റെജി കുര്യന്‍

ന്യൂഡല്‍ഹി

May 13, 2020, 9:55 pm

സാമ്പത്തിക പാക്കേജ് വെറും സ്വപ്നം മാത്രം

Janayugom Online

ലോക്ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്കായി ഈടില്ലാതെ മൂന്ന് ലക്ഷം കോടി വായ്പ അനുവദിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ കോവിഡ് പാക്കേജിന്റെ വിശദാംശങ്ങളാണ് ധനമന്ത്രി പുറത്തു വിട്ടത്.

സൂക്ഷ്മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) സംരഭങ്ങള്‍ക്കാണ് ഈടില്ലാതെ വായ്പ നല്‍കുക. 100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ് വായ്പ ലഭിക്കുക. നാല് വര്‍ഷമാണ് വായ്പാ കാലാവധി. ഒക്ടോബര്‍ 31 വരെ വായ്പകള്‍ക്ക് അപേക്ഷിക്കാം. രാജ്യത്തെ 45 ലക്ഷം സംരഭകര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. വായ്പകളുടെ തിരിച്ചടവിന് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഇതിനു പുറമെ സൂക്ഷ്മ ഇടത്തരം ചെറുകിട വ്യവസായങ്ങളുടെ നിര്‍വചനവും പരിഷ്‌കരിച്ചു. സേവന ഉത്പാദന മേഖലകളെ യോജിപ്പിച്ചുള്ള പുതിയ നിര്‍വ്വചന പ്രകാരം ഒരു കോടി രൂപ വരെ നിക്ഷേപവും അഞ്ച് കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ സൂക്ഷ്മ വിഭാഗത്തിലും 10 കോടി നിക്ഷേപവും 50 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ ചെറുകിട വിഭാഗത്തിലും 20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവുമുള്ള സംരംഭങ്ങള്‍ ഇടത്തരം വിഭാഗത്തില്‍ പെടും.

ടിഡിഎസ്, ടിസിഎസ് നിരക്കില്‍ 25 ശതമാനം കുറവു വരുത്തി. പുതിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. കരാര്‍ തുക, വാടക, പലിശ, ലാഭ വിഹിതം, കമ്മിഷന്‍, ബ്രോക്കറേജ് തുടങ്ങിയവയ്ക്കാണ് ഇത് ബാധകം. ഇതിലൂടെ 50,000 കോടിയുടെ പണലഭ്യത വിപണിയില്‍ ഉറപ്പുവരുത്താനാകുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഏഴ് മേഖലകള്‍ക്കായി പതിനഞ്ചിന പാക്കേജാണ് ഇന്നലെ പ്രഖ്യാപിച്ചത്.
പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് 20,000 കോടി രൂപ, ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ശേഷി കൂട്ടാന്‍ 10,000 കോടി. നിലവിലുള്ള പദ്ധതിയായ പി എഫ് വിഹിതം മൂന്ന് മാസത്തേക്ക് കൂടി സര്‍ക്കാര്‍ അടയ്ക്കും. ഇതിനു പുറമെ നൂറില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ പി എഫ് വിഹിതം 10 ശതമാനമാക്കി കുറച്ചു.

സര്‍ക്കാര്‍ മേഖലയില്‍ 200 കോടി രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ആഗോള ടെന്‍ഡറില്ല. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പണ ലഭ്യത ഉറപ്പാക്കാന്‍ 30,000 കോടി. മൈക്രോ ഫിനാന്‍സ്, ഹൗസിങ് ഫിനാന്‍സ് മേഖലകളിലെ സ്ഥാപനങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതിന് പുറമെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പണലഭ്യത വര്‍ധിപ്പിക്കുന്നതിന് 45,000 കോടിയുടെ മറ്റൊരു പദ്ധതിയും പ്രഖ്യാപിച്ചു. ഭാഗിക ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം വഴിയാണ് ഇത് ലഭ്യമാക്കുക. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം നവംബര്‍ 30 വരെ നീട്ടി. ടാക്സ് ഓഡിറ്റിന് ഒക്ടോബര്‍ 31 വരെ കാലാവധി. ഊര്‍ജ്ജ വിതരണ കമ്പനികളുടെ നഷ്ടം നികത്താന്‍ 90,000 കോടി.

റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയുടെ പരിധിയില്‍ വരുന്ന പദ്ധതികളുടെ രജിസ്ട്രേഷനും പദ്ധതി പൂര്‍ത്തിയാക്കേണ്ട കാലാവധി ആറു മാസം നീട്ടി. 2020 മാര്‍ച്ച് 25‑നൊ അതിനു ശേഷമോ കാലാവധി പൂര്‍ത്തിയാകുന്ന പദ്ധതികള്‍ക്കാണ് പ്രയോജനം ലഭിക്കുക. റെഗുലേറ്ററി അഥോറിറ്റികള്‍ക്ക് ആവശ്യമെങ്കില്‍ സമയ പരിധി മൂന്ന് മാസത്തേക്കുകൂടി വീണ്ടും നീട്ടി നല്‍കാം. അതിനുശേഷം പുതിയ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണം. ഇതുസംബന്ധിച്ച ഉത്തരവ് ഭവന നിര്‍മ്മാണ‑നഗര വികസന മന്ത്രാലയങ്ങള്‍ പുറപ്പെടുവിക്കും.

ആത്മനിര്‍ഭര്‍ ഭാരത്, സ്വയാശ്രിത ഭാരതം എന്നാണ് സര്‍ക്കാര്‍ പുതിയ പ്രഖ്യാപനത്തിനു പേരു നിശ്ചയിച്ചിരിക്കുന്നത്. സാമ്പത്തിക വിപണിയില്‍ പണലഭ്യത ഉറപ്പാക്കാനും അതിലൂടെ ആഭ്യന്തര ചെറുകിട വ്യവസായ വളര്‍ച്ചയും തൊഴില്‍ സൃഷ്ടിയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 20 ലക്ഷം കോടിയുടെ ആദ്യഭാഗമാണ് ഇന്നലെ പുറത്തു വന്നത്. ബാക്കിയുള്ള പ്രഖ്യാപനങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

Eng­lish sum­ma­ry:  details about cen­tral gov­ern­men­t’s covid package

you may also like this video:\