സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി

September 16, 2021, 10:25 pm

കോവിഡ് സാഹചര്യം മറച്ചുവച്ചു; ഐസിഎംആര്‍ പ്രതിക്കൂട്ടില്‍

രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി ഐസിഎംആര്‍ വഴങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് വാക്സിന്‍ നയങ്ങളിലും രാഷ്ട്രീയ സമ്മര്‍ദ്ദം
Janayugom Online

മോഡിസർക്കാരിന്റെ രണ്ട് അജണ്ടകൾ നടപ്പിലാക്കാൻ ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (ഐസിഎംആര്‍) രണ്ടാം തരംഗമെന്ന മുന്നറിയിപ്പ് മറച്ചുവച്ചതായി റിപ്പോര്‍ട്ട്. യുഎസ് മാധ്യമമായ ന്യൂയോർക്ക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡിൽ തകർന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുക, ബിഹാർ തെരഞ്ഞെടുപ്പിനായി പ്രചാരണം തുടങ്ങുക എന്നീ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഐസിഎംആര്‍ വഴങ്ങിയെന്നാണ് വെളിപ്പെടുത്തല്‍. സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബറിൽ രാജ്യത്തെ കോവിഡ് കണക്ക് പരമാവധിയിലെത്തുമെന്നും 2021 ഫെബ്രുവരി ആകുമ്പോഴേക്കും സ്ഥിതി നിയന്ത്രണവിധേയമാകുമെന്നും ഐസിഎംആർ പ്രഖ്യാപിച്ചു. പിന്നാലെ രാജ്യം കോവിഡിനെ അതിജീവിച്ചു എന്ന് പ്രധാനമന്ത്രി അവകാശവാദം ഉയര്‍ത്തി. എന്നാൽ രണ്ട് മാസത്തിന് ശേഷം മാർച്ചോടെ ഇന്ത്യയിലെ കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുത്തനെകൂടി നിരവധി പേരുടെ മരണത്തിനിടയാക്കി. ആദ്യ ലോക്ഡൗണിലെ നിയന്ത്രണങ്ങളിലൂടെ കോവിഡിനെ പിടിച്ചുകെട്ടിയെന്നാണ് ഐസിഎംആര്‍ അവകാശപ്പെട്ടിരുന്നത്. ലോക്ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ സജീവരോഗികളുടെ എണ്ണം ഒന്നരക്കോടിയിൽ എത്തുമായിരുന്നുവെന്നും 26 ലക്ഷം മരണങ്ങള്‍ സംഭവിക്കുമായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട പഠനത്തില്‍ ഐസിഎംആര്‍ പറഞ്ഞിരുന്നു. ഐസിഎംആര്‍ സ്വീകരിച്ച ഗണിതശാസ്ത്ര മാതൃക രണ്ടാം കോവിഡ് തരംഗം പ്രവചിക്കുന്നതിലും തീവ്രത കണക്കാക്കുന്നതിലും വന്‍ പരാജയവുമായി മാറി.

 


ഇതുകൂടി വായിക്കു: രണ്ടാം ഡോസ് വേറെ വാക്സിനാകാം; ‘വാക്സീൻ മിക്സ്’ പ്രതിരോധശേഷി കൂട്ടുമെന്ന് ഐസിഎംആർ


 

 

മുന്നറിയിപ്പുകളിലെ പിഴവ് ചൂണ്ടിക്കാണിച്ച ശാസ്ത്രജ്ഞനായ അനുപ് അഗർവാളിന് ഐസിഎംആറിൽ നിന്ന് രാജി വയ്ക്കേണ്ടിവന്നെന്നും, രണ്ടാംതരംഗത്തിന്റെ ഭീഷണി വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ വെബ്സൈറ്റിൽ നിന്ന് പിൻവലിപ്പിച്ചെന്നും ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിലുണ്ട്. കൂടാതെ വാക്സിനുകളുടെ അനുമതിയിലും വികസനഘട്ടത്തിലും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം കോവിഡ് നിയന്ത്രണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അജണ്ടയാണ് ഇതെന്ന് ഐസിഎംആർ മേധാവി ബൽറാം ഭാർഗവ പ്രതികരിച്ചു. ആരോഗ്യ മന്ത്രാലയവും ഐസിഎംആറും പൂർണ ശ്രദ്ധ നൽകുന്നത് കോവിഡ് നിയന്ത്രണത്തിനാണെന്നും റിപ്പോർട്ട് അപലപനീയമാണെന്നും ഐസിഎംആർ മേധാവി പറഞ്ഞു.

ENGLISH SUMMARY:Covid con­cealed the sit­u­a­tion; ICMR as defendant
You may also like this video