25 April 2024, Thursday

Related news

December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023
April 10, 2023

കോവിഡും ഇന്‍ഫ്ലുവന്‍സയും: വീണ്ടും ജാഗ്രത

റെജി കുര്യന്‍
ന്യൂഡല്‍ഹി
March 22, 2023 11:39 pm

രാജ്യത്തെ കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. കോവിഡും ഇന്‍ഫ്ലുവന്‍സയും ഉയര്‍ത്തിയിരിക്കുന്ന വെല്ലുവിളി നേരിടാന്‍ നടത്തുന്ന മുന്‍ കരുതലുകളും ആരോഗ്യ മേഖലയിലെ തയ്യാറെടുപ്പുകളുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തില്‍ യോഗം അവലോകനം ചെയ്തത്.
കരുതലും ജാഗ്രതയും ശക്തമാക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ഗുരുതരമായ ശ്വാസകോശ രോഗങ്ങളില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാനും ജനിതക പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. കോവിഡ് കേസുകള്‍ ഇനിയും ഉയരുന്ന സാഹചര്യം ഉണ്ടായാല്‍ അത് മറികടക്കാനുള്ള തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളും വിലയിരുത്താന്‍ മോക്ഡ്രില്‍ സംഘടിപ്പിക്കണം. കോവിഡിനെ പ്രതിരോധിക്കാനുള്ള രീതികള്‍ അവലംബിക്കുന്നതിനൊപ്പം ശ്വാസകോശ ശുചിത്വം പാലിക്കണമെന്ന നിര്‍ദേശവും യോഗം മുന്നോട്ടു വച്ചു.
വാക്സിനേഷന്‍, ഓക്സിജന്റെ വിതരണ സംഭരണ സംവിധാനങ്ങള്‍, പ്രതിരോധ മരുന്നുകളുടെ ലഭ്യത, ആരോഗ്യ മേഖലയിലെ മുന്നൊരുക്കങ്ങള്‍, ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. ആഗോള തലത്തിലെ കോവിഡ് വ്യാപനം സംബന്ധിച്ച സമഗ്രമായ വിലയിരുത്തലും നടന്നു.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്ര, നിതി ആയോഗ് അംഗം വി കെ പോള്‍, കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, ഫാര്‍മസ്യൂട്ടിക്കല്‍-ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം-ബയോടെക്‌നോളജി വകുപ്പു സെക്രട്ടറിമാര്‍, ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അമിത് ഖരേ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. 

സംസ്ഥാനത്തും വര്‍ധന; ജില്ലകള്‍ പ്ലാൻ തയ്യാറാക്കണം, മാസ്ക് ധരിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളിൽ നേരിയ വർധനവ്. ചൊവ്വാഴ്ച 172 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതൽ. നിരീക്ഷണം ശക്തിപ്പെടുത്താൻ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് എല്ലാ ജില്ലകൾക്കും നിർദേശം നൽകി.
സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തുന്നതിന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ദിവസവും കോവിഡ് കേസുകൾ ആരോഗ്യ വകുപ്പ് അവലോകനം ചെയ്തു വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ല. ആശുപത്രി സജ്ജീകരണങ്ങൾക്കായി ജില്ലകളും ആശുപത്രികളും പ്ലാൻ തയ്യാറാക്കണം. കോവിഡ് രോഗികൾ വർധിക്കുന്നത് മുന്നിൽ കണ്ട് ഐസിയു, വെന്റിലേറ്റർ ആശുപത്രി സംവിധാനങ്ങൾ എന്നിവ കൂടുതൽ മാറ്റിവയ്ക്കാനും മന്ത്രി നിർദേശം നൽകി. പുതിയ വകഭേദം വന്നിട്ടുണ്ടോയെന്നറിയാൻ ജനിതക പരിശോധനകൾ വർധിപ്പിക്കും. ആവശ്യമായ പരിശോധനാ കിറ്റുകളും മരുന്നുകളും സജ്ജമാക്കാൻ കെഎംഎസ്‌സിഎല്ലിന് നിർദേശം നൽകി.
കോവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. അതിനാൽ സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. ജനങ്ങള്‍ മാസ്ക് ധരിക്കണം. മറ്റ് രോഗമുള്ളവരും, പ്രായമായവരും, കുട്ടികളും, ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. അവർ പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് കൃത്യമായി ധരിക്കണം. ആശുപത്രികളിൽ എത്തുന്നവരെല്ലാം നിർബന്ധമായും മാസ്ക് ധരിക്കണമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത ആകെ 1026 ആക്ടീവ് കേസുകളാണുള്ളത്. 111 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 

Eng­lish Sum­ma­ry: Covid and influen­za: cau­tion again

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.