19 April 2024, Friday

Related news

December 22, 2023
December 10, 2023
September 1, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023

കോവിഡ് മരണ നിര്‍ണയം: സംസ്ഥാനത്ത് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍: മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ അടുത്ത മാസം മുതല്‍ പുതിയ സംവിധാനം

Janayugom Webdesk
തിരുവനന്തപുരം
September 30, 2021 3:55 pm

സംസ്ഥാനത്ത് കോവിഡ് 19 മരണങ്ങളുടെ നിര്‍ണയത്തിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐസിഎംആറിന്റേയും മാര്‍ഗനിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളിറക്കിയത്. മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കത്തക്ക വിധമമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. അര്‍ഹരായ എല്ലാവര്‍ക്കും പ്രയോജനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് 19 മരണ നിര്‍ണയ സമിതി (സി.ഡി.എ.സി) രൂപീകരിക്കുന്നതാണ്. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (അഡീഷണല്‍ ജില്ലാ കളക്ടര്‍), ജില്ലാ മെഡിക്കല്‍ ഓഫീസര്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍/ ജില്ലാ സര്‍വൈലന്‍സ് മെഡിക്കല്‍ ഓഫീസര്‍ (കോവിഡ്), ജില്ലയിലെ ഒരു മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം മേധാവി (ജില്ലയില്‍ മെഡിക്കല്‍ കോളേജ് ഇല്ലെങ്കില്‍ ഡിഎസ്ഒ (നോണ്‍ കോവിഡ്) പരിഗണിക്കും), സാംക്രമിക രോഗങ്ങളുടെ തലവനോ പൊതുജനാരോഗ്യ വിദഗ്ദ്ധനോ (ലഭ്യമാകുന്നിടത്തെല്ലാം) ഉള്‍പ്പെട്ട വിഷയ വിദഗ്ദ്ധന്‍ എന്നിവര്‍ ചേര്‍ന്നതാണ് ജില്ലാ മരണ നിര്‍ണയ സമിതി.

 


ഇതുകൂടി വായിക്കൂ:  കോവിഡ് : 30 ദിവസത്തിനുള്ളിൽ മരിച്ചവരെ ഉൾക്കൊള്ളിച്ച് പട്ടിക വിപുലമാക്കും


 

കോവിഡ് മരണം സബന്ധിച്ചുള്ള ആവശ്യത്തിനായി ഇ‑ഹെല്‍ത്ത് ഡെത്ത് ഇന്‍ഫോ വെബ്‌സൈറ്റ് (https://covid19.kerala.gov.in/deathinfo/) സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാനം പ്രഖ്യാപിക്കുന്ന കോവിഡ് മൂലം മരിച്ചവരുടെ പേര് വിവരം ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇതില്‍ ഉള്‍പ്പെടാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഓണ്‍ ലൈന്‍ മുഖേന അപേക്ഷിക്കാവുന്നതാണ്. മാത്രമല്ല ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കോവിഡ് മരണ രേഖയില്‍ തിരുത്തലുകള്‍ വരുത്താനും സാധിക്കുന്നതാണ്. ഓണ്‍ലൈനിലൂടെ തന്നെയാണ് അപേക്ഷയിന്‍മേല്‍ തീരുമാനമെടുക്കുന്നതും. ഒക്‌ടോബര്‍ 10 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുന്നതാണ്.

നേരത്തെ മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കും ആവശ്യമെങ്കില്‍ പുതിയ രീതിയിലുള്ള കോവിഡ് 19 മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന മരണ രജിസ്‌ട്രേഷന്‍ നമ്പര്‍ അവര്‍ ഓണ്‍ലൈനായി നല്‍കണം.

ലഭിക്കുന്ന അപേക്ഷകള്‍ വിശദമായ പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക കോവിഡ് 19 മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. ഇത് സംസ്ഥാന ചീഫ് രജിസ്ട്രാര്‍, ജനന മരണ രജിസ്ട്രാര്‍ എന്നിവരെ അറിയിക്കും. ലഭിക്കുന്ന അപേക്ഷകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കുന്നതാണ്. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് ജില്ലകള്‍ക്ക് ഇതുസംബന്ധിച്ച് പരിശീലനം നല്‍കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish Sum­ma­ry: Covid Death: New Guide­lines in the State: New Sys­tem for Obtain­ing Death Cer­tifi­cate from Next Month

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.