കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കോൺഗ്രസ് മാർച്ച്

Web Desk

ശാസ്താംകോട്ട

Posted on September 19, 2020, 10:32 pm

കോവിഡ് മാനദണ്ഡങ്ങളും ഹൈക്കോടതി നിർദ്ദേശവും കാറ്റിൽ പറത്തി നടത്തിയ കോൺഗ്രസ് മാർച്ചിനെതിരെ പ്രതിഷേധം വളരുന്നു. ഇന്നലെ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിനെതിരെയാണ് നാട്ടിലാകെ പ്രതിഷേധം പടരുന്നത്.

സാമൂഹിക അകലമോ, മാസ്കോ ഇല്ലാതെയാണ് പ്രവർത്തകർ പങ്കെടുത്തത്. കെപിസിസിയുടെ നിർദ്ദേശ പ്രകാരം കോവിഡിനെ നേരിടുന്ന സർക്കാരിന്റെ പ്രവർത്തനങ്ങളെ ഇകഴ്ത്തി കാട്ടാൻ രോഗികളുടെ എണ്ണം വർധിപ്പിക്കുന്നതിനു ഇരകളാകുകയായിരുന്നു താഴെ തട്ടിലെ പ്രവർത്തകർ. ആരോഗ്യ വകുപ്പ് ക്വാറന്റൈനില്‍ പോകാൻ നിർദ്ദേശിച്ചവരും കുടുംബാംഗങ്ങൾ കോവിഡ് പോസിറ്റീവ് ആയവരും മാർച്ചിൽ പങ്കെടുത്തത് സമൂഹത്തിന് വലിയ ഭീഷണി ഉയർത്തുന്നു. കഴിഞ്ഞ ദിവസം നടത്തിയ സമരാഭാസം ജനങ്ങളിൽ ഉയർത്തിയ പ്രതിഷേധത്തിന്റെ ജാള്യത മറയ്ക്കാനാണ് എംഎൽഎയുടെ വസതിയിലേക്ക് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് പട്ടകടവ് ജംഗ്ഷനിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.

തുടർന്ന് മദ്യ കുപ്പികളും, കല്ലും പൊലീസിന് നേരെ എറിഞ്ഞു പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. കല്ലേറിൽ പൊലീസുകാർക്ക് പരിക്കേറ്റു. തുണ്ടിൽ നൗഷദ്, ശാസ്താംകോട്ട സുധീർ, വൈ ഷാജഹാൻ, ദിനേശ് ബാബു തുടങ്ങി 35 പേരെ അറസ്റ്റ് ചെയ്യുകയും കണ്ടാലറിയാവുന്ന അൻപതോളം പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.

Eng­lish sum­ma­ry; covid-con­gress-march

You may also like this video;