രക്ഷിതാക്കൾ അറിയാൻ, കോവിഡ്‌ ലോക്ക്ഡൗൺ കാലത്ത്‌ കുട്ടികൾക്ക്‌ ധൈര്യവും ആത്മവിശ്വാസവും ഇങ്ങനെ നൽകാം

Web Desk

ചെന്നൈ

Posted on May 12, 2020, 1:32 pm

പിനാകി ചക്രബർട്ടി

കോവിഡ്‌ — 19 നെയും ദുരിതങ്ങളെയും കുറിച്ച്‌ നിരന്തരം കേൾക്കുന്ന ഇപ്പോഴത്തെ സാഹചര്യം കുട്ടികൾക്ക്‌ അമിതമായ ഉത്കണ്ഠയും സങ്കടവും മാനസിക പ്രയാസവുമൊക്കെ ഉണ്ടാക്കിയേക്കാം. ഈ വിഷയത്തിൽ മാധ്യമങ്ങളിലൂടെ അറിയുന്നതും മുതിർന്നവർ പറയുന്നതും കുട്ടികൾക്ക്‌ പൂർണ്ണമായും മനസ്സിലാവണമെന്നില്ല എന്നതും അവരുടെ ആശങ്ക വർധിക്കാൻ കാരണമാകാം.
കൊറോണക്കാലത്ത്‌, പേരന്റിംഗിൽ ശ്രദ്ധിക്കേണ്ട സുപ്രധാനകാര്യങ്ങളെപ്പറ്റി യുനിസെഫ്‌ കേരള — തമിഴ്‌നാട്‌ ഓഫിസ്‌ സോഷ്യൽ പോളിസി ചീഫ്‌ ഡോ. പിനാകി ചക്രവർത്തി സംസാരിക്കുന്നു.

നിലവിലുള്ള സാഹചര്യങ്ങളെക്കുറിച്ച്‌ എങ്ങനെ കുട്ടികളോട്‌ സംസാരിച്ചു തുടങ്ങാം ?
സുരക്ഷിതമായ അന്തരീക്ഷത്തിൽ കുട്ടിക്ക്‌ നിങ്ങളോട്‌ തുറന്ന്‌ സംസാരിക്കാനാവുമെന്ന്‌ ഉറപ്പാക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. ചിത്രങ്ങളും കഥകളുമൊക്കെ ഇത്തരം സംഭാഷണം തുടങ്ങാൻ സഹായിക്കും. കൊറോണയെക്കുറിച്ചും നിലവിലുള്ള അവസ്ഥയെ പറ്റിയും കുട്ടിക്ക്‌ എത്രമാത്രം അറിയാമെന്ന്‌ ലളിതമായ ചോദ്യങ്ങളിലൂടെ മനസ്സിലാക്കി അതിന്റെ തുടർച്ചയായി സംസാരിച്ച്‌ തുടങ്ങാം. കൊറോണയെ പറ്റി മനസ്സിലാകാത്ത ചെറിയ കുട്ടികളാണെങ്കിൽ അവരോട്‌ ഇതേക്കുറിച്ച്‌ പറയാതിരിക്കുന്നതാണ്‌ നല്ലത്‌.

ഏതു രീതിയിലാവണം കുട്ടികളോട്‌ കൊറോണയെക്കുറിച്ച്‌ സംസാരിക്കേണ്ടത്‌ ?
ലോകത്ത്‌ നടക്കുന്ന കാര്യങ്ങളെപറ്റി സത്യസന്ധമായ വിവരങ്ങൾ അറിയാൻ കുട്ടികൾക്ക്‌ അവകാശമുണ്ട്‌. എന്നാൽ, അവരെ ഭയപ്പെടുത്താത്ത വിധത്തിൽ കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുക എന്നത്‌ മുതിർന്നവരുടെ കടമയാണ്‌. ഇതിനായി കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള ഭാഷ ഉപയോഗിക്കണം. കുട്ടിയുടെ ചോദ്യങ്ങൾക്ക്‌ കൃത്യമായ ഉത്തരങ്ങൾ അറിയില്ലെങ്കിൽ മറുപടിയായി ഊഹാപോഹങ്ങൾ പറയരുത്‌. ഉത്തരങ്ങൾ കുട്ടിയുമൊത്ത്‌ അന്വേഷിച്ച്‌ കണ്ടെത്താനുള്ള അവസരമായി കൂടി വേണം ഇതിനെ കാണാൻ.

കൊറോണയെക്കുറിച്ച്‌ കുട്ടിയുമായി നടത്തുന്ന ഇത്തരം സംഭാഷണങ്ങളിൽ എന്തൊക്കെ കാര്യങ്ങൾക്കാവണം മുൻഗണന?
കൊറോണയിൽ നിന്നും മറ്റ്‌ അസുഖങ്ങളിൽ നിന്നും സംരക്ഷണം നൽകുന്ന ആരോഗ്യകരമായ ശുചിത്വ ‑ശ്വസന ശീലങ്ങൾക്ക്‌ ഊന്നൽ നൽകി സംസാരിക്കുക. ഇടയ്ക്കിടെ സോപ്പുപയോഗിച്ച്‌ കൈ കഴുകാൻ കുട്ടികളെ പ്രേരിപ്പിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുവാൻ പരിശീലിപ്പിക്കുക. രോഗലക്ഷണങ്ങൾ ഉള്ളവരുമായി അടുത്ത്‌ ഇടപഴകുന്നത്‌ ആരോഗ്യകരമല്ലെന്നും പനിയോ ചുമയോ ശ്വസിക്കാൻ ബുദ്ധിമുട്ടോ അനുഭവപ്പെടുകയാണെങ്കിൽ ഒട്ടും താമസിക്കാതെ മാതാപിതാക്കളെ അറിയിക്കണമെന്നും അവരോട്‌ ആവശ്യപ്പെടുക. ഇനി, കുട്ടിയ്ക്ക്‌ രോഗബാധയുണ്ടായാൽ അവർ വീട്ടിലോ ആശുപത്രിയിലോ കഴിയുന്നതാണ്‌ അവർക്കും അവരുടെ പ്രിയപ്പെട്ടവർക്കും നല്ലതെന്ന്‌ മനസ്സിലാക്കിക്കൊടുക്കുക.

കോവിഡ്‌ റിപ്പോർട്ട്‌ ചെയ്തിട്ടുള്ള പ്രദേശങ്ങളിൽ കുട്ടികളോട്‌ എന്തൊക്കെ പറഞ്ഞുകൊടുക്കാം?
പ്രദേശത്ത്‌ രോഗബാധ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടെങ്കിലും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിനാൽ കുട്ടിയ്ക്ക്‌ അസുഖം ബാധിക്കാൻ സാധ്യത കുറവാണെന്ന്‌ പറഞ്ഞ്‌ ധൈര്യപ്പെടുത്താം. അസുഖം ബാധിക്കുന്ന എല്ലാവരുടേയും അവസ്ഥ ഗുരുതരമാകില്ലെന്നും കുട്ടിക്കും കുടുംബാംഗങ്ങൾക്കും അസുഖം വരാതെ നോക്കാൻ ഒരുപാടുപേർ പ്രവർത്തിക്കുന്നുണ്ടെന്നും പറയുക.

കുട്ടികൾക്ക്‌ കോവിഡ്‌ സംബന്ധിച്ച്‌ പേടിയും ആശങ്കയുമുണ്ടോ എന്ന്‌ എങ്ങനെ മനസ്സിലാക്കാനാവും ?
കുട്ടികൾക്ക്‌ ഇത്തരം ഉത്കണ്ഠയുണ്ടോയെന്ന്‌ സംസാരത്തിനിടെയുള്ള അവരുടെ ശരീരഭാഷ, ശ്വസിക്കുന്നതിലെ ആയാസം, സംസാര രീതി തുടങ്ങിയവയിലൂടെ മനസ്സിലാക്കാൻ ശ്രമിക്കുക. അവർ പറയുന്നത്‌ പൂർണ്ണമായും ശ്രദ്ധിക്കുന്നതിലൂടെ നിങ്ങൾ അവരെ കേൾക്കുന്നുണ്ടെന്ന്‌ ബോധ്യപ്പെടുത്തുക. ആശങ്കയോ പേടിയോ തോന്നിയാൽ എപ്പോൾ വേണമെങ്കിലും അത്‌ തങ്ങളോടോ അദ്ധ്യാപകരോടോ പങ്കുവെയ്ക്കാമെന്ന്‌ കുട്ടികളോട്‌ പറയുക. അവർക്ക്‌ പേടി പങ്കുവെയ്ക്കുമ്പോൾ നിങ്ങൾ കൂടെയുണ്ടെന്ന്‌ അവരെ ഓർമ്മിപ്പിക്കുക.

ലോക്ക്ഡൗൺ സമയത്ത്‌ കുട്ടികൾക്ക്‌ ആത്മവിശ്വാസവും ധൈര്യവും എങ്ങനെ പകരാനാകും?
കഴിയുമ്പോഴൊക്കെ അവരുടെ ഒപ്പം സമയം പങ്കിടുകയും കളിക്കുകയും ചെയ്യാം. സമയക്രമമനുസരിച്ച്‌ കുട്ടികൾ ദിനചര്യകൾ പരമാവധി പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുക. ആവശ്യമെങ്കിൽ, ഇപ്പോഴത്തെ മാറിയ സാഹചര്യങ്ങളിൽ ദിനചര്യകൾ പുതുതായി ക്രമപ്പെടുത്തുക. ലോക്ക്‌ ഡൗണും സാമൂഹിക അകലം പാലിക്കലും പ്രയാസകരവും വിരസവുമാണെങ്കിലും നിയമങ്ങൾ പാലിക്കുന്നത്‌ എല്ലാവരുടേയും സുരക്ഷയ്ക്ക്‌ വേണ്ടിയാണെന്ന്‌ കുട്ടികളെ മനസ്സിലാക്കിക്കൊടുക്കുക.

കുട്ടികൾ കൂടുതലായി ടിവിയും ഇന്റർനെറ്റും ഉപയോഗിക്കുന്ന ഈ സമയത്ത്‌ എന്തൊക്കെയാണ്‌ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത്‌ ?
ഇതു സംബന്ധിച്ച്‌ പൊതുവേ നിർദേശിക്കപ്പെട്ടിട്ടുള്ള എല്ലാ മുൻ സുരക്ഷാ മുൻകരുതലുകളും ഉറപ്പു വരുത്തുക. മാധ്യമങ്ങളിലും ഇന്റർനെറ്റിലുമൊക്കയായി കൊറോണ സംബന്ധിച്ച വിവരണങ്ങളും ദൃശ്യങ്ങളും ചിത്രങ്ങളും കുട്ടികൾ കാണുമ്പോൾ കുട്ടികൾക്ക്‌ അവർ അപകടത്തിലാണ്‌ എന്ന തോന്നലുണ്ടായേക്കാം. മാധ്യമങ്ങളിൽ കാണുന്നതും യഥാർത്ഥത്തിലുള്ള അവസ്ഥയും തമ്മിൽ വേർതിരിച്ചറിയാൻ അവർക്ക്‌ കഴിയാതെയും വന്നേക്കാം. കുട്ടികളോട്‌ സംസാരിച്ച്‌ ഇത്തരം അപകട ഭീതി മാറ്റിയെടുക്കുക. ഇന്റർനെറ്റിലുള്ള എല്ലാ വിവരങ്ങളും കൃത്യമല്ലെന്നും വിദഗ്ദരുടെ വാക്കുകളാണ്‌ വിശ്വസിക്കേണ്ടടതെന്നും പറയുക. യുനിസെഫ്‌, ലോകാരോഗ്യ സംഘടന തുടങ്ങിയവയുടെ വെബ്സൈറ്റുകൾ പോലുള്ള ആധികാരിക സ്രോതസുകളിൽ നിന്ന്‌ വിവരങ്ങൾ ശേഖരിക്കാൻ അവരെ പഠിപ്പിക്കുക.

ആരോഗ്യ ശുചിത്വ ശീലങ്ങളല്ലാതെ മറ്റ്‌ എന്തൊക്കെ കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ കൊറോണക്കാലം ഉപയോഗിക്കാം?
കൊറോണപോലെയുള്ള രോഗങ്ങൾ വരുന്നത്‌ ആളുകളുടെ നിറമോ ഭാഷയോ മതമോ പ്രദേശമോ അടിസ്ഥാനമാക്കിയല്ല എന്ന്‌ കുട്ടിയെ മനസ്സിലാക്കി കൊടുക്കുക. രോഗവ്യാപനത്തിന്റെ പേരിൽ ആരെയും ഒറ്റപ്പെടുത്തരുതെന്ന്‌ വ്യക്തമാക്കജശ. സ്നേഹത്തിന്റെയും ദയയുടെയും കരുതലിന്റെയും സഹകരണത്തിന്റെയും പ്രധാന്യം പ്രത്യേകമായി ഈ സമയത്ത്‌ കുട്ടികൾ തിരിച്ചറിയേണ്ടതുണ്ട്‌. ഈ രോഗകാലത്ത്‌, നമ്മെ സുരക്ഷിതരാക്കാൻ രാപകൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയ ഒട്ടനേകം മനുഷ്യരുടെ സേവനത്തിന്റെയും ത്യാഗത്തിന്റെയും മാതൃകകളും കുട്ടികൾ അറിയട്ടെ.

മാതാപിതാക്കളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട മറ്റ്‌ പ്രധാന കാര്യങ്ങൾ?
മാതാപിതാക്കളും രക്ഷിതാക്കളും സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടുന്നുണ്ടെങ്കിലേ അവർക്ക്‌ കുട്ടികളെ സഹായിക്കാൻ കഴിയൂ. അവരുടെ ശാന്തതയും സംയമനവും കുട്ടികളുടെ മാനസിക ആരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കും. കോറോണ സംബന്ധിച്ച്‌ മാതാപിതാക്കൾക്ക്‌ ഉത്കണ്ഠയോ മാനസിക സമ്മർദ്ദമോ തോന്നിയാൽ സുഹൃത്തുക്കളോടോ പരിചയക്കാരോടോ സംസാരിക്കുന്നതടക്കമുള്ള മാർഗങ്ങളിലൂടെ ‘റിലാക്സ്ഡ്‌’ ആവുക. അവനവനുവേണ്ടി കുറച്ചു സമയം കണ്ടെത്താൻ മാതാപിതാക്കളും രക്ഷിതാക്കളും മറക്കരുത്‌.

Eng­lish sum­ma­ry; COVID-19 and chil­dren, What par­ents should know

you may also like this video;