ലോകരാജ്യങ്ങളിലായി കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. മരണം 8000 ആയി ഉയർന്നു. ഇതോടെ ലോകത്ത് സാർസ് മൂലം മരിച്ചവരേക്കാൾ ജീവൻ നഷ്ടമായിട്ടുണ്ട്. അതിനിടെ ദക്ഷിണ ഏഷ്യൻ രാജ്യങ്ങൾക്ക് രോഗം കൂടുതൽ വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ചൈനയിൽ കോവിഡ് 19 ബാധിച്ച് 81,102 പേർ ചികിത്സയിലുണ്ട്. ഇറ്റലിയിൽ 31,506 പേരാണ് ചികിത്സയിലുള്ളത്. ഇറാനിൽ 16,169 പേരും സ്പെയിനിൽ 13,716 പേരും രോഗബാധിതരാണ്.
ജർമ്മനി, ദക്ഷിണ കൊറിയ, ഫ്രാൻസ്, യുഎസ്എ എന്നീ രാജ്യങ്ങളിലും പതിനായിരത്തോളം പേരിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിലെ ഹുബൈ പ്രവിശ്യയിൽ 3,122 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2,503 പേർക്ക് ഇറ്റലിയിൽ ജീവൻ നഷ്ടമായി. ഇറാനിൽ 988 പേരും മരിച്ചു. ചൈനയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഫലംകണ്ടുവെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ ഹുബൈ പ്രവിശ്യയിൽ ആകെ ഒരു കേസ് മാത്രമാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ആകെ 82,032 പേർ രോഗബാധയിൽ നിന്നും മുക്തിനേടിയെന്നും ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ ഗ്ലോബൽ ഡാഷ്ബോർഡ് സൂചിപ്പിക്കുന്നു.
അതേസമയം ഇന്ത്യ ഉൾപ്പെടെ ദക്ഷിണ ഏഷ്യൻ രാജ്യങ്ങളിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നും കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. രോഗബാധ വർധിച്ചതോടെ മലേഷ്യ, ഫിലിപ്പൈന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുകയാണ്. മലേഷ്യയിൽ 673 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫിലിപ്പൈൻസിൽ 202 പേർ രോഗബാധിതരാണ്. നിരവധി ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയിട്ടുണ്ട്. തായ്വാനില് ഇന്നലെ 23 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പാകിസ്ഥാനില്‍ 254 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.
രാജ്യത്ത് രോഗബാധിതരുടെ എണ്ണം 152
ഇന്ത്യയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 152 ആയി. കേരളത്തില്‍ 27 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഇതുവരെ മൂന്നുപേരാണ് മരിച്ചത്. കോവിഡ് ബാധ ഇന്ത്യയില്‍ രണ്ടാംഘട്ടത്തിലേക്ക് കടന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിരീക്ഷിച്ചു. യുകെയില്‍ നിന്ന് തിരികെയെത്തിയ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ തെലങ്കാനയിൽ കോവിഡ് ബാധിതരുടെ എണ്ണം ആറായി വര്‍ധിച്ചു. കര്‍ണാടകയില്‍ രണ്ടുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 13 ആയി. അമേരിക്കയില്‍ നിന്ന് മാര്‍ച്ച് ആറിന് ബംഗളൂരുവിലെത്തിയ 56 വയസ്സുകാരനും സ്പെയിനില്‍ നിന്ന് മടങ്ങിയെത്തിയ 25 വയസ്സുകാരിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കരസേനയിലെ ഒരു സൈനികന് കൊറോണ സ്ഥിരീകരിച്ചു. ലഡാക്കിലെ ലേയില്‍ നിയോഗിച്ച മുപ്പത്തിനാലുകാരനായ സൈനികനാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. നാലു ദിവസം മുന്‍പ് ഇന്തോനേഷ്യയില്‍ നിന്ന് തിരിച്ചെത്തിയയാളില് നോയിഡയില്‍ രോഗം സ്ഥിരീകരിച്ചു. വിദേശരാജ്യങ്ങളില്‍ കഴിയുന്ന 276 ഇന്ത്യന്‍ പൗരന്മാര്ക്കാണ് ഇതിനകം കൊവിഡ് 19 സ്ഥിരീകരിച്ചതെന്ന് വിദേശകാര്യ മന്ത്രി ലോക്സഭയില്‍ അറിയിച്ചു. ഇറ്റലിയില്‍ 255 പേര്‍ക്കും യുഎഇയില്‍ 12 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഹോങ്കോങ്, കുവൈറ്റ്, റുവാണ്ട, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ ഓരോ ഇന്ത്യക്കാര്‍ക്കാണ് കൊറോണ ബാധയുള്ളതായി കണ്ടെത്തിയത്.
ENGLISH SUMMARY: covid death rate increases to 8000
YOU MAY ALSO LIKE THIS VIDEO