18 April 2024, Thursday

Related news

December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023
April 10, 2023

ഇന്ത്യയില്‍ കോവിഡ് മരണം 40 ലക്ഷത്തിലധികമെന്ന് ലാന്‍സെറ്റ് പഠനം: അധിക മരണം കൂടുതല്‍ ഉത്തരാഖണ്ഡില്‍

Janayugom Webdesk
ന്യൂഡൽഹി
March 11, 2022 8:23 pm

കോവിഡിനെ തുടർന്ന് ലോകത്ത് ഏറ്റവും അധികം ആളുകൾ മരിച്ചത് ഇന്ത്യയിലെന്ന് ലാൻസെറ്റ് പഠന റിപ്പോർട്ട്. 2020–2021 വർഷത്തിൽ ഇന്ത്യയിൽ 40 ലക്ഷത്തിലധികം പേർ മരിച്ചിട്ടുണ്ടാകുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് ഔദ്യോഗികമായി രേഖപ്പെടുത്തിയ കണക്കിന്റെ എട്ട് ഇരട്ടിയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രേഖപ്പെടുത്തിയിരിക്കുന്ന മരണം 5,15,714 ആണ്.

ലോകത്തെ അധിക കോവിഡ് മരണങ്ങള്‍ കണ്ടെത്തുന്നതിനുവേണ്ടി ലാന്‍സെറ്റ് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകളുളളത്. 2020 മാര്‍ച്ച് മുതല്‍ 191 രാജ്യങ്ങളില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന മരണങ്ങള്‍ 59.4 ലക്ഷമാണെങ്കില്‍ യഥാര്‍ത്ഥത്തിലിത് 1.82 കോടി വരുമെന്ന് ലാന്‍സെറ്റ് ചൂണ്ടിക്കാട്ടുന്നു.

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്സ് ആന്റ് ഇവാല്യുവേഷ (ഐഎച്ച്എംഇ) നിലെ വിദഗ്ധരാണ് പഠനം നടത്തിയത്. മഹാമാരിയുടെ തുടക്കം മുതല്‍ ഇത്തരത്തില്‍ നിരവധി വിഷയങ്ങള്‍ സംബന്ധിച്ചുള്ള പ്രവചനങ്ങള്‍ ഐഎച്ച്എംഇ നടത്തിയിട്ടുണ്ട്.

മരണങ്ങള്‍ കൂടുതലുള്ള രണ്ടാമത്തെ രാജ്യം അമേരിക്കയാണ്. 24 മാസങ്ങള്‍ക്കുള്ളില്‍ 10.13 ലക്ഷം മരണങ്ങള്‍ യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് ഔദ്യോഗിക കണക്കിനേക്കാള്‍ 1.14 ഇരട്ടിയാണ്. ഈ കാലയളവില്‍ അഞ്ച് ലക്ഷത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റു രാജ്യങ്ങള്‍ റഷ്യ, മെക്സിക്കോ, ബ്രസീല്‍, ഇന്തോനേഷ്യ, പാകിസ്ഥാന്‍ എന്നിങ്ങനെയാണ്. 191 രാജ്യങ്ങളില്‍ ഈ ഏഴ് എണ്ണത്തിലാണ് അധിക കോവിഡ് മരണങ്ങളുടെ പകുതിയിലധികവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം എല്ലാ മരണങ്ങളും സംഭവച്ചിരിക്കുന്നത് കോവിഡ് ബാധ മൂലമാണോ എന്ന് പഠനത്തില്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ മഹാമാരി കാലഘട്ടത്തിലാണ് ഇത്രയധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സിവില്‍ രജിസ്ട്രേഷന്‍ സംവിധാന (സിആര്‍എസ്)പ്രകാരം 2018, 19 വര്‍ഷങ്ങളെ അപേക്ഷിച്ച് 20,21 വര്‍ഷങ്ങളിലുണ്ടായ അധിക മരണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 2020–21ല്‍ രാജ്യത്ത് 40.07 ലക്ഷം അധിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഐഎച്ച്എംഇ കണ്ടെത്തി. ഇന്ത്യയില്‍ കോവിഡ് മരണനിരക്ക് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ ഇരട്ടിയിലധികമാണെന്ന് നേരത്തെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അധിക മരണം കൂടുതല്‍ ഉത്തരാഖണ്ഡില്‍

ഉത്തരാഖണ്ഡ്, മണിപ്പുര്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, കര്‍ണാടക എന്നിങ്ങനെയാണ് മഹാമാരിക്കാലയളില്‍ അധിക മരണങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംസ്ഥാനങ്ങള്‍.

ഒരുലക്ഷം പേരില്‍ 200 അധിക മരണങ്ങളാണ് ഈ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം അരുണാചല്‍ പ്രദേശ്, ആന്ധ്രാ പ്രദേശ്, തെലങ്കാന, സിക്കിം, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഗോവ എന്നിവിടങ്ങളില്‍ ഒരുലക്ഷം പേരില്‍ 120.6 ശതമാനം എന്ന ആഗോള ശരാശരിയേക്കാള്‍ കുറവാണ് അധിക മരണങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ആകെ മരണങ്ങളുടെ കണക്കെടുത്താല്‍ മഹാരാഷ്ട്രയില്‍ ആറ് ലക്ഷവും ബിഹാറില്‍ മൂന്ന് ലക്ഷവും ഇക്കാലയളവില്‍ സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Eng­lish Summary:Covid death in India is over 40 lakh, accord­ing to Lancet study

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.