ഒന്നായിരുന്നു. എവിടെ വച്ചോ എങ്ങനെയോ എല്ലാം നമ്മൾ മറക്കുകയും പ്രകൃതിയെ ഒരുപാട് നൊമ്പരപ്പെടുത്തുകയും ചെയ്തു. ആ പാപത്തിൽ നിന്നും മുക്തരാകാൻ നമുക്ക് ലഭിച്ച അവസരമാണ് കോവിഡ് കാലം. വർഷത്തിൽ ഒരു ദിവസമെങ്കിലും ഭൂമിക്ക് സകലമലിനീകരണങ്ങളിൽ നിന്നും മോചനം കൊടുക്കാൻ സാധിക്കുമെന്ന് നമ്മള്‍ പഠിച്ചിരിക്കുന്നു. ചില തിരിച്ചറിവുകളുടെ കാലമാണ് കോവിഡ് നമുക്ക് നല്‍കിയത്. എപ്പൊഴൊക്കെയോ നമ്മള്‍ പഠിക്കാന്‍ മറന്നുപോയ, ജീവിതപാഠങ്ങളാണ് ഈ കാലം നമുക്ക് പകര്‍ന്നു നല്‍കിയത്. ്ക്ഷരാര്‍ഥത്തില്‍ ഒരു സര്‍വ്വകലാശാലയായിരുന്നു ഈ ലോക്ക്ഡൗണ്‍. കാലം കാത്തുവച്ച ഒരു കരുതല്‍ അതിലുണ്ടായിരുന്നു.