December 3, 2022 Saturday

കോവിഡും ലോക്ഡൗണിനു ശേഷം കാലം ആവശ്യപ്പെടുന്നതും

കവിതാ രാജൻ
എഐടിയുസി സംസ്ഥാന സെക്രട്ടറി
April 10, 2020 4:30 am

 ലോകം ദര്‍ശിച്ച ഏറ്റവും ഭയാനകമായ വിപത്തിനെയാണ് ഇന്ന് നാം അഭിമുഖീകരിക്കുന്നത്. ചരിത്രത്താളുകളില്‍ നിന്ന് നാം പഠിച്ച ലോകമഹായുദ്ധവും ഏറ്റവും വലിയ മഹാമാരികളായി പടര്‍ന്നുപിടിച്ച പ്ലേഗും കോളറയും കഴിഞ്ഞ നൂറ്റാണ്ടില്‍ വിനാശം വിതച്ച സ്പാനിഷ് ഫ്ലൂവും നമുക്ക് നേരിട്ട് അനുഭവമുള്ളതല്ല. എന്നാല്‍ നാം പഠിച്ച ചരിത്ര പാഠങ്ങള്‍ക്കപ്പുറം അതിനുതുല്യമായോ അപ്പുറത്തുള്ളതോ ആയ ആപത്തിനെ അടുത്ത നാളുകളില്‍ നാം നേരില്‍ കാണുകയും അതിന്റെ എല്ലാ ഭീകരതയോടും അനുഭവിക്കുകയും ചെയ്യുകയാണ്. ലോക രാഷ്ട്രങ്ങളുടെ വലുപ്പ ചെറുപ്പമോ, സാമ്പത്തിക സ്ഥിതിയോ, പ്രത്യയശാസ്ത്ര ഭിന്നതയോ, രോഗത്തിനടിമപ്പെടുന്ന (കോവിഡ് 19) വരുടെ സാമൂഹിക ജീവനാവസ്ഥയോ ഈ മഹാമാരിയുടെ താണ്ഡവത്തില്‍ അപ്രസക്തമാവുകയാണ്.

ലോകം മുഴുവന്‍ കീഴടക്കാന്‍ അഹന്തയുടെ ഗീര്‍വാണവും പോര്‍വിളിയുമായി നടന്നവര്‍പോലും മറ്റു രാഷ്ട്രങ്ങളുടെ — തങ്ങളുടെ ചങ്ങാതിമാരല്ലാത്തവരുടെ കൂടി സഹായം അഭ്യര്‍ത്ഥിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നത്. വ്യത്യസ്ത മതങ്ങളും രാഷ്ട്രങ്ങളും രാഷ്ട്രീയവും എല്ലാം ഒന്നാകുന്ന അവസ്ഥ. കേരളത്തിലെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തകരും സന്നദ്ധ പ്രവർത്തകരും നടത്തുന്ന പ്രവര്‍ത്തനങ്ങൾ എത്ര പ്രശംസിച്ചാലും മതിവരാത്തതാണ്. എന്നാല്‍ ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ചില വിഷയങ്ങള്‍ കൂടി നാം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നു. ഇത്തരമൊരു ഘട്ടത്തില്‍ രാഷ്ട്രത്തെ എങ്ങനെ തിരിച്ചുകൊണ്ടുവരണമെന്നും ഓരോ സംസ്ഥാനത്തിന്റെയും ആവശ്യങ്ങളെന്തെന്ന് പരിശോധിക്കുകയും നടപടികള്‍ എടുക്കുകയുമാണ് വേണ്ടത്. ലോക്­ഡൗണ്‍ പിന്‍വലിച്ചു കഴിയുമ്പോള്‍ ഇവിടെ സംഭവിക്കാനിടയുള്ള സാഹചര്യങ്ങളെ വിലയിരുത്തുകതന്നെ വേണം. അവശ്യവസ്തുക്കളുടെയും മറ്റു ഉല്പന്നങ്ങളുടെയും വലിയതോതിലുള്ള ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. ഇപ്പോള്‍തന്നെ രാജ്യത്ത് ഭക്ഷ്യക്ഷാമവും വിലക്കയറ്റവും പൂഴ്ത്തിവയ്പും രൂക്ഷമാണ്. അതിന് രാജ്യത്ത് നിലനില്ക്കുന്ന പൊതുവിതരണ ശൃംഖല തകരാതെ നോക്കുക എന്നത് ശ്രമകരമായ കാര്യമാണ്. നിലവില്‍ രാജ്യത്തെ മഹാഭൂരിപക്ഷം ആളുകളുടെ കൈയിലും പണമില്ല. ഉണ്ടെങ്കില്‍തന്നെ അത് കേവലം ക്ഷേമപെന്‍ഷനുകള്‍ മാത്രമാണ്. അ­തു­തന്നെ കേരളത്തില്‍ മാത്രമാണ് അവകാശികളുടെ കൈയില്‍ എത്തുന്നത്. ജന്‍ധന്‍ അക്കൗണ്ടിനെ കുറിച്ച് പറയുന്നുണ്ടെങ്കിലും അത് അര്‍ഹരുടെ കൈകളില്‍ എത്തുന്നില്ല. എത്തിയാല്‍തന്നെ നാമമാത്രമായ പൈസയും എടിഎമ്മിന്റെയും ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെയും ഗ്രാമീണ മേഖലയിലെ അജ്ഞതമൂലം കാശുണ്ടായാലും കൈകളിലെത്തിച്ച് പ്രയോജനപ്പെടുത്തുവാന്‍ കഴിയാത്ത സാഹചര്യവും നിലനില്‍ക്കുന്നു. (ഇക്കാര്യത്തില്‍ കേരളത്തിന്റെ സാഹചര്യം വ്യത്യസ്തമാണ്).

ഇന്നത്തെ സാമ്പത്തക അവസ്ഥ മാറുമ്പോള്‍ സ്വാഭാവികമായും കമ്പോളത്തിലേക്ക് ഒരു തള്ളിക്കയറ്റം ഉണ്ടാവും. അസംതൃപ്തമായ സാഹചര്യവും ഉപഭോഗത്തോടുള്ള ആവേശവും തീരെ ഇല്ലാതിരുന്ന സാഹചര്യത്തില്‍ നിന്ന് കൈയില്‍ കാശുവന്നതിന്റെ ആശ്വാസവും കമ്പോളത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാതിരിക്കണമെങ്കില്‍ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ഇത് വിലവര്‍ധനവിനും പണപ്പെരുപ്പത്തിനും കാരണമാകും. ഇന്ത്യയുടെ ജിഡിപി 2.5ശതമാനമായി കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. സ്ഥിതി വഷളായാല്‍ അത് പൂജ്യത്തിലേക്ക് കൂപ്പുകുത്തുന്ന ഗുരുതരാവസ്ഥയുണ്ടാകും. ഈ കാരണങ്ങളാല്‍ സര്‍ക്കാര്‍ വിപണിയില്‍ കൃത്യതയോടെ ഇടപെടണം. അതേസമയം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ടതുകൊണ്ടുള്ള വേതന രാഹിത്യം സാധാരണ ജനങ്ങളെ വിപണിയില്‍ നിന്നകറ്റും. ഈ സാഹചര്യത്തിലാണ് പണവിനിമയത്തിന്റെ പ്രസക്തി. വിപണിയിലും സാധാരണക്കാരിലും പണമെത്തുവാനുള്ള സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിക്കണം. അതിനായി പൊതുനിക്ഷേപം വര്‍ധിപ്പിക്കുകയും ആളുകളുടെ ക്രയശേഷി വര്‍ധിപ്പിക്കുന്നതിനുതകുന്ന ഇന്‍സെന്റീവ് നല്‍കുകയും വേണം. എംഎന്‍ആര്‍ഇജി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ വേതനം വര്‍ധിപ്പിക്കണം. കൃത്യമായ തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുകയും കാഷ്വല്‍ ‑കോണ്‍ട്രാക്ട് തൊഴിലാളികളുടെ വേതനം ഉറപ്പുവരുത്തുകയും പൊതുമേഖലയെ സാഹചര്യത്തിനനുസരിച്ച് സ­ജ്ജമാക്കുകയും വേണം. ഇപ്പോള്‍ സ്തംഭനാവസ്ഥയിലായ പദ്ധതികളെല്ലാം തൊഴിലുറപ്പ് വരുത്തിക്കൊണ്ട് പുനഃരാരംഭിക്കണം. ഇങ്ങനെ സാധാരണ ജനങ്ങളുടെ കൈയില്‍ പണം എത്തിച്ച് ക്രയശേഷി വര്‍ധിപ്പിച്ചാല്‍ മാത്രമേ നമുക്ക് വിപണി ഉണര്‍വ് ഉണ്ടാക്കുവാന്‍ സാധിക്കുകയുള്ളു. പണം ലഭ്യമാക്കുന്നതിനും അവശ്യസാധനങ്ങളുടെ വിപണി ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടേണ്ട ഘട്ടമാണ്.

എല്ലാം സര്‍ക്കാര്‍ തന്നെ നിര്‍വഹിക്കണമെന്നല്ല, അത് ഇന്നത്തെ സാഹചര്യത്തില്‍ പ്രായോഗികമല്ല. സ്വകാര്യ മേഖലയുമായും പങ്കാളിത്താടിസ്ഥാനത്തില്‍ കൈകോര്‍ക്കേണ്ടതും എപ്പോള്‍ വേണമെങ്കിലും സര്‍ക്കാരിന് ഇടപെടാനുള്ള സാഹചര്യം ഉറപ്പാക്കുകയും വേണം. താഴ്ന്ന വരുമാനക്കാരുടെ കൈയില്‍ പണമെത്തിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാര്‍ നിര്‍വഹിക്കണം. മുന്‍കൂര്‍ തുക നല്‍കിയോ, കുടിശിക വിതരണം നടത്തുകയോ പൊതുനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനോ സര്‍ക്കാര്‍ സന്നദ്ധമാകണം. താഴ്ന്ന വരുമാനക്കാരുടെ ഉപഭോഗശേഷി വര്‍ധിപ്പിച്ചാല്‍ മാത്രമേ വിപണിയില്‍ ഉണര്‍വുണ്ടാവുകയുള്ളു. കൂടാതെ അസംഘടിത – സംഘടിത മേഖലകളിലെ ക്രയശേഷി വര്‍ധിപ്പിച്ച് വാങ്ങല്‍ശേഷി ഉയര്‍ത്തണം. ആഭ്യന്തര ടൂറിസവും ഹോട്ടല്‍ വ്യവസായവും പുനഃരുദ്ധരിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും ആനുകൂല്യങ്ങള്‍ നല്കകയും വേണം. കുറേക്കാലത്തെയ്ക്കെങ്കിലും അന്താരാഷ്ട്ര ടൂറിസമോ രാജ്യാന്തര ടൂറിസമോ ഉണ്ടായിക്കൊള്ളണമെന്നില്ല. ഇത് ഈ മേഖലയെ തെല്ലൊന്നുമല്ല പിടിച്ചുലയ്ക്കാന്‍ പോകുന്നത്. ഇതിനായി ‘ഇന്റര്‍ സ്റ്റേറ്റ്’ ടൂറിസം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണം. വിപണിയിലെ അവശ്യവസ്തുക്കളുടെ പോലെതന്നെ ലഭ്യത ഉറപ്പാക്കേണ്ട മറ്റ് ‘കണ്‍സ്യൂമര്‍ ആന്‍ഡ് കോമേഴ്സി്യല്‍ പ്രോഡക്ട്സ്’ ഉണ്ട്. ലോക്ഡൗണ്‍ കാലത്ത് ഇത്തരം സാധനങ്ങളുടെ ഉല്പാദനം തീരെ നടന്നിട്ടില്ല എന്നതും വസ്തുതയാണ്.

താരതമ്യേന വിലനിലവാരം ഉയര്‍ന്ന ഇത്തരം സാധനങ്ങള്‍ കെട്ടിക്കിടക്കുന്നത് സമ്പദ്ഘടനയെ തന്നെ ബാധിക്കുന്നതാണ്. കാരണം ഉല്പദാനം കുറയുകയും അതുവഴി തൊഴില്‍ നഷ്ടമുണ്ടാവുന്നത് ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയേയുള്ളു. ഈ നഷ്ടം ജിഡിപിയില്‍ തന്നെ പ്രതിഫലിക്കുന്നതാണ്. ഇവിടെയെല്ലാം സാധാരണ ജനത്തിന്റെ ക്രയശേഷി വര്‍ധിപ്പിച്ച് അനിശ്ചിതത്വം ഇല്ലാതാക്കി വിപണിയില്‍ എത്തുക നിസാരകാര്യമല്ല. റിസര്‍വ് ബാങ്ക് നല്‍കിയ മൊറട്ടോറിയം ആശ്വാസം പകരുന്നതാണെങ്കിലും പലിശനിരക്കിന്റെ കാര്യത്തില്‍ ആശങ്കയുണ്ട്. വായ്പാ തിരിച്ചടയ്ക്കാത്തവര്‍ മൂന്നു മാസത്തിലെ പിഴപ്പലിശയടക്കം നല്‍കേണ്ടിവരും. ഇത് ഫലത്തില്‍ ഗുണത്തേക്കാളേറെ ദോഷമാകും. എന്നാല്‍ വായ്പകളുടെ പലിശനിരക്ക് കുറയ്ക്കുന്നത് വിപണിയെ സഹായിക്കും. സഹകരണ മേഖലയിലും മൊറട്ടോറിയം പ്രഖ്യാപിച്ചത് പാവപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കും. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതുള്‍പ്പെടെ പരിഗണിച്ചാല്‍ അത് കൂടുതല്‍ ജനോപകാരപ്രദമാവും. നമ്മുടെ പ്രാഥമികവും പ്രധാനവുമായ മേഖലയായ കാര്‍ഷികരംഗത്തിന് തൊഴില്‍ സൃഷ്ടിക്കുന്നതില്‍ മൂന്നാം സ്ഥാനമാണുള്ളത്. നോട്ടുനിരോധനവും ജിഎസ്‌ടിയും ആ മേഖലയെ തെല്ലൊന്നുമല്ല തളര്‍ത്തിയത്. ഹരിതവിപ്ലവത്തെ കുറിച്ചൊക്കെ നാം പറയുമെങ്കിലും സാധാരണ കര്‍ഷകര്‍ക്ക് അതിന്റെ പ്രയോജനമൊന്നും ലഭ്യമായിട്ടില്ലെന്നാണ് അനുഭവം പഠിപ്പിക്കുന്നത്.

സബ്സിഡികള്‍ വര്‍ധിപ്പിച്ചതും താങ്ങുവില ഉയര്‍ത്തിയും മിനിമം വിതരണവില ഉറപ്പാക്കിയും ഗ്രാമീണ കര്‍ഷകരെ കൃഷിയില്‍ ഉറപ്പിച്ചു നിര്‍ത്തുകയും ആവശ്യം വര്‍ധിപ്പിച്ച് ഉല്പാദന തോത് ഉയര്‍ത്തുകയും വേണം. ക്ഷീരമേഖലയിലും കോവിഡ് 19 പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തില്‍തന്നെ ചില ക്ഷീരകര്‍ഷകര്‍ പാല്‍ തെരുവില്‍ ഒഴുക്കികളയുന്ന നിര്‍ഭാഗ്യകരമായ സംഭവമുണ്ടായി. ഏതു സാഹചര്യത്തിലും അത്തരമൊരവസ്ഥ ഉണ്ടാവാന്‍ പാടില്ലാത്തതാണ്. പ്രതിസന്ധിഘട്ടത്തിലും പാല്‍ ക്രിയാത്മകമായി വിനിയോഗിക്കുവാന്‍ കഴിയണം. ഇത്തരം സാഹചര്യങ്ങള്‍ മുന്നില്‍കണ്ട് മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന സംവിധാനം സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കണം. ഇതെല്ലാം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് ഗുണം ചെയ്യും. കേരളം ആരോഗ്യപരിപാലന മേഖലയില്‍ രാജ്യത്ത് ഏറ്റവും മുന്നിലാണ്. എങ്കിലും കോവിഡ് കാലം ആതുരസേവന രംഗത്ത് നാം ഇനിയും കൈവരിക്കേണ്ട ചില കാര്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ആധുനികവല്ക്കരിക്കപ്പെട്ട കൂടുതല്‍ ആശുപത്രികള്‍, കൂടുതല്‍ പ്രഗത്ഭരായ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പരിശീലനം സിദ്ധിച്ച പാരാമെഡിക്കല്‍ ജീവനക്കാര്‍, കൂടുതല്‍ വെന്റിലേറ്ററുകള്‍, ട്രോമാ കെയറുകള്‍, ഐസിയുകള്‍ഇതെല്ലാം ഈ മഹാമാരിയുടെ കാലം നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. കര്‍ണ്ണാടക അതിര്‍ത്തി അടച്ചപ്പോള്‍ മനുഷ്യജീവിതങ്ങള്‍ ചികിത്സ കിട്ടാതെ നഷ്ടപ്പെട്ടത് ഉത്തര മലബാറിന്റെ ആരോഗ്യ മേഖലാ വികസനത്തിന്റെ അനിവാര്യത നമ്മെ ഓര്‍മ്മിപ്പിക്കുന്നു. രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന മഹാമാരി പെയ്തൊഴിയുമ്പോള്‍ ഉടലെടുക്കുന്ന സാമ്പത്തിക മാന്ദ്യവും സാമൂഹിക തൊഴില്‍ സാഹചര്യവും നേരിടാന്‍ സങ്കുചിത രാഷ്ട്രീയം മറന്ന്, രാഷ്ട്ര താല്പര്യത്തെ മുറുകെ പിടിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുകയും സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങള്‍ സംരക്ഷിക്കുകയും വേണം.

പ്രസംഗമല്ല, ഫലപ്രദമായ പ്രവൃത്തികളാണ് ആവശ്യം. തങ്ങളുടെ പക്കലുള്ള എല്ലാ സ്രോതസുകളും സംവിധാനങ്ങളും കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കണം. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇത്തരം പ്രതിസന്ധികളെ അതിജീവിക്കുന്നതിന് സ്വന്തം നിലയില്‍ ഏറെ പരിമിതികളുണ്ട്. ഈ അവസരത്തില്‍ സംസ്ഥാനത്തിന്റെ കടം വാങ്ങല്‍ പരിധി ഉയര്‍ത്തുകയും വേണം. പ്രശസ്ത ബല്‍ജിയം സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജീന്‍ഡ്രേസ് ഇന്ത്യന്‍ സമ്പദ് ഘടനയെ മുന്‍നിര്‍ത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇത്തരുണത്തില്‍ പരിശോധിക്കേണ്ടതും നടപ്പിലാക്കാനാവുന്നവയെ പ്രാവര്‍ത്തികമാക്കുകയും വേണം. അല്ലാതെ കൈകൊട്ടി ശബ്ദമുണ്ടാക്കുവാനും തിരി തെളിയിക്കുവാന്‍ പ്രേരിപ്പിച്ചും ഇവിടെ നടക്കുന്ന ആതുര പ്രവര്‍ത്തനങ്ങളെ അപഹാസ്യപ്പെടുത്തുകയല്ല വേണ്ടത്. ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ ഹനിക്കുവാനും പത്രമാധ്യമങ്ങളെ വരിഞ്ഞുമുറുക്കുവാനും പൗരാവകാശങ്ങള്‍ നിഷേധിക്കുവാനും ഒരുമ്പെടുന്നതിനു പകരം കൊറോണ കാലം ഒരുമിച്ചു നിന്ന് ഇന്ത്യയെ വീണ്ടെടുക്കേണ്ടതിനായി പ്രവര്‍ത്തിക്കണം. ജനങ്ങള്‍ എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ഭരണാധികാരികള്‍ ഓര്‍ക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.