June 26, 2022 Sunday

Latest News

June 26, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

കോവിഡ്‌ രണ്ടാം തരഗം: വാക്സിനുകള്‍ നല്‍കാതെ കേന്ദ്രം

By Janayugom Webdesk
April 21, 2021

കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യം വിറങ്ങലിക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകാതെ കേന്ദ്രം. കേരളത്തിൽ വാക്സിൻ ക്ഷാമം രൂക്ഷമാണ്. പല കേന്ദ്രങ്ങളിലും സ്റ്റോക്ക് തീർന്നു. അവശേഷിക്കുന്നത് മൂന്നു ലക്ഷം ഡോസിൽ താഴെ മാത്രം. രാജ്യത്ത് കോവിഡ് വാക്സിന്റെ ക്ഷാമം അതീവ രൂക്ഷമാകും. പ്രതിദിനം ആവശ്യമുള്ള ഡോസുകളുടെ എണ്ണവും ഉൽപ്പാദനവും തമ്മിലുള്ള അന്തരമേറുന്നു. ദിവസം ശരാശരി 35 ലക്ഷം ഡോസ് കുത്തിവയ്ക്കുമ്പോൾ ഉൽപ്പാദിപ്പിക്കുന്നത് 23 ലക്ഷം ഡോസ് മാത്രം. കോവിഡ് രണ്ടാം വ്യാപനം തീവ്രമായ സാഹചര്യത്തിൽ വാക്സിൻ ക്ഷാമം വരുംദിവസങ്ങളിൽ കടുക്കും. 50 ലക്ഷം ഡോസ് വാക്സിൻ സംസ്ഥാനത്തിന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഒമ്പത് ദിവസംമുമ്പ് കേന്ദ്രത്തിന് കത്തയച്ചു. ഞായറാഴ്ചയാണ് അവസാനമായി മൂന്ന് ലക്ഷം ഡോസ് എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 5.30 വരെയുള്ള കണക്കുപ്രകാരം 2.9 ലക്ഷം ഡോസ് വാക്സിൻ മാത്രമാണ് ബാക്കി. ചൊവ്വാഴ്ച 1,80, 702 പേർക്ക് നൽകി. ആയിരത്തിലധികം വാക്സിൻ കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച ഇരുന്നൂറ് കേന്ദ്രം മാത്രമാണ് പ്രവർത്തിച്ചത്. തിരുവനന്തപുരത്തെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലടക്കം ചൊവ്വാഴ്ച വാക്സിൻ മുടങ്ങി. ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ വാക്സിൻ വിതരണമില്ലെന്ന നോട്ടീസും പതിച്ചു. സംസ്ഥാനത്തെ മറ്റ് മെഗാ ക്യാമ്പുകളിലും അവസ്ഥ ഇതുതന്നെ. കേന്ദ്ര സർക്കാർ കണക്കുകൂട്ടലില്ലാതെ വാക്സിൻ കയറ്റുമതി ചെയ്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. രാജ്യത്തെ പല സംസ്ഥാനങ്ങളിൽ പല കുത്തിവയ്പ് കേന്ദ്രങ്ങളും അടച്ചു. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡും ഭാരത് ബയോടെക്കിന്റെ കോവാക്സിനുമാണ് ഇന്ത്യയിൽ നൽകുന്നത്.

സിറം ഇൻസ്റ്റിറ്റ്യൂട്ട് ആറു കോടിയും ഭാരത് ബയോടെക് ഒരു കോടിയും ഡോസാണ് പ്രതിമാസം ഉൽപ്പാദിപ്പിക്കുന്നത്. ഉൽപ്പാദനം കുട്ടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അടിയന്തര പരിഹാരത്തിന് സാധ്യത കുറവാണ്. പ്രതിമാസ ഉൽപ്പാദനം മെയ് പകുതിയോടെ 10 കോടിയാക്കാൻ സിറവും രണ്ടര കോടിയാക്കാൻ ബയോടെക്കും ലക്ഷ്യമിടുന്നു. വാക്സിൻ വിതരണം ആസൂത്രണം ചെയ്യുന്നതിൽ കേന്ദ്രത്തിനുണ്ടായ വീഴ്ചയാണ് പ്രശ്നമായത്. രാജ്യത്ത് ഇതുവരെ ഒമ്പതര കോടി വാക്സിൻ കുത്തിവച്ചപ്പോൾ ആറര കോടി ഡോസ് കയറ്റുമതി ചെയ്തു. മറ്റ് വാക്സിൻ നിർമാതാക്കളെ പരിഗണിക്കുന്നതിലും പാളിച്ച സംഭവിച്ചു. . കേന്ദ്രസർക്കാർ കൂടുതൽ വാക്സിൻ അനുവദിക്കാത്ത പക്ഷം പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കും. മാർച്ച് 25നാണ് അവസാനമായി സംസ്ഥാനത്ത് വാക്സിൻ എത്തിയത്. സംസ്ഥാനങ്ങൾക്കാവശ്യമായ കോവിഡ് ‑19 വാക്സിൻ പൂർണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയിൽ കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണനയത്തിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പൊതു വിപണിയിലേക്ക് പ്രത്യേക ക്വാട്ട അനുവദിക്കുകയും അതിന് താങ്ങാവുന്ന വില നിശ്ചയിക്കുകയുമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനമനുസരിച്ച് രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന കോവിഡ് വാക്സിന്റെ അമ്പത് ശതമാനം കേന്ദ്രസർക്കാരിനുള്ളതാണ്. ബാക്കി അമ്പത് ശതമാനമാണ് സംസ്ഥാനങ്ങൾക്കും പൊതു വിപണിയിലേക്കുമായി മാറ്റി വെക്കുന്നത്. ആരോഗ്യപരിപാലനം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ബാധ്യതയാണ്. അത് നിറവേറ്റുന്നതിനു സംസ്ഥാനങ്ങൾക്ക് ആവശ്യമായ ക്വാട്ട ഉറപ്പാക്കുകയും മഹാമാരിയുടെ സാഹചര്യത്തിൽ അത് സൗജന്യമായി നൽകുകയും വേണം. 

സംസ്ഥാനങ്ങൾക്ക് മതിയായ വാക്സിൻ ഉറപ്പാക്കേണ്ടത് പൊതു താല്പര്യമാണ്ഏപ്രിൽ 19ന് പ്രഖ്യാപിച്ച നയമനുസരിച്ച് വാക്സിൻ നിർമാതാക്കൾ അമ്പത് ശതമാനം കേന്ദ്രസർക്കാരിന് നൽകണം. ബാക്കി 50 ശതമാനം സംസ്ഥാനങ്ങൾക്കും പൊതു വിപണിയിലുമായി വിതരണം ചെയ്യാൻ നിർമ്മാതാക്കൾക്ക് സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ്. നിർമാതാക്കളിൽ നിന്ന് വിലകൊടുത്തു വാങ്ങാനാണ് സംസ്ഥാനങ്ങളോട് പറഞ്ഞിട്ടുള്ളത്. കോവിഡ് മഹാമാരി കാരണം സംസ്ഥാനങ്ങൾ ഇപ്പോൾ തന്നെ വലിയ സാമ്പത്തിക ബാധ്യത നേരിടുകയാണ്. ഇന്നത്തെ സാഹചര്യത്തിൽ ജനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകുകയും വേണം. സാമ്പത്തികമാന്ദ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് അധികബാധ്യത വലിയ പ്രയാസം ഉണ്ടാക്കും. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് നീങ്ങേണ്ടതുണ്ട്. 18 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്സിൻ നൽകാനുള്ള തീരുമാനം പൊതു സമൂഹത്തിൽ ഏറെ പ്രയോജനം ചെയ്യും. പരമാവധി ജനങ്ങൾക്ക് വാക്സിൻ നൽകി സമൂഹ പ്രതിരോധം സൃഷ്ടിക്കുകയാണ് മഹാമാരിയെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ വഴി. ആവശ്യമായ വാക്സിൻ കിട്ടാത്തതുകൊണ്ട് കേരളം നേരിടുന്ന പ്രയാസം 50 ലക്ഷം ഡോസ് വാക്സിൻ അടിയന്തരമായി നൽകണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ 5.5 ലക്ഷം ഡോസ് വാക്സിൻ മാത്രമാണ് ലഭിച്ചത്. ഇതുകാരണം വാക്സിനേഷനുള്ള സ്പോട്ട് റജിസ്ട്രേഷൻ മുടങ്ങിയിരിക്കുകയാണ്. കേരളം ആവശ്യപ്പെട്ടതിൽ ബാക്കിയുള്ള വാക്സിൻ അടിയന്തരമായി ലഭ്യമാക്കണം. വാക്സിന്റെ കാര്യത്തിൽ പൊതുവിപണിയിലെ ബിസിനസുകാരോട് മത്സരിക്കാൻ സംസ്ഥാനങ്ങളെ തള്ളിവിടരുതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കേന്ദ്രസർക്കാർ ചാനൽ എന്നതിന് പകരം കേന്ദ്രവും സംസ്ഥാന സർക്കാരുകളും അടങ്ങുന്ന ഗവൺമെന്റ് ചാനലാണ് വേണ്ടതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
eng­lish summary;covid 19;center does­nt pro­duce suf­fi­cient vaccines
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.