രാജ്യത്ത് മരണസംഖ്യ ഉയരുന്നു; രോഗികൾ 649

Web Desk
Posted on March 26, 2020, 10:02 pm

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുന്നു. ഇതുവരെ പതിനേഴുപേരാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. രാജ്യത്ത് രോഗബാധിതരായവരുടെ എണ്ണം 649 ആയി ഉയര്‍ന്നിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 130 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 112 രോഗബാധിതരുമായി കേരളമാണ് രണ്ടാം സ്ഥാനത്തുള്ളത്. അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 16 പേരാണ് രാജ്യത്ത് കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ചിട്ടുള്ളത്. ഗുജറാത്തിലെ അഹമ്മദാബാദിൽ 85കാരിയും ഭവ്‌നഗറിൽ 70കാരനും ഇന്നലെ മരിച്ചു.

ഇതോടെ ഗുജറാത്തിലെ മരണസംഖ്യ മൂന്നായി ഉയർന്നു. പുതിയ നാല് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 43 ആയി. ജമ്മു കശ്മീരിലെ ശ്രീനഗറിൽ 65കാരനാണ് മരിച്ചത്. രണ്ടുദിവസം മുന്‍പ് രോഗം സ്ഥിരീകരിച്ച ഇയാള്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ യാത്ര ചെയ്തിരുന്നു. മധ്യപ്രദേശിലെ ഇൻഡോറിൽ കോവിഡ് രോഗബാധ സംശയിക്കുന്നയാൾ മരിച്ചു. ഇയാളുടെ പരിശോധനാഫലം കാത്തിരിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇൻഡോറിൽ തന്നെ അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇരുപതായി.

ഗോവയിൽ ആദ്യമായി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. അമേരിക്ക, സ്‌പെയിൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ യാത്ര ചെയ്തവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഉത്തർപ്രദേശിൽ നാലുപേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇവിടെ കോവിഡ് ബാധിതരുടെ എണ്ണം 42 ആയി. ഛത്തീസ്ഗഡിൽ ഇതുവരെ ആറുപേർക്കും പശ്ചിമബംഗാളിൽ പത്തുപേർക്കും രോഗം സ്ഥിരീകരിച്ചു. രാജസ്ഥാനിൽ രണ്ട് പേർ കൂടി രോഗബാധിതരായതോടെ എണ്ണം 41 കടന്നു. കർണാടകയിൽ കോവിഡ് ബാധിതരുടെ സംഖ്യ 55 ആയിട്ടുണ്ട്.

Eng­lish Sum­ma­ry: covid death rate in India

You may also like this video