ശാസ്താംകോട്ടയിലും സമീപ പ്രദേശങ്ങളിലും സമൂഹവ്യാപന സാധ്യത; ഉന്നത മെഡിക്കല്‍ സംഘം ഇന്നെത്തും

Web Desk

കൊല്ലം

Posted on July 10, 2020, 12:25 pm

ശാസ്താംകോട്ട ആഞ്ഞലിമൂട് ചന്തയില്‍ മത്സ്യവ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുടെ അടുത്ത നാല് ബന്ധുക്കള്‍ക്കും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുന്നത്തൂര്‍ താലൂക്കില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സമൂഹവ്യാപന സാധ്യത സംശയിക്കുന്നതിനാല്‍ ഉന്നത മെഡിക്കല്‍ സംഘം മെഡിക്കല്‍ കോളജില്‍ നിന്ന് ഇന്ന് എത്തും.

പള്ളിശേരിക്കലിൽ താമസിക്കുന്ന വ്യാപാരിയുടെ ഭാര്യ, മകൻ, രാജഗിരിയിൽ താമസിക്കുന്ന സഹോദരിയുടെ മരുമകൾ, അവരുടെ ഒമ്പത് വയസുള്ള മകൾ എന്നിവർക്കാണ് സ്രവ പരിശോധനയിൽ കോവിഡ് രോഗം സ്ഥിരീകരിച്ചത്. ചന്തയില്‍ ദിവസവും നൂറുകണക്കിന് ആളുകളാണ് വന്ന് പോകുന്നത്. വ്യാപാരിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തുക സങ്കീര്‍ണമാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

സമ്പര്‍ക്കത്തിലൂടെ 70 പേരെ കണ്ടെത്തി അവരുടെ സ്രവ പരിശോധന നടത്തിവരികയാണ്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ആന്റി ബോ‍ഡി പരിശോധനകള്‍ പൂര്‍ത്തീകരിച്ചു. ആരോഗ്യവകുപ്പ് സമ്പര്‍കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തി അവരെ ബന്ധപ്പെടണമെന്ന് അറിയിച്ചിരിക്കുകയാണ്. വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ശാസ്താംകോട്ട, പടിഞ്ഞാറെകല്ലട, ശൂരനാട് തെക്ക്, മൈനാഗപ്പള്ളി പഞ്ചായത്തുകളിലെ 18 വാർഡുകൾ കണ്ടൈന്‍മെന്റ്‌ സോണുകളാക്കിയിരുന്നു.

കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ശാസ്താംകോട്ട പഞ്ചായത്ത് പൂർണ്ണമായും കണ്ടൈന്‍മെന്റ് സോണാക്കിയിരുന്നു. തുടര്‍ന്ന് ഈ പ്രദേശങ്ങൾ പൂർണ്ണമായും അടച്ചു. ജില്ലയില്‍ ചവര, പന്മന ഗ്രാമപഞ്ചായത്തുകളിലും സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ പ്രത്യേകം നിരീക്ഷണം ഏര്‍പ്പെടുത്തി നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു. കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചിട്ടുള്ളു.

ENGLISH SUMMARY:covid com­mu­ni­ty spread in kol­lam
You may also like this video