Web Desk

ന്യൂഡല്‍ഹി

June 25, 2021, 8:53 pm

ഡെൽറ്റ പ്ലസ് വൈറസ്; കൂടുതൽ സാന്നിധ്യം കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ, ജാഗ്രത ശക്തമാക്കാൻ നിർദ്ദേശം

Janayugom Online

രാജ്യത്ത് ഡെൽറ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചത് 50 പേർക്കെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. 11 സംസ്ഥാനങ്ങളിലായാണ് 50 പേർക്ക് രോ​ഗം സ്ഥിരീകരിച്ചത്. കേരളമുൾപ്പടെയുള്ള എട്ട് സംസ്ഥാനങ്ങളിലാണ് ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം കൂടുതലുള്ളത്. ഡല്‍ഹി, ഹരിയാന, ആന്ധ്ര, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിൽ ആണ് ഡെൽറ്റ വകഭേദത്തിന്റെ 50 ശതമാനത്തിൽ അധികവും ഉള്ളതെന്നും ആരോ​ഗ്യമന്ത്രാലയം പറഞ്ഞു.

നേരത്തെ തന്നെ കോവിഡ് ഡെൽറ്റ പ്ലസ് വൈറസ് വകഭേദത്തിനെതിരെ ജാഗ്രത ശക്തമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. വൈറസ് കണ്ടെത്തിയ സ്ഥലങ്ങളിൽ കർശന നിയന്ത്രണം വേണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പരിശോധന കൂട്ടി ക്വാറൻറൈൻ കർശനമാക്കി രോഗവ്യാപനം തടയാനാണ് കേന്ദ്രം, ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുള്ളത്.

കേരളത്തിൽ പാലക്കാട്, പത്തനംതിട്ട എന്നിവിടങ്ങളിലും മഹാരാഷ്ട്രയിലെ രത്നഗിരി, ജാൽഗാവ്, മധ്യപ്രദേശിലെ ഭോപ്പാൽ, ശിവപുരി എന്നിവിടങ്ങളിലാണ് കോവിഡിന്റെ രൂപമാറ്റം സംഭവിച്ച വൈറസുകളെ കണ്ടെത്തിയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. രാജ്യത്ത് ഇതുവരെ ഡെൽറ്റ പ്ലസിന്റെ പുതിയ വകഭേദമായ ബി. 1.617.2 ന്റെ നാൽപതു കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പുതിയ വൈറസ്ബാധ സ്ഥിരീകരിച്ച മേഖലകളിൽ കർശനമായ ലോക്ഡൗൺ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണം എന്നാണ് ചൊവ്വാഴ്ച കേന്ദ്രം ബന്ധപ്പെട്ട സംസ്ഥാനങ്ങളോടു നിർദ്ദേശിച്ചത്. രൂപമാറ്റം സംഭവിച്ച കോവിഡ് വൈറസുകളുടെ വ്യാപനത്തിൽ കാര്യമായ വർധനവ് ഉണ്ടായിട്ടില്ലെന്നും 45,000 ൽ അധികം സാമ്പിളുകൾ പരിശോധന നടത്തിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

അതേസമയം, കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച് മഹാരാഷ്ട്രയിൽ ഒരാൾ കൂടി മരിക്കുകയും ചെയ്തു. രത്നഗിരിയിൽ 80 വയസ്സുള്ള സ്ത്രീയാണ് മരണമടഞ്ഞതെന്ന് ആരോഗ്യ മന്ത്രി രാജേഷ് തോപെ അറിയിച്ചു. ചികിത്സയിലുള്ള മറ്റുള്ളവരുടെ നില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു. മധ്യപ്രദേശിൽ ഇതിനകം രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Eng­lish sum­ma­ry: Covid Delta Plus vari­ant india updates
You may also like this video;