Web Desk

തിരുവനന്തപുരം

March 15, 2020, 10:56 pm

പരിശോധന കൂടുതൽ ഫലപ്രദമാക്കുമെന്ന് മുഖ്യമന്ത്രി

Janayugom Online

കോവിഡ് 19 രോഗ വ്യാപനം തടയാൻ പരിശോധന കൂടുതൽ ഫലപ്രദമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ കഴിയുന്ന വിദേശികളുടെ യാത്രാവിവരങ്ങളെപ്പറ്റി സ്ഥാപന നടത്തിപ്പുകാർ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. പരിശോധനയ്ക്ക് വിധേയരായിട്ടുള്ള വിദേശികൾക്ക് ഫലം നെഗറ്റീവായതിനു ശേഷം മാത്രമേ തുടർ യാത്രയ്ക്ക് അനുമതി നൽകാവൂ. കേരളത്തിലെത്തുന്ന വിദേശ പൗരൻമാരുടെ കൃത്യമായ വിവരം ജില്ലാ ഭരണകൂടങ്ങൾക്ക് സംസ്ഥാന പൊലീസ് ആസ്ഥാനത്തുനിന്നും ശേഖരിച്ചു നൽകേണ്ടതാണ്. തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ചില പ്രദേശങ്ങളിൽ ബസുകൾ ഓടുന്നില്ല എന്ന പരാതിയുണ്ട്.

അത് പരിഹരിക്കണം. കെഎസ്ആർടിസി, സ്വകാര്യ ബസ്സുകളുടെ സർവീസ് സാധാരണ നിലയിലാണെന്ന് മോട്ടോർ വാഹന വകുപ്പും പൊലീസും ഉറപ്പു വരുത്തണം. ഷോപ്പുകളും മാളുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കാനാവശ്യമായ നടപടികൾ എടുക്കണം. അടച്ചിടുന്ന സ്ഥിതിയുണ്ടാകരുത്. ജനങ്ങൾക്ക് സാധാരണ ജീവിതം നിലനിർത്തി പോകാനാവശ്യമായ എല്ലാ കാര്യങ്ങളും മുടക്കമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം ജാഗ്രതാ നിർദേശങ്ങൾ പാലിക്കാനും ശ്രദ്ധിക്കണം. അതിർത്തി കടന്നുവരുന്ന ട്രെയിനുകളിലെ പരിശോധന ശക്തമാക്കും. ദീർഘദൂര ട്രെയിനുകളിൽ വന്നിറങ്ങുന്ന യാത്രക്കാരെ എക്സിറ്റ് പോയിന്റായുള്ള റയിൽവെ സ്റ്റേഷനുകളിൽ പരിശോധന നടത്തുന്നതിന് സംവിധാനം ഒരുക്കും. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്കൊപ്പം കൂടുതൽ മെഡിക്കൽ, പാരാമെഡിക്കൽ വളണ്ടിയർമാരെ വിന്യസിക്കും. പുതിയ വളണ്ടിയർമാർക്ക് പരിശീലനം നൽകുകയും ചെയ്യും.

അടിയന്തര സാഹചര്യം മനസ്സിലാക്കി യാത്രക്കാർ പരിശോധനയ്ക്ക് സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. വിവിധ മതസ്ഥരുടെ ആരാധനായലങ്ങളുമായി ബന്ധപ്പെട്ടവരുടെ യോഗം കളക്ടർമാർ വിളിച്ചുചേർക്കണം. ജനങ്ങൾ കൂട്ടം ചേരുന്ന മതപരമായതുൾപ്പെടെയുള്ള ചടങ്ങുകളിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് പൊതു അഭ്യർത്ഥന നടത്തും. പരീക്ഷകൾ തീരുമാനിച്ചതുപോലെ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി കെ കെ ശൈലജ, ചീഫ് സെക്രട്ടറി ടോം ജോസ്, പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി എസ് സെന്തിൽ, എഡിജിപി ടി കെ വിനോദ്കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: Covid alert in kerala

You may also like this video