February 5, 2023 Sunday

ഇറ്റലി കുടുംബം ആശുപത്രി വിട്ടു; യാത്രയയപ്പ് വികാരനിർഭരം

എ ബിജു
പത്തനംതിട്ട
March 30, 2020 4:23 pm

‘അറിയാതെ സംഭവിച്ച പിഴവാണ്, എല്ലാവരും മാപ്പാക്കണം… ” കോവിഡ് 19‑ൽ നിന്നു മുക്തിനേടി പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസലേഷൻ വാർഡിൽനിന്നു പുറത്തിറങ്ങിയ ഐത്തല കുടുംബത്തിലെ മകൻ കൈകൂപ്പി നിറകണ്ണുകളോടെ പറഞ്ഞപ്പോൾ ഒപ്പം നിന്ന ഡോക്ടർമാരും നെഴ്സ് ഉൾപ്പെടെയുള്ള ജീവനക്കാരുടെയും കണ്ണുകൾ നിറഞ്ഞു. കൊറോണ വാഹകരായി ഇറ്റലിയിൽ നിന്ന് എത്തിയ റാന്നി ഐത്തല പട്ടയിൽ മോൻസി ഏബ്രഹാം (55), ഭാര്യ രമണി (53), മകൻ റിജോ (26), മോൻസിയുടെ നാട്ടിലുള്ള സഹോദരൻ പി എ ജോസഫ് (61), ഭാര്യ ഓമന (59) എന്നിവരാണ് രോഗമുക്തരായി ഇന്നലെ ആശുപത്രി വിട്ടത്.
”ഒരിക്കലും വീട്ടിലേക്കു തിരിച്ചുപോകാമെന്നു ഞങ്ങൾ കരുതിയിരുന്നില്ല. സർക്കാർ, മന്ത്രി ഷൈലജ ടീച്ചർ, ജില്ലാ കലക്ടർ, ഡോക്ടർമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ അവസരോചിതമായ ഇടപെടലുകൾ ഞങ്ങളുടെ ജീവൻ രക്ഷിച്ചു. ഒപ്പം ഈശ്വരന്റെ തുണയും. ഞങ്ങൾക്ക് ഇവിടെ വീട്ടിലേക്കാൾ സുഖമായിരുന്നു. ഒന്നിനും ഒരുകുറവും ഉണ്ടായില്ല. ആവശ്യത്തിന് ഭക്ഷണം, വസ്ത്രം, മറ്റ് അവശ്യവസ്തുക്കൾ, പരിചരിക്കാൻ ആവശ്യത്തിന് ആശുപത്രി ജീവനക്കാർ. രാത്രി സമയങ്ങളിൽ പോലും ഡോക്ടർമാരുൾപ്പെടെയുള്ളവർ ആരോഗ്യനില അറിയുന്നതിനായി നിരവധി തവണ എത്തി. ഇത്രയും ദിവസം ആശുപത്രിയിൽ കഴിഞ്ഞതിലും ഒരു വിഷമവും ഇല്ല. ആദ്യം കുറച്ചുവിഷമം തോന്നി. പിന്നീട് അതും മാറി… ” കുടുംബാംഗങ്ങൾ പറഞ്ഞു.

24 ദിവസങ്ങളാണ് ഇവർ ആശുപത്രിയിൽ കഴിച്ചുകൂട്ടിയത്. മാർച്ച് എട്ടിനാണ് കുടുംബത്തിലെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ബന്ധുക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് വികാരനിർഭരമായ യാത്രയയയപ്പാണ് ആശുപത്രി ജീവനക്കാർ നൽകിയത്.
പത്തനംതിട്ട ജനറൽ ആശുപത്രി ആർ. എം. ഒ: ഡോ. ആശിഷ് മോഹൻ കുമാർ, ഡോ. ശരത് തോമസ് റോയി, ഡോ. നസ്ലിൻ എം സലാം, ഡോ. ജയശ്രി, പരിചരിച്ച നഴ്സുമാർ, ആശുപത്രിയിലെ മറ്റു ജീവനക്കാർ എല്ലാവരും ചേർന്നു കൈയ്യടിച്ചാണ് ഇവരെ പുറത്തേക്കുകൊണ്ടുവന്നത്. ജില്ലാ കളക്ടർ പി ബി നൂഹിന്റെ നിർദ്ദേശപ്രകാരം ആദ്യം മധുരംനൽകി. അത്താഴത്തിനുള്ള ഭക്ഷണവും ജനറൽ ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ വകയായി ഒരു ദിവസത്തേക്കുള്ള അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയും ഉൾപ്പെടെ നൽകിയാണ് ഇവരെ സന്തോഷത്തോടെ വീട്ടിലേക്കു യാത്രയാക്കിയത്. ഇനിയുള്ള 14 ദിവസം കൂടി ഇവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. അതിനുശേഷം ഒരു പരിശോധന കൂടി ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു. കുടുംബം ചികിത്സയോടും ജീവനക്കാരോടും പൂർണമായി സഹകരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തങ്ങളുടെ പ്രയത്നത്തിനു ഫലമുണ്ടായതിന്റെ സന്തോഷത്തിലാണ് ജീവനക്കാർ.

റാന്നി കുടുംബാംഗങ്ങളിലൂടെ കൊറോണ വൈറസ് ബാധ പിടിപെട്ട 11 പേരിൽ രണ്ടുപേരൊഴികെ എല്ലാവരുടെയും ഫലം നെഗറ്റീവായി. ഇവരുമായി ഇടപെട്ടതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന ആർക്കും ഇതുവരെ രോഗം പിടിപെട്ടിട്ടില്ല. വൈറസ് ബാധിതരായി കോട്ടയം മെഡിക്കല്‍ കോളേജ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മോൻസി ഏബ്രഹാമിന്റെ മകളും മരുമകനും കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. മകള്‍ റിയന്നക്ക് രോഗം പിടിപെട്ടില്ല. ഇവര്‍ ചെങ്ങളത്തുള്ള വീട്ടിലാണ്.
രോഗം പിടിപെട്ട് കോട്ടയംമെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വൃദ്ധ മതാപിതാക്കളുടെയും പരിശോധന ഫലം നെഗറ്റീവാണ്. അവരും അടുത്ത ദിവസങ്ങളില്‍ ആശുപത്രി വിടും. കുടുംബം വീട്ടിലെത്തുന്നത് കണക്കിലെടുത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ വീട് അണുവിമുക്തമാക്കിയിരുന്നു.
ഇറ്റലിയിൽനിന്നെത്തിയ കുടുംബം ഇടപഴകിയത് നൂറ് കണക്കിനാൾക്കാരുമായിട്ടായിരുന്നു. ഇവരെല്ലാം രോഗികളുടെ റൂട്ട് മാപ്പിലൂടെ കണ്ടെത്തി നിരീക്ഷണത്തിലായി. അന്നുമുതൽ റാന്നിയിൽ ഹർത്താൽ പ്രതീതിയായിരുന്നു. രോഗികളുമായി നേരിട്ട് ഇടപെട്ട 78 പേരുടെ നിരീക്ഷണ കാലാവധി ഇനിയും തീർന്നിട്ടില്ലെങ്കിലും ഇരുന്നൂറോളം പേരുടെ നിരീക്ഷണം 14 ദിവസം കൊണ്ട് പൂർത്തിയായി. പനിയും മറ്റും ഉണ്ടായവരുടെയൊക്കെ ഫലം നെഗറ്റീവായതോടെ നാടിന്റെ ആശങ്ക കുറഞ്ഞുതുടങ്ങിയിട്ടുണ്ട്.

 

Eng­lish Sum­ma­ry: Covid cured- ran­ni fam­i­ly left the hospital

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.