Web Desk

തിരുവനന്തപുരം:

January 30, 2021, 8:45 pm

കോവിഡ് ആദ്യം പഠിച്ച പാഠങ്ങള്‍ മറക്കാതിരിക്കാൻ ബാക് ടു ബേസിക്‌സ് കാമ്പയിൻ

വിമർശനങ്ങൾ പോസിറ്റീവായി സ്വീകരിക്കുന്നു: ആരോഗ്യമന്ത്രി
Janayugom Online

കോവിഡ്-19 വ്യാപനം സംസ്ഥാനത്ത് നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധത്തിൽ ആദ്യം പഠിച്ച പാഠങ്ങൾ മറക്കാതിരിക്കാൻ ബാക് ടു ബേസിക്‌സ് കാമ്പയിൻ സംഘടിപ്പിക്കുന്നു. ആരും സോപ്പും മാസ്‌കും സാമൂഹിക അകലവും മറക്കരുത്. നമ്മൾ തുടർന്നുവന്ന കാര്യങ്ങൾ ശക്തമായി പിന്തുടരണമെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. ആദ്യ കോവിഡ് കേസിന്റെ വാർഷിക ദിനത്തിൽ എസ്എച്ച്എസ്ആർസിയിൽ സംഘടിപ്പിച്ച ബാക് ടു ബേസിക്‌സ് കാമ്പയിൻ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ആത്മവിശ്വാസത്തോടെ പറയും, ഇനിയും ധീരമായി നിൽക്കുമെന്ന് മന്ത്രി പറഞ്ഞു. തിരിഞ്ഞു നോക്കുമ്പോൾ ഏറെ അഭിമാനമുണ്ട്. കോവിഡിനെതിരെ കേരളം ശക്തമായ പ്രതിരോധമാണ് തീർത്തത്. കോവിഡിനെതിരായുള്ള പോരാട്ടം സംസ്ഥാനം തുടങ്ങിയിട്ട് ഒരു വർഷത്തിലധികം കാലമായി. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെപ്പറ്റി ഒരുപാട് അഭിനന്ദനങ്ങളും വിമർശനങ്ങളും സംശയങ്ങളുമെല്ലാമുണ്ടായി. വിമർശനങ്ങൾ പോസിറ്റീവായി സ്വീകരിക്കുന്നു. അനാവശ്യമായ വിമർശനങ്ങൾക്ക് അതിന്റെ വസ്തുതകൾ തുറന്നുകാട്ടുക എന്ന സമീപനമാണ് സ്വീകരിച്ചത്. ലോകത്തെല്ലായിടത്തും കോവിഡിനെപ്പറ്റി നിരന്തരം പഠനം നടക്കുകയാണ്. കേരളത്തിന്റെ രോഗ പ്രതിരോധത്തിൽ പല രാജ്യങ്ങൾക്കും മറ്റ് സംസ്ഥാനങ്ങൾക്കും താത്പര്യം തോന്നിയതുകൊണ്ടാണ് ചില കാര്യങ്ങൾ അവർ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധത്തിന് പലരും പല മാർഗങ്ങളാണ് ചെയ്തത്. കേരളം ആരെങ്കിലും ചെയ്യുന്നത് പകർത്തുകയല്ല ചെയ്തത്. സംസ്ഥാനത്ത് കോവിഡ് എത്തുന്നതിന് മുമ്പ് വലിയ മുന്നൊരുക്കം ചെയ്തതിനാലാണ് നന്നായി പ്രതിരോധിക്കാൻ കഴിഞ്ഞത്. കോടികൾ ചെലവഴിച്ചാണ് ആശുപത്രികളിൽ ഉപകരണങ്ങളും സംവിധാനങ്ങളും ഒരുക്കിയത്. പണം ഒരു തടസമല്ലെന്നാണ് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും പറഞ്ഞത്. ഒരു നിമിഷം പോലും വിശ്രമിക്കാതെയാണ് കേരളം വലിയ പ്രവർത്തനം നടത്തിയത്. ട്രെയിസ്, ക്വാറന്റൈൻ, രോഗലക്ഷണം ഉള്ളവരെ പരിശോധന, ചികിത്സ എന്ന കേരളം ആവിഷ്‌ക്കരിച്ച രീതി ലോകം അംഗീകരിച്ചതാണ്. ഇന്ത്യയിൽ ബ്രേക്ക് ദ ചെയിൻ കൊണ്ടുവന്നത് കേരളമാണ്. അത് വലിയ കാമ്പയിനായി മാറി. അന്നും ഇന്നും ബ്രേക്ക് ദ ചെയിൻ ഒരു പോലെ പ്രസക്തമാണ്.

സംസ്ഥാനം ശ്രമിച്ചത് മരണനിരക്ക് കുറയ്ക്കാൻ

മരണനിരക്ക് എപ്പോഴും കുറയ്ക്കാനാണ് സംസ്ഥാനം ശ്രമിച്ചതെന്ന് മന്ത്രി കെ കെ ശൈലജ. സർക്കാരിന്റെ ശ്രദ്ധേയമായ ഇടപെടലിന്റെ ഫലമായിട്ടാണ് മരണനിരക്ക് വളരെ കുറക്കാൻ സാധിച്ചത്. ലോകാരോഗ്യ സംഘടന മരണനിരക്ക് ഒരു ശതമാനത്തിന് താഴെയാക്കാൻ കഴിഞ്ഞാൽ നേട്ടമാകുമെന്ന് സൂചിപ്പിച്ചപ്പോൾ നമുക്ക് മരണനിരക്ക് 0.4 ആയി കുറയ്ക്കാൻ സാധിച്ചു. ഇതാണ് ലോക രാഷ്ട്രങ്ങളുടേയും അന്താരാഷ്ട്ര സംഘടനകളുടേയും അഭിനന്ദനത്തിന് കാരണമായത്. കൂടുതൽ അപകടത്തിലേക്ക് പോകാതെ ലക്ഷണം കാണുമ്പോൾ തന്നെ അവർക്ക് വിദഗ്ധ ചികിത്സ നൽകി. കേസ് വർധിച്ചപ്പോഴും മരണനിരക്ക് കുറയ്ക്കാൻ സാധിച്ചു.

സംസ്ഥാനം കോവിഡ് പരിശോധന കുറച്ചിട്ടില്ല. രോഗലക്ഷണം കാണുന്നവരെയാണ് പരിശോധിച്ചത്. ക്ലസ്റ്ററിൽ എല്ലാവരേയും പരിശോധിക്കുന്നതാണ്. വൈറസിന്റെ വ്യാപനം നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ വളർച്ചയുടെ വേഗതയെക്കാൾ താഴെ നിർത്താൻ സാധിച്ചു. ഇവിടെ ഇപ്പോഴാണ് വ്യാപനം വരുന്നത്. മരിച്ചു പോകുമായിരുന്ന പലരേയും ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചു. കേരളത്തിലെ മാധ്യമങ്ങൾ നല്ല സഹകരണമാണ് നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.

ENGLISH SUMMARY: COVID BACK TO BASICS CAMPAIGN

YOU MAY ALSO LIKE THIS VIDEO