Web Desk

ന്യൂഡൽഹി:

April 06, 2020, 8:30 pm

കോവിഡ്: മൃഗശാലകൾക്ക് ജാഗ്രതാ നിർദ്ദേശം

അമേരിക്കയിൽ കടുവയ്ക്ക് രോഗബാധ സ്ഥിരീകരിച്ചു
Janayugom Online

കോവിഡ് 19 ഭീഷണിയിൽ മൃഗങ്ങളും. അമേരിക്കയിലെ മൃഗശാലയിലെ കടുവയ്ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയിലും കടുത്ത ജാഗ്രതാ നിർദേശം. രാജ്യത്തെ മൃഗശാലകളിൽ ജാഗ്രത പാലിക്കാനും പരിശോധനയ്ക്കായി മൃഗങ്ങളുടെ സാമ്പിളുകൾ ശേഖരിക്കാനും കേന്ദ്ര മൃഗശാല അതോറിറ്റി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കത്തയച്ചു.
അതോറിറ്റി മെമ്പർ സെക്രട്ടറി എസ് പി യാദവിന്റേതാണ് കത്ത്. യുഎസിലെ അഗ്രികൾച്ചേഴ്സ് നാഷണൽ വെറ്ററിനറി സർവീസ് ലബോറട്ടറയിൽ നടത്തിയ പരിശോധനയിൽ കടുവയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കത്തിൽ പറയുന്നു. ന്യൂയോർക്കിലെ ബ്രോൺക്സ് മൃഗശാലയിലെ കടുവയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

രാജ്യത്തെ മൃഗശാലകൾ 24 മണിക്കൂറും സിസിടിവി നിരീക്ഷണത്തിലാക്കണമെന്നും മൃഗങ്ങളിൽ അസാധാരമാണ ലക്ഷണങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കണമെന്നും അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. സസ്തനികൾക്ക് (പ്രധാനമായും പൂച്ച, കീരി, ആൾക്കുരങ്ങ്) പ്രത്യേകം നിരീക്ഷണം വേണം. മൃഗങ്ങളുടെ സാമ്പിളുകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസ് ഭോപ്പാൽ, ഹരിയാനയിലെ ഹിസാറിലുള്ള നാഷണൽ റിസേർച്ച് സെന്റർ ഓൺ ഈക്വൈൻ, ഉത്തർപ്രദേശിലെ റായ്ബറേലിയിലുള്ള ഇന്ത്യൻ വെറ്ററിനറി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലേക്ക് സാമ്പിളുകൾ അയച്ച് പരിശോധന നടത്താമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ കാണിക്കുന്ന മൃഗങ്ങളെ ഐസൊലേറ്റ് ചെയ്യണമെന്നും നിർദേശമുണ്ട്. സുരക്ഷാ ഉപകരണങ്ങൾ ധരിക്കാത്ത ജീവനക്കാരെ മൃഗങ്ങളെ പരിപാലിക്കാൻ അനുവദിക്കില്ല.

ന്യൂയോർക്കിൽ നാലു വയസ്സുള്ള നാദിയ എന്ന പെൺ കടുവയ്ക്കാണ് നോവൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ലോകത്ത് ആദ്യമായി കോവിഡ് ബാധ സ്ഥിരീകരിക്കുന്ന മൃഗമാണ് നാദിയ. മൃഗശാലയിലെ ജീവനക്കാരിൽ നിന്നാണ് കടുവയ്ക്ക് രോഗം പകർന്നതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വലിയ പൂച്ചകളുടെ വിഭാഗത്തിൽപ്പെടുന്ന മൃഗത്തിന് ഇത്തരത്തിലൊരു രോഗബാധ സ്ഥിരീകരിച്ചതിൽ ആശ്ചര്യമുണ്ടെന്ന് യുഎസ് കാർഷിക വകുപ്പ് പറഞ്ഞു. ഇത്തരം മൃഗങ്ങൾ നോവൽ അണുബാധകളോട് വ്യത്യസ്തമായിട്ടാണ് പ്രതികരിക്കാറുള്ളതെന്നും അവരുടെ പ്രസ്താവനയിൽ പറയുന്നു. അതേസമയം മൃഗങ്ങള്‍ക്ക് കോവിഡ് ബാധ ഏൽക്കാൻ സാധ്യതയില്ലെന്നാണ് നേരത്തേയുളള റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്.

ENGLISH SUMMARY: Covid: Cau­tion for zoos

YOU MAY ALSO LIKE THIS VIDEO