കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഓരോ ലക്ഷണങ്ങൾ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. ചെവിക്കും തലയ്ക്കുമുള്ളിൽ ഇരമ്പൽ അല്ലെങ്കിൽ മൂളൽ പോലൊരു ശബ്ദം കേൾക്കുന്ന രോഗാവസ്ഥയാണ് ടിന്നിറ്റസ്. ലോകജനസംഖ്യയുടെ 10 മുതൽ 15 ശതമാനം വരെ ടിന്നിറ്റസ് അനുഭവിക്കുന്നുണ്ടെന്ന് കണക്കാക്കുന്നു.
പ്രായം കൂടുന്നതിനോട് അനുബന്ധിച്ചുള്ള കേൾവി നഷ്ടം, ചെവിക്കുണ്ടാകുന്ന എന്തെങ്കിലും തരത്തിലുള്ള ക്ഷതം എന്നിവയെല്ലാം ടിന്നിറ്റസിലേക്ക് നയിക്കാറുണ്ട്. കോവിഡ്-19 ടിന്നിറ്റസ് ലക്ഷണങ്ങൾ മൂർച്ഛിപ്പിക്കുന്നതായി യുകെയിലെ ആംഗ്ലിയ റസ്കിൻ സർവകലാശാല നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. സ്ത്രീകൾക്കും 50 വയസ്സിന് താഴെ പ്രായമുള്ളവർക്കുമാണ് മഹാമാരിക്കാലത്ത് ടിന്നിറ്റസ് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും പഠനറിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
ബ്രിട്ടീഷ് ടിന്നിറ്റസ് അസോസിയേഷന്റെയും അമേരിക്കൻ ടിന്നിറ്റസ് അസോസിയേഷന്റെയും സഹകരണത്തോടെ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ഫ്രണ്ടിയേഴ്സ് ഇൻ പബ്ലിക് ഹെൽത്ത് എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്. 48 രാജ്യങ്ങളിലെ 3103 ടിന്നിറ്റസ് രോഗികളെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്.
പഠനത്തിൽ പങ്കെടുത്ത 40 ശതമാനം ടിന്നിറ്റസ് രോഗികളും കോവിഡ് 19 തങ്ങളുടെ പ്രശ്നം രൂക്ഷമാക്കിയതായി അഭിപ്രായപ്പെട്ടു. മുൻപ് ടിന്നിറ്റസ് ഉള്ളവരിലാണ് പഠനം ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിലും ഒരു ചെറിയ ശതമാനം പേർ തങ്ങൾക്ക് കോവിഡിനോട് അനുബന്ധിച്ചാണ് ടിന്നിറ്റസ് പ്രത്യക്ഷമായതെന്ന് അഭിപ്രായപ്പെട്ടു.
കോവിഡിന്റെ ലക്ഷണമായും ടിന്നിറ്റസിനെ പരിഗണിക്കാമെന്ന് ഈ പഠനം ചൂണ്ടിക്കാണിക്കുന്നു. കോവിഡ് പിടിപെടുമോ എന്നുള്ള ഭയം, സാമ്പത്തിക പ്രശ്നങ്ങൾ, ഒറ്റപ്പെടൽ, ഉറക്കക്കുറവ് എന്നിവ ടിന്നിറ്റസ് രൂക്ഷമാക്കുന്നതിൽ സ്വാധീനം ചെലുത്തുന്നതായി 32 ശതമാനം പേർ പറയുന്നു. വിഡിയോകോളുകളുടെ ആധിക്യം, ശബ്ദമുഖരിതമായ വീടുകൾ, ഹോം സ്കൂളിങ്ങ്, കാപ്പിയുടെയും മദ്യത്തിന്റെയും വർധിച്ച ഉപയോഗം എന്നിവയും ടിന്നിറ്റസ് രൂക്ഷമാകാനുള്ള കാരണങ്ങളായി ചിലർ ചൂണ്ടിക്കാട്ടി.
English summary; covid ear infection health
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.