രാജ്യത്ത് കോവിഡ്- 19 വൈറസ് ബാധിച്ചവരുടെ എണ്ണം 169 ആയി ഉയർന്നു. തെലങ്കാനയില്‍ ഏഴുപേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് എണ്ണത്തില്‍ വര്‍ധനവുണ്ടായത്. പുതുതായി കോവിഡ് സ്ഥിരീകരിച്ചവരെല്ലാം ഇന്തോനീഷ്യന്‍ പൗരന്മാരാണ്. കോവിഡ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കര്‍ണാടകയിലെ ദവാംഗരെ, ഉത്തര്‍പ്രദേശിലെ നോയിഡ, രാജസ്ഥാന് എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇവിടെ മാത്രം 45 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് ബുധനാഴ്ച വൈറസ് സ്ഥിരീകരിച്ചത്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. 16 സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്.രണ്ട് വിദേശികൾ ഉൾപ്പെടെ കേരളത്തിൽ 27 പേരാണ് രോഗബാധിതർ. മുംബൈയിൽ 68 വയസായ സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിൽ പുതിയതായി 3 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പൂനെ ജില്ലയില്‍ മാത്രം 19 പേര്‍ക്ക് രോഗബാധയുണ്ട്. കശ്മീരില്‍ ആദ്യ കോവിഡ് കേസ് റിപോര്‍ട്ട് ചെയ്തതായി ശ്രീനഗര്‍ മുനിസിപ്പല്‍ കോര്പറേഷന് മേയര്‍ ജുനൈദ് അസിം മാട്ടു പറഞ്ഞു. ഇതോടെ ജമ്മു ആന്റ് കശ്മീരില്‍ റിപോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം നാലായി. ഈ സാഹചര്യത്തില്‍ കശ്മീരില്‍ സന്ദര്‍ശനം നടത്തരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ വിദേശികളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ലഡാക്കില്‍നിന്ന് വരുന്ന സന്ദര്‍ശകരെ ക്വാറന്റൈന് ചെയ്യാനും നിര്‍ദേശം നല്കി. ചൈന, സൗത്ത് കൊറിയ, ഇറാന്, ഇറ്റലി, സ്പെയിന് ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ ഫെബ്രുവരി 15നോ അതിന് ശേഷമോ സന്ദര്‍ശിച്ചവര്‍ ഇന്ത്യയില്‍ എത്തിയാല്‍ നിര്‍ബന്ധിത നിരീക്ഷണത്തില്‍ 14 ദിവസം കഴിയണം. സൗത്ത് കൊറിയയില്‍നിന്ന് ഇന്ത്യയില്‍ വരുന്നവര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
സംസ്ഥാനത്ത് വിദേശികളും വിദേശത്ത് നിന്ന് എത്തിയവരും അടക്കം കാൽ ലക്ഷത്തോളം പേർ കോവിഡ് 19 നിരീക്ഷണത്തിൽ. ഇന്ന് ആർക്കും രോഗം സ്ഥിരീകരിച്ചില്ല. സംസ്ഥാനത്തെ സാഹചര്യം കൈവിട്ട് പോയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ഗുരുതരമായ സാഹചര്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശ്വാസകരമായ വാർത്തയാണ് കോവിഡുമായി ബന്ധപ്പെട്ട് ഇന്ന് സംസ്ഥാനത്ത് പുറത്തുവന്നത്. വർക്കലയിൽ രോഗിയുമായി അടുത്തിടപഴകിയ 30 പേർക്ക് രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചു. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ള ബ്രിട്ടീഷ് പൗരന്റെ ഭാര്യയുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവാണ്. കേരളത്തിൽ 25603 നിരീക്ഷണത്തിൽ ഉണ്ട്. ഇതിൽ 25363 വീടുകളിലും 237 പേർ ആശുപത്രികളിലും ഉണ്ട്. പുതുതായി ഇന്ന് 7861 പേരെ നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. 4622 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. പരിശോധനയ്ക്ക് അയച്ചത് 2550 സാമ്പിളുകളാണ്. 2140 ആളുകൾക്ക് രോഗബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
English Summary: covid cases in India climb to 169
You may also like this video