September 29, 2022 Thursday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

കോവിഡ് മരുന്നുകൾ സാധാരണക്കാരിലെത്തണം; ആഗോള മരുന്ന് കുത്തകകളെ വെല്ലുവിളിച്ച് ഓപ്പൺ സോഴ്സ് കോവിഡ് പ്രസ്ഥാനം കരുത്താർജ്ജിക്കുന്നു

ഷിബു ടി ജോസഫ്
കോഴിക്കോട്
May 23, 2020 6:06 pm

കോവിഡ് 19ന്റെ വ്യാപനം രൂക്ഷമായി തുടരുമ്പോൾ ഇതിനെതിരായ വാക്സിനുകളുടെയും മറ്റ് ഔഷധങ്ങളുടെയും പരീക്ഷണങ്ങൾ ഓപ്പൺ സോഴ്സ് രീതിയിലായിരിക്കണമെന്ന ആവശ്യം അന്താരാഷ്ട്രതലത്തിൽ ശക്തിപ്പെടുന്നു. ഈ ആവശ്യം ആദ്യം ഉന്നയിച്ചവരുടെ പട്ടികയിൽ കേരള സർക്കാരുമുണ്ടെന്നതാണ് എടുത്തുപറയേണ്ട സംഗതി. ലോകാരോഗ്യ സംഘടനയിലെ വിദഗ്ധർ അടക്കമുള്ളവർ അതിശക്തമായി തന്നെ ഇതിനായുള്ള പ്രചാരണം നടത്തുന്നുമുണ്ട്. കോവിഡ് വാക്സിൻ കണ്ടെത്തിക്കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ലോകത്തെല്ലായിടത്തും ലഭ്യമാക്കാനും അതിന്റെ വ്യാപകമായ ഉത്പാദനം സാധ്യമാകാനും നിലവിലെ പേറ്റെന്റ് നിയമങ്ങൾ വലിയ തടസ്സമാണ്.

അതിനാൽ വാക്സിന് എല്ലാവർക്കും ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ബദൽ അന്വേഷണമാണ് ഓപ്പൺ സോഴ്സ് കോവിഡ് എന്ന നിലയിൽ ആരോഗ്യരംഗത്തെ സംഘടനകളും വിദഗ്ധരും വിവിധ സർക്കാരുകളും മുന്നോട്ടുവയ്ക്കുന്നത്. ഐക്യരാഷ്ട്ര സഭയും ലോകത്തെ പ്രമുഖ രാജ്യങ്ങളും ഇതിനായി രംഗത്തെത്തണമെന്നും ഓപ്പൺ സോഴ്സ് കോവിഡ് പ്രസ്ഥാനത്തിന്റെ അണിയറക്കാർ ശക്തമായ ആവശ്യം ഉന്നയിക്കുന്നുണ്ട്. കോവിഡിനെതിരെയുള്ള വാക്സിൻ പരീക്ഷണങ്ങൾ ലോകത്തെമ്പാടും നടന്നുകൊണ്ടിരിക്കുകയാണ്. ചൈനയിലും ഇസ്രയേലിലും അടക്കം പരീക്ഷണങ്ങൾ അവസാനഘട്ടത്തിലെന്നാണ് സൂചന. ഇന്ത്യയിലും കോവിഡ് വാക്സിൻ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

ആഗോള കുത്തക മരുന്നുകമ്പനികളാണ് ഇതിന് പിന്നിൽ അണിനിരന്നിരിക്കുന്നതും. ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളെയും ഭീതിയിലാഴ്ത്തിയ ഈ മഹാമാരിയെ അമർച്ച ചെയ്യാൻ വാക്സിൻ കണ്ടെത്തുകയല്ലാതെ മറ്റ് വഴികളില്ല. ആഗോള മരുന്നുകുത്തകകൾ കോവിഡ് വാക്സിൻ എന്ന ചാകരയിലേക്ക് കണ്ണുനട്ടിരിക്കുമ്പോഴാണ് ഓപ്പൺ സോഴ്സ് ഓപ്പൺ സോഴ്സ് കോവിഡ് പ്രസ്ഥാനം കരുത്താർജ്ജിച്ചുകൊണ്ടിരിക്കുന്നത്. ആഗോള മരുന്ന് കമ്പനികൾ കോവിഡ് വാക്സിന് പേറ്റെന്റ് എടുത്താൽ അത് ലോകമെങ്ങും മരണക്കെടുതി അനുഭവിക്കുന്ന സാധാരണക്കാരന് താങ്ങാനാവാത്ത വിലയായിരിക്കും അവർ ഈടാക്കുക.

you may also like this video;

ലോകത്തെമ്പാടും ദരിദ്രജനവിഭാഗങ്ങൾ താമസിക്കുന്ന ചേരികളിൽ വരെ കോവിഡ് മരണനൃത്തം ചവിട്ടുമ്പോൾ കുത്തക മരുന്നുകമ്പനികൾ പുറത്തിറക്കുന്ന വാസ്കിനുകൾ അവർക്ക് താങ്ങാൻ കഴിയാതാവുകയും കോവിഡ് എന്ന മഹാമാരിയെ ഇല്ലാതാക്കാനുള്ള പരിശ്രമങ്ങൾക്ക് അത് തുരങ്കം വയ്ക്കുകയും ചെയ്യും. നിലവിൽ മനുഷ്യർക്ക് ഭീഷണിയായ മറ്റ് മഹാമാരികൾക്ക് എതിരായ വാസ്കിനുകൾക്കും മറ്റ് ജീവൻരക്ഷാ ഓഷധങ്ങൾക്കും വികസിത രാജ്യങ്ങളിൽ അടക്കം വൻ വിലയാണ് ഈടാക്കുക. പേറ്റെന്റ് കാലാവധി കഴിഞ്ഞതിന് ശേഷം മാത്രമേ വ്യാപകമായ ഉത്പാദനത്തിനും സൗജന്യനിരക്കിലുള്ള വിതരണത്തിനും നിലവിലെ നിയമം അനുസരിച്ച് സാധുതയുള്ളൂ. മരുന്ന് മേഖലയിൽ അടക്കം പേറ്റെന്റ് നിയമങ്ങൾ അതീവശക്തമായതിനാലാണ് കോവിഡ് വാക്സിന് എല്ലാവർക്കും വലിയ പണച്ചെലവില്ലാതെ ലഭ്യമാക്കുന്നതിന് ബദൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഉയർന്നിരിക്കുന്നത്.

കോവിഡിനെതിരായുള്ള ഫലപ്രദമായ വാക്സിന് കണ്ടെത്തിയാൽ അത് രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെയും പങ്കുവയ്ക്കലിന്റെയും അടിസ്ഥാനത്തിൽ ദരിദ്രജനവിഭാഗങ്ങളിൽ വരെ എത്തിക്കുക എന്ന ലക്ഷ്യമാണ് ഓപ്പൺ സോഴ്സ് കോവിഡ് പ്രസ്ഥാനത്തിന്റെ വക്താക്കൾ ഇതിനകം മുന്നോട്ടുവച്ചിരിക്കുന്നത്. യൂറോപ്പിലെയും ഏഷ്യയിലെയും ഒട്ടേറെ രാജ്യങ്ങൾ ഇതിന് അനുകൂലമായ നിലപാട് ഇതിനകം സ്വീകരിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ രംഗത്ത് ലോകത്തിന് മാതൃകയാകും വിധം വൻബദൽ മുന്നോട്ടുവയ്ക്കുകയും വൻ വിജയം നേടുകയും ചെയ്ത സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ മാതൃക മുന്നിൽവച്ചാണ് ആഗോളതലത്തിൽ കോവിഡ് കാലത്ത് ഓപ്പൺ സോഴ്സ് കോവിഡ് പ്രസ്ഥാനം കരുത്താർജ്ജിച്ചുകൊണ്ടിരിക്കുന്നത്.

ആഗോള കമ്പ്യൂട്ടർ കുത്തക കമ്പനികൾ കൊള്ളലാഭം കൊയ്തെടുത്തുകൊണ്ടിരിക്കുമ്പോൾ അതിന് ബദലായി സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനം നടത്തിയ പരീക്ഷണങ്ങൾ വലിയ വിജയത്തിലെത്തിയിരുന്നു. ഇതേ മാതൃകയിൽ സാധാരണക്കാരിനിലേക്ക് വരെ കോവിഡ് വാക്സിന് എത്തിയാൽ മാത്രമേ ഈ മഹാമാരിയെ ലോകത്തുനിന്നും തുടച്ചുമാറ്റാനാകൂ. നിലവിലെ പേറ്റെന്റ് വ്യവസ്ഥ അനുസരിച്ച് ഇരുപത് വർഷക്കാലത്തേയ്ക്ക് മരുന്നുകളുടെ വിപണനാധികാരം കുത്തക കമ്പനികൾക്ക് ആയിരിക്കും. കോവിഡ് എന്ന മഹാമാരിയെ തങ്ങളുടെ പണക്കൊതിക്ക് ഇരയാക്കി സാധാരണക്കാരന്റെ ജീവിതം പന്താടാനായിരിക്കും ആഗോള മരുന്നുകുത്തകകളുടെ ശ്രമവും.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.