കെ കെ ശിവദാസൻ

June 11, 2020, 3:35 am

കോവിഡും പൊതുവിദ്യാഭ്യാസവും

Janayugom Online

കോവിഡുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന നിയന്ത്രണങ്ങളിൽ ഏറെയും അയവു വരുത്തിക്കഴിഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനത്തിലെത്താനുള്ള സാഹചര്യം ഇനിയും ആയിട്ടില്ല. കോവിഡ് പ്രതിസന്ധി ബാധിക്കാത്തവരായി സമൂഹത്തിൽ ആരും കാണില്ല. എന്നാൽ ഏറ്റവും കുറവ് മാത്രം ‘പരിക്ക്’ പറ്റിയവരാണ് നമ്മുടെ സ്കൂൾ വിദ്യാർത്ഥികൾ. മുൻ അധ്യയന വർഷം അവസാനം ഇടിത്തീ പോലെ മഹാമാരി എത്തുമ്പോഴേക്കും പരീക്ഷ ഒഴികെയുള്ള പഠന പ്രവർത്തനങ്ങൾ സ്കൂളുകളിൽ പൂർത്തീകരിച്ചു കഴിഞ്ഞിരുന്നു. ഹൈസ്കൂളുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന ഒന്നാം തരം മുതൽ ഒമ്പതാംതരം വരെയുള്ളവരുടെ പരീക്ഷയും ഭാഗികമായി പൂർത്തീകരിക്കുകയുണ്ടായി. എസ്എസ്എൽസി, ഹയർ സെക്കന്ററി പൊതു പരീക്ഷകളും ഇതിനിടയിൽ പൂർത്തിയായി.

മധ്യവേനലവധിക്കാലം പൂർണമായും ലോക്ഡൗണിലേക്ക് നീങ്ങിയതും കുട്ടികളെ ബാധിച്ചില്ല. അവധിക്കാലത്ത് പഠനപ്രവർത്തനങ്ങൾക്ക് സമീപവർഷങ്ങളിലൊന്നും സർക്കാർ അനുമതി നൽകാറുണ്ടായിരുന്നില്ല. കടുത്ത വേനൽ കുട്ടികളെ ബാധിക്കാതിരിക്കാനായിരുന്നു ഇത്തരമൊരു നിയന്ത്രണം. പതിവുപോലെ ജൂൺ ആദ്യം സ്കൂൾ തുറക്കാനായില്ല എന്നതു മാത്രമായിരുന്നു സ്കൂൾ വിദ്യാർത്ഥികൾക്ക് ഒരു നഷ്ടമായി തോന്നാവുന്നത്. ഇക്കാര്യത്തിലും നമുക്ക് മുൻ അനുഭവങ്ങൾ ഉണ്ട്. കാലവർഷം വൈകിയതു മൂലം ജൂൺ പകുതിവരെ സ്കൂൾ തുറക്കൽ വൈകിയ വർഷമുണ്ടായിരുന്നു. പ്രളയം, നിപ തുടങ്ങിയവ നിമിത്തം ദീർഘനാൾ സ്കൂൾ അടച്ചിടേണ്ടി വന്ന അനുഭവങ്ങളുമുണ്ട്. അതെല്ലാം മറികടന്ന് ഈ വർഷങ്ങളിലെല്ലാം അക്കാദമിക മികവ് ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞു. നിലവിൽ ഒരു തരത്തിലുള്ള ആശങ്കയും കുട്ടികൾക്കോ രക്ഷിതാക്കൾക്കോ ഉണ്ടാകേണ്ടതില്ല എന്നു ചുരുക്കം.

സ്കൂൾ തുറക്കാൻ ഒരു മാസം വൈകിയാലും അത് കുട്ടികളുടെ മൊത്തം പഠനസമയത്തെ ബാധിക്കാതെ കൈകാര്യം ചെയ്യാനാവും. മാർച്ചുമാസം പരീക്ഷയ്ക്കാണ് പൊതുവെ മാറ്റിവെക്കാറുള്ളത്. പരീക്ഷകൾ ഏപ്രിൽ മാസത്തേക്ക് മാറ്റിയാൽ മാർച്ച് മാസം പൂർണമായും പഠനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാകും. സ്കൂൾ തുറക്കുന്നത് അലക്ഷ്യമായി നീണ്ടുപോകുമോ എന്ന ആശങ്ക രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും ഉണ്ട്. സർക്കാരിനും ഇക്കാര്യത്തിൽ വ്യക്തമായ മറുപടി പറയാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇവിടെയാണ് ഓൺലൈൻ പഠനം പ്രസക്തമാകുന്നത്. ക്ലാസ് റൂം പഠനത്തിന് ബദലോ സമാന്തരമോ അല്ല ഓൺലൈൻ പഠനമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുകയുണ്ടായി. കളിയിലും തമാശയിലും മുഴുകിയിരിക്കുന്ന കുട്ടികൾക്ക് അല്പസമയം ടെലിവിഷന്റെയും സ്മാർട്ട് ഫോണിന്റെയും മുമ്പിലിരുന്ന് പാഠഭാഗങ്ങൾ പരിചയപ്പെടാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.

ഇതിലപ്പുറമുള്ള പ്രാധാന്യം പൊതു വിദ്യാഭ്യാസ വകുപ്പും ഇതിനു കല്പിക്കുമെന്ന് കരുതുന്നില്ല. പഠനം നടക്കുന്നതിന് അനുകൂലമായ പരിസരം രൂപപ്പെടേണ്ടതുണ്ട്. അത് ക്ലാസ് മുറിയിൽ ടീച്ചറുടെ സഹായത്തോടെ നടക്കേണ്ടതാണ്. പഠന ആശയങ്ങൾ മിക്കതും കുട്ടികൾ തന്നെ ക്ലാസ്‌ മുറിയിൽ ചർച്ചകളുടെയും സംഘപ്രവർത്തനത്തിന്റെയും വിവരശേഖരണത്തിന്റെയുമൊക്കെ ഭാഗമായി നിർമ്മിക്കുന്നവയാണ്. ഇതിനുള്ള അവസരത്തിന് അല്പം കൂടി കാത്തുനിൽക്കണമെന്നു മാത്രം. പഠനമെന്നത് നിരന്തരം നടക്കുന്ന ഒരു പ്രക്രിയയാണ്. വലിയൊരു ഇടവേള കുട്ടികൾക്ക് ദോഷം ചെയ്യും. ഇപ്പോൾ ആരംഭിച്ച ഓൺലൈൻ ക്ലാസിന്റെ പരീക്ഷണഘട്ടത്തെ ഈ ഒരു രീതിയിൽ സമീപിക്കുന്നതാവും ഉചിതം. കേരളത്തിൽ നടത്തിവന്ന വിവിധ പഠന പരീക്ഷണങ്ങളിൽ പ്രധാന കാൽവയ്പ്പാണ് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ. ഇതിന് തുടക്കത്തിൽ തന്നെ വലിയ സ്വീകാര്യതയും ലഭിക്കുകയുണ്ടായി. 41 ലക്ഷം വിദ്യാർത്ഥികളിൽ മഹാഭൂരിപക്ഷത്തേയും ടെലിവിഷൻ ക്ലാസിനു മുമ്പിൽ എത്തിക്കാൻ ആദ്യനാളുകളിൽ തന്നെ കഴിഞ്ഞു.

എന്നാൽ ഇത് നിലനിർത്താൻ കഴിയുമോ എന്നത് വരുംനാളുകളിൽ കണ്ടറിയണം. കുട്ടികൾ അങ്ങനെയാണ്. സ്കൂൾ അന്തരീക്ഷവും ക്ലാസ് മുറിയും കൂട്ടുകാരുമൊക്കെ അവരുടെ പഠന സന്നദ്ധത രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. ഇതൊന്നുമില്ലാതെ ടെലിവിഷൻ ക്ലാസുകളിൽ അവരെ പിടിച്ചുനിർത്തൽ എളുപ്പമല്ല. ഇത്തരമൊരു പിൻവലിയൽ രക്ഷിതാക്കൾ മുൻകൂട്ടി കാണണം. അത് അലസതയോ പഠന താല്പര്യക്കുറവോ ആയി കാണേണ്ടതില്ല. ഓൺലൈൻ ക്ലാസുകൾ മുന്നോട്ടു പോകാൻ സർക്കാരിനും ചില പരിമിതികൾ മറികടക്കാനുണ്ട്. എല്ലാം കുട്ടികളെയും ലോകോത്തര നിലവാരത്തിലെത്തിക്കുന്നതിന് ലക്ഷ്യംവച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നത്. രണ്ടു ലക്ഷത്തോളം കുട്ടികൾക്ക് ക്ലാസുകൾ ഓൺലൈനായി കാണാൻ സൗകര്യമില്ല.

ഇവരുടെ കാര്യം പ്രഥമ പരിഗണനയിലുണ്ട് എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പൊതുസമൂഹം അതിനായി കൈകോർക്കുന്നുമുണ്ട്. സാമൂഹിക നീതി മുറുകെ പിടിക്കുന്ന സർക്കാരിന് അത്തരം കുട്ടികളെ കൂടി കാണാതിരിക്കാനാവില്ല. തമിഴ്, കന്നട തുടങ്ങിയ ഭാഷാന്യൂനപക്ഷ വിദ്യാർത്ഥികളുടെ കാര്യവും പരിഗണിക്കേണ്ടതുണ്ട്. ഒന്നാംതരം മുതൽ പന്ത്രണ്ടാംതരം വരെയുള്ള വൈവിധ്യമാർന്ന വിഷയങ്ങൾ ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലും ക്ലാസുകളായി അവതരിപ്പിക്കാൻ ഒരു ചാനലിന്റെ മാത്രം സംപ്രേഷണ സമയം മതിയാകുമോ എന്നതും വിഷയമാണ്. രണ്ടാഴ്ച നീളുന്ന പരീക്ഷണ സംപ്രേഷണത്തിനിടയിൽ ഇതൊക്കെ പരിഹരിച്ചു മുന്നോട്ടു പോകാൻ കഴിയുമെന്ന് പ്രത്യാശിക്കാം.