Web Desk

വാഷിങ്ടണ്‍

June 07, 2020, 8:47 am

കൊവിഡ് മരണം നാല് ലക്ഷം കടന്നു, രോഗബാധിതര്‍ എഴുപത് ലക്ഷത്തിലേക്ക് അടുക്കുന്നു

Janayugom Online

ആഗോളതലത്തില്‍ കൊവിഡ് മരണം നാല് ലക്ഷം കടന്നു. വേള്‍ഡോ മീറ്ററിന്റെ കണക്കുകള്‍ പ്രകാരം 4,01607 പേരാണ് ഇതുവരെ മരിച്ചത്. രോഗബാധിതരുടെ എണ്ണം 69,66,412 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 34,04,415 ആയി.

രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 19,88,461 ആണ് രോഗികളുടെ എണ്ണം. 24 മണിക്കൂറിനിടെ ഇവിടെ മരിച്ചവരുടെ എണ്ണം 749 ആണ്. ഇതോടെ അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 1,12,096 ആയി. അഞ്ച് ലക്ഷത്തോളം പേര്‍ ഇവിടെ രോഗമുക്തി നേടിയിട്ടുണ്ട്.

ബ്രസീലില്‍ 6,73,587 പേര്‍ക്ക് രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 27,581 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 910 മരണവും റിപ്പോര്‍ട്ട് ചെയ്തു. റഷ്യയില്‍ മരണം 5,725 ആയി.

അതേസമയം സ്പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ആശ്വാസക്കണക്കുകളാണ് പുറത്ത് വരുന്നത്. സ്പെയിനില്‍ 24മണിക്കൂറിനിടെ ഒരു മരണം മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. പുതുതായി 332 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ബ്രിട്ടനില്‍ 204 പേരും ഇറ്റലിയില്‍ 72 പേരും ഒറ്റദിവസം മരിച്ചു. ചിലിയില്‍ 5,246 പേര്‍ക്കും പെറുവില്‍ 4,358 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മെക്സിക്കോയില്‍ രോഗികളുടെ എണ്ണം 4,346 ആയി.

eng­lish sum­ma­ry: Covid death cross­es 4 lakh

you may also like this video