Web Desk

കൊച്ചി

March 31, 2020, 5:49 pm

മാതൃകയായി യുവജന ക്ഷേമ ബോര്‍ഡിന്റെ ആക്ഷന്‍ ഫോഴ്‌സ് വോളന്റിയര്‍മാര്‍

Janayugom Online

യുവജന ക്ഷേമ ബോര്‍ഡിന്റെ ആക്ഷന്‍ ഫോഴ്‌സ് വോളന്റിയര്‍മാരുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്‌ധേയമാകുന്നു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകളിലായി നൂറു കണക്കിന് വേളന്റിയര്‍മാരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ഹോം ഡെലിവറി വിഭാഗത്തില്‍ മെഡിക്കല്‍ എമര്‍ജന്‍സി, അവശ്യസാധനങ്ങള്‍ എത്തിക്കല്‍, ഭക്ഷണ വിതരണം, ഫയര്‍ഫോഴ്‌സില്‍ അണുനശീകരണം, കമ്മ്യൂണിറ്റി കിച്ചണ്‍, 24 മണിക്കൂര്‍ ഹെല്‍പ്പ്‌ലൈന്‍ തുടങ്ങി വിവിധ മേഖലകളിലാണ് ആക്ഷന്‍ ഫോഴ്‌സിലെ അംഗങ്ങള്‍ കര്‍മ്മനിരതരായിരിക്കുന്നത്.

വൈറ്റില, കാലടി, കോതമംഗലം, പെരുമ്പാവൂര്‍, കോലഞ്ചേരി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ വോളന്റിയര്‍മാര്‍ എത്തുന്നു. പ്രതിദിനം 50ലധികം കോളുകളാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വോളന്റിയര്‍മാരുടെ ഫോണിലേക്കെത്തുന്നത്. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ ഓര്‍ഡറുകള്‍ സ്വീകരിക്കും. വൈകിട്ട് 5 മണിവരെയാണ് ഹോം ഡെലിവറി സര്‍വീസ് നടത്തുക. തുടര്‍ന്ന് സേവനം മരുന്നുകള്‍ വാങ്ങേണ്ടവര്‍ക്കു മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം കൊണ്ട് 380 ലധികം പേരാണ് വോളന്റിയറാകാന്‍ സന്നദ്ധത  അറിയിച്ച് എത്തുന്നത്. ആരോഗ്യപരമായി അസുഖങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പുള്ളവരെയാണ് വോളന്റിയര്‍മാരായി തിരഞ്ഞെടുക്കുന്നത്.

വൈറ്റിലയില്‍ അടിയന്തിരമായി ആവശ്യപ്പെട്ടപ്രകാരം ഒരു ഗര്‍ഭിണിക്ക് മരുന്നുമായി വോളന്റിയര്‍മാരെത്തി. ഗര്‍ഭിണി ഉള്ള വീട്ടില്‍ നിന്നാര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. അതിനാലാണ് വോളന്റിയര്‍മാരുടെ സഹായം തേടിയത്. പെരുമ്പാവൂരില്‍ 30 ഓളം അതിഥി തൊഴിലാളികള്‍ പാര്‍ക്കുന്ന ക്യാമ്പില്‍ ഭക്ഷണം എത്തിച്ചു. പട്ടിമറ്റം, പെരുമ്പാവൂര്‍, കോതമംഗലം  എന്നിവിടങ്ങളില്‍ വോളന്റയര്‍മാരെ ഫയര്‍ഫോഴ്‌സ് ടീം ഉപയോഗിച്ചു. സിവില്‍ ഡിഫന്‍സ് പരിശീലനം നേടിയവരെയാണ് ഫയര്‍ഫോഴ്സ് ടീം ഉപയോഗപ്പെടുത്തുന്നത്.

സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ക്ക് ആവശ്യമായ സുരക്ഷയും ബോര്‍ഡ് ഉറപ്പാക്കുന്നുണ്ട്. മാസ്‌ക്, കാല്‍ മറയുടന്ന കവര്‍ ബൂട്ട്, രണ്ട് തരം ഗ്‌ളൗസ് എന്നിവയാണ് വോളന്റിയര്‍മാര്‍ക്ക് നല്‍കുന്നത്. സേവനം കഴിഞ്ഞ് മടങ്ങുന്നവര്‍ തങ്ങളുടെ വസ്ത്രം ഡെറ്റോളും സോപ്പും ഉപയോഗിച്ച് നന്നായി വൃത്തിയാക്കുന്നുവെന്നും ഉറപ്പക്കുന്നുണ്ട്.  നിലവില്‍ 12 പേരെയാണ് കമ്മ്യൂണിറ്റി കിച്ചണില്‍ നിയോഗിച്ചത്.കമ്മ്യൂണിറ്റി കിച്ചണില്‍ മാസ്‌ക്കും വിതരണത്തിന് എത്തുമ്പോള്‍ കൈയ്യുറയും ധരിക്കുന്നുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നതനുസരിച്ച് കൂടുതല്‍ വോളന്റിയര്‍മാരെ നല്‍കുമെന്ന് യുവജന ക്‌ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു പറഞ്ഞു. വോളന്റിയര്‍ ആകാന്‍ താത്പര്യമുള്ളവര്‍ http://www.kvyafekm.in  എന്ന അഡ്രസില്‍ ബന്ധപ്പെട്ടാല്‍ മതി.

Eng­lish Sum­ma­ry: covid alert — work by Action force volunteers

You may also like this video