Web Desk

തിരുവനന്തപുരം

May 17, 2021, 10:14 am

ഫംഗൽബാധ: പ്രമേഹബാധിതരിൽ മരണ സാധ്യത; ചികിത്സയ്ക്ക്‌ വിദഗ്ധസംഘം

Janayugom Online

സംസ്ഥാനത്ത്‌ കോവിഡ്‌ രോഗികളിലും രോഗമുക്തരിലും മ്യൂകോർമൈകോസിസ്‌ ഫംഗൽബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ വിശദ ചികിത്സ മാർഗനിർദേശം പുറത്തിറക്കി. ചികിത്സയ്ക്ക്‌ വിദഗ്ധരുടെ സംഘം അത്യാവശ്യമെന്ന്‌ ആരോഗ്യവകുപ്പ്‌.ഫിസിഷ്യൻ, ഇൻഫെക്‌ഷ്യസ്‌ ഡിസീസ്‌ സ്‌പെഷ്യലിസ്റ്റ്‌, മൈക്രോബയോളജിസ്റ്റ്‌, ഹിസ്‌റ്റോപതോളജിസ്റ്റ്‌, ഇന്റെസ്റ്റിവിസ്റ്റ്‌ (ഗുരുതര രോഗികളെ പരിചരിക്കുന്നതിനുള്ള വിദഗ്ധൻ), ന്യൂറോളജിസ്റ്റ്‌, ഇഎൻടി സ്‌പെഷ്യലിസ്റ്റ്‌, ഒഫ്‌താൽമോളജിസ്റ്റ്‌, ഡെന്റിസ്റ്റ്‌, സർജൻ, റേഡിയോളജിസ്റ്റ്‌ എന്നിങ്ങനെ പതിനൊന്നോളം വിദഗ്ധരുടെ സംഘമാകണം ചികിത്സയ്‌ക്ക്‌ മേൽനോട്ടം വഹിക്കേണ്ടത്‌.

കോവിഡ്‌ അനുബന്ധ മ്യൂകോർമൈകോസിസുകൾ (സിഎഎം) അഞ്ചുവിധമുണ്ട്‌–-റൈനോ ഓർബിറ്റോ സെറിബ്രൽ, പൾമണറി, ഗാസ്‌ട്രോ ഇൻടെസ്‌റ്റൈനൽ, ഡിസെമിനേറ്റഡ്‌, പ്രൈമറി ക്യൂട്ടേനിയസ്‌ മ്യൂകോർമൈകോസിസ്‌ എന്നിവയാണവ. പെട്ടെന്ന്‌ കാഴ്ച നഷ്‌ടപ്പെടുക, മൂക്കിൽനിന്ന്‌ കറുത്തതോ തവിട്ടുനിറത്തിലോ ഉള്ള ദ്രാവകം വരിക, കൺപോളകളിൽ നീര്‌, മുഖം വേദന, കടുത്ത തലവേദന, പനി, തളർച്ച, നെഞ്ചുവേദന തുടങ്ങിയ ലക്ഷണം മ്യൂകോമൈകോസിസിനുണ്ട്‌. കോവിഡ്‌ ബാധിതരിലും രോഗമുക്തി നേടി ആഴ്ച കഴിഞ്ഞവരിലും ഫംഗൽബാധയുണ്ടാകാം. ഇത് പകർച്ചവ്യാധിയല്ലെന്നും ആരോഗ്യവകുപ്പ്‌ അറിയിച്ചു.രോഗം സംശയിക്കുന്നവരെ ഉടൻ റേഡിയോ ഇമേജിങ്‌ സ്റ്റഡിക്ക്‌ വിധേയമാക്കും. എംആർഐ–-പിഎൻഎസ്‌, പ്ലെയ്‌ൻ സിടി തൊറാക്സ്‌ എന്നിവയും ചെയ്യണം. പിന്നീട്‌ സാമ്പിളിന്റെ പ്രത്യേക പഠനത്തിലൂടെ ഫംഗൽബാധ സ്ഥിരീകരിക്കാം.പ്രമേഹം കണ്ടെത്താത്ത രോഗികളിൽ പ്രശ്നം ഗുരുതരമാകാം.

അതിനാൽ രക്തത്തിലെ ഗ്ലൂക്കോസ്‌ നിയന്ത്രിക്കണം. മാർഗനിർദേശങ്ങൾക്കനുസരിച്ചേ സ്റ്റിറോയ്‌ഡ് ഉപയോഗിക്കാവൂ. കോവിഡ്‌ മുക്തരായ പ്രമേഹം, അർബുദം രോഗങ്ങളുള്ളവർ, കീമോതെറാപ്പി ചെയ്യുന്നവർ, അവയവമാറ്റ ശസ്‌ത്രക്രിയ നടത്തിയവർ, ദീർഘകാലമായി സ്റ്റിറോയ്‌ഡ്‌ ഉപയോഗിക്കുന്നവർ, കടുത്ത കോവിഡ്‌ ലക്ഷണങ്ങൾ ഉണ്ടായിരുന്നവർ എന്നിവർ നിർമാണപ്രവർത്തനം നടക്കുന്ന മേഖല സന്ദർശിക്കരുത്‌. ഇവിടങ്ങളിലുള്ള ഫംഗൽ ബിന്ദുക്കൾ വായുവിലൂടെ ശരീരത്തിലെത്തും.സംസ്ഥാന‌ത്തെ ആശുപത്രികളിൽ മ്യൂകോർമൈകോസിസ്‌ ഫംഗൽബാധ സ്ഥിരീകരിച്ചാൽ ഉടൻ റിപ്പോർട്ട് ചെയ്യണം‌. സംസ്ഥാന മെഡിക്കൽ ബോർഡിന്റെ [email protected] എന്ന ഇ മെയിൽ വിലാസത്തിലാണ് വിവരം കെെമാറേണ്ടത്.

ജനുവരി മുതലുള്ള കേസുകളുടെ വിവരവും നൽകാൻ നിർദേശമുണ്ട്.പ്രമേഹബാധിതരിൽ മ്യൂകോർമൈകോസിസ്‌ മരണനിരക്ക്‌ വർധിപ്പിക്കും. അതിനാൽ പ്രമേഹം നിയന്ത്രിക്കുകയാണ്‌ പ്രധാന ചികിത്സാരീതി. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ്‌ കുറയുമ്പോൾ ഉൽപ്പാദിപ്പിക്കപ്പെടുന്ന ആസിഡായ കീറ്റോആസിഡോസിസ്‌ നിയന്ത്രിക്കണം. രോഗികളിൽ സ്റ്റിറോയ്ഡ് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ നൽകുന്ന ബാർബിടിനിബ്‌, ടൊഫാസിടിനിബ്‌ തുടങ്ങിയ മരുന്നുകളുടെ ഉപയോഗം നിർത്തണം. ഫംഗൽ ബാധയുള്ള കോശം എത്രയും വേഗം എടുത്തുകളയണം. അല്ലാത്ത പക്ഷം ശസ്‌ത്രക്രിയയിലൂടെ കണ്ണ് എടുത്തുകളയേണ്ട സാഹചര്യമുണ്ടാകും. ലിപോസോമൽ ആംഫോടെറിസിൻ ബി മരുന്ന്‌ ആന്റിഫംഗലായി ഉപയോഗിക്കാം.

Eng­lish sum­ma­ry; covid black fun­gus reaction

You may also like this video;