കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ ആർഭാടമായ കല്യാണം അടക്കമുള്ള ചടങ്ങുകളിൽ നിന്ന് ജനം പിന്മാറുന്നു. കല്യാണം അടക്കമുള്ള ചടങ്ങുകൾ മാറ്റിവെക്കുമ്പോൾ പാചകം, അലങ്കാരം, ലൈറ്റ് ആന്റ് സൗണ്ട് അടക്കം ഏറ്റിട്ടുള്ളവരുടെ നെഞ്ചിൽ തീയാണ്. ചടങ്ങായി നടത്തുമ്പോൾ ഇവരുടെയെല്ലാം സേവനം നാമമാത്രമായിട്ടായിരിക്കും ഉപയോഗിക്കപ്പെടുക. സംഘടനകളുടെ സമ്മേളനം അടക്കം മാറ്റിവെയ്ക്കുമ്പോൾ ഈ മാസം ജോലി ഇല്ലാത്ത അവസ്ഥയാണെന്ന് ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനം നടത്തുന്ന ലാലൻ പറയുന്നു. സ്ഥിരമായി ചെയ്യുന്ന പള്ളിപെരുന്നാൾ അടക്കമുള്ള ജോലികൾക്ക് മുൻകൂർ തുകപോലും വാങ്ങാറില്ല. ഈ മേഖലയിൽ ജോലി ചെയ്യുന്നവരും തൊഴിൽരഹിതരായി. ഹോട്ടലുകളിൽ പതിവ് തിരക്ക് അനുഭവപ്പെടുന്നില്ല.
ദിവസവും ഭക്ഷണം കഴിക്കാൻ എത്തിയിരുന്നവരിൽ പലരും എത്തുന്നില്ലെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. എറണാകുളം കരയോഗത്തിന്റെ ടിഡിഎം ഹാളിൽ ഇന്ന് നടക്കാനിരുന്ന വിവാഹം അടുത്ത ബന്ധുക്കളെ മാത്രം സാക്ഷി നിർത്തി നടത്താൻ തീരുമാനിച്ചതായി കരയോഗം പ്രസിഡണ്ട് പി രാമചന്ദ്രൻ പറഞ്ഞു. ഈ മാസം 31 ന് നടത്താൻ നിശ്ചയിച്ച വിവാഹങ്ങളും ചടങ്ങിലേയ്ക്ക് ഒതുക്കാൻ തീരുമാനിച്ചതായി അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന ക്രിസ്ത്യൻ തീർഥാടന കേന്ദ്രമായ കലൂർ സെന്റ് ആന്റണീസ് പള്ളിയിലും കണ്ണമാലി പള്ളിയിലും നേർച്ച സദ്യ ഉൾപ്പെടെയുള്ള കർമ്മങ്ങളും ആഘോഷങ്ങളും മാറ്റിവെച്ചു. കടവന്ത്രയിലെ റീജിയണൽ സ്പോർ ട്സ് സെന്ററിൽ നടക്കുന്ന പരിശീലനങ്ങളും മത്സരങ്ങളും മാറ്റിയിട്ടുണ്ട്. ഈ മാസം 22 ന് എറണാകുളത്തു നടക്കാനിരുന്ന കേരള പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന കമ്മറ്റി യോഗവും മാറ്റിവെച്ചു. സ്തംഭനത്തിലായ കേരളത്തിലെ ടൂറിസം മേഖലയെ രക്ഷപ്പെടുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്ട്രി (ഫിക്കി) ആവശ്യപ്പെട്ടു.
കേന്ദ്ര ടൂറിസം മന്ത്രാലയം സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ സമഗ്രമായ ഒരു പാക്കേജ് തയ്യാറാക്കണമെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ടൂറിസം സബ് കമ്മിറ്റി കൺവീനർ യു സി റിയാസ് പറഞ്ഞു. ഗുരുതരമായ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കേരള ടൂറിസം കടന്നു പോകുന്നത്. ടൂറിസം മേഖലയിലെ ചെറുകിട ഇടത്തരം സംരംഭകരായ ട്രാവൽ ഏജന്റുമാർ, ടൂർ ഓപ്പറേറ്റർമാർ, ഹോട്ടലുടമകൾ തുടങ്ങിയവർ പ്രതിസന്ധിയെ നേരിടാൻ കഴിയാതെ വിഷമിക്കുന്നു. കോവിഡ് 19 വൈറസ് ബാധയുള്ള രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഇന്ത്യാ ഗവൺമെന്റ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതോടെ കേരളത്തിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ വരവ് നിലച്ചിരിക്കുകയാണ്. വിസ നിയന്ത്രണങ്ങൾ മൂലം രാജ്യത്തിന് പുറത്തേക്ക് പോകുന്നവരുടെ എണ്ണവും ഇടിഞ്ഞു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങൾ മൂലം ആഭ്യന്തര ടൂറിസവും വെല്ലുവിളി നേരിടുകയാണെന്നും റിയാസ് ചൂണ്ടിക്കാട്ടി.
English Summary: Covid affected job sector
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.