ഡാലിയ ജേക്കബ്

ആലപ്പുഴ

April 17, 2021, 8:46 pm

കോവിഡ് വ്യാപനം; ആളൊഴിഞ്ഞ് ടൂറിസം മേഖല

Janayugom Online

കരകയറിത്തുടങ്ങിയ സംസ്ഥാനത്തെ ടൂറിസം മേഖല കോവിഡിന്റെ രണ്ടാം വരവിൽ വീണ്ടും പ്രതിസന്ധിയിലായി. ഒരാഴ്ചകൊണ്ട് വിനോദ കേന്ദ്രങ്ങളിൽ സഞ്ചാരികൾ കുറഞ്ഞു. പ്രായമുള്ളവർ ബുക്കിംഗുകൾ ക്യാൻസൽ ചെയ്തു. കോവിഡിന്റെ രണ്ടാംവരവ് വ്യാപകമാകുന്നതോടെ വീണ്ടുമൊരു അടച്ചുപൂട്ടൽകൂടി വരുമോയെന്ന ഭീതിയിലാണ് ടൂറിസം മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവർ. തിരിച്ചുവരവിന്റെ പാതയിലായിരുന്ന ടൂറിസം മേഖല ഡിസംബറോടെ പച്ചപിടിച്ചു തുടങ്ങിയപ്പോഴാണ് വീണ്ടും കോവിഡ് ഭീതി ഉയർന്നത്. വിദേശികളില്ലെങ്കിലും ഒക്ടോബറിന് ശേഷം മലയാളികളായ വിനോദ സഞ്ചാരികളാൽ സമ്പന്നമായിരുന്നു ഭൂരിഭാഗം വിനോദ സഞ്ചാര കേന്ദ്രങ്ങളും. ഈ മേഖലയെ ആശയിച്ച് ജീവിക്കുന്നവരുടെ ജീവിതവും മെല്ലെ മെച്ചപ്പെട്ട് തുടങ്ങിയതാണ്.

തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, നെയ്യാർ ബോട്ട് ക്ലബ്, വേളി, പൂവാർ, ആക്കുളം, കൊല്ലം ജില്ലയിലെ തെന്മല, ജടായുപാറ, പാലരുവി, പത്തനംതിട്ടയിലെ അടവി, ഗവി, കോട്ടയം ജില്ലയിലെ കുമരകം, ഇലവീഴാപൂഞ്ചിറ, അരുവിക്കുഴി, ഇല്ലിക്കൽ കല്ല്, വാഗമൺ മൊട്ടകുന്ന്, ഇടുക്കിയിലെ മൂന്നാർ ഗാർഡൻ, രാമക്കൽ മേട്, ഇരവികുളം, മാട്ടുപ്പെട്ടി, എറണാകുളം ജില്ലയിലെ ഭൂതത്താൻകെട്ട്, മറൈൻ ഡ്രൈവ്, തൃശൂർ ജില്ലയിലെ അതിരപ്പള്ളി, പാലക്കാട് ജില്ലയിലെ മലമ്പുഴ, സൈലന്റ് വാലി, വയനാട് ജില്ലയിലെ പൂക്കോട്, ഇടക്കൽഗുഹ, തോൽപ്പെട്ടി, മുത്തങ്ങ, ബ്രഹ്മഗിരി ഹിൽസ്, ബാണാസുര ഡാം എന്നീ വിനോദ സ‍ഞ്ചാര കേന്ദ്രങ്ങൾ തിരിച്ചു വരവിന്റെ പാതയിലായിരുന്നു.
സംസ്ഥാനത്തെ ചെറുതും വലുതുമായ വിനോദ കേന്ദ്രങ്ങളിൽ വേനൽ അവധിക്ക് വിനോദ സഞ്ചാരികൾ ഒഴുകുമെന്നായിരുന്നു ടൂറിസം വകുപ്പ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഒരാഴ്ചയോളമായി പത്ത് ശതമാനം പോലും ആളുകൾ എത്താത്ത അവസ്ഥയാണ്. മധ്യവേനലിൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ടൂറിസം വകുപ്പ് ക്യാപ്സ്യൂൾ വീഡിയോ ഉൾപ്പെടെ പല തരം പ്രോജക്ടുകളും മാസങ്ങൾക്ക് മുൻപ് തന്നെ തയ്യാറാക്കിയിരുന്നു. വനംവകുപ്പിന് കീഴിൽ ഫോറസ്റ്റ് ഡെവലപ്മെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിലുള്ള ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഈ സീസണുകളിൽ ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തിയിരുന്നത്.

വനംവകുപ്പിന് കീഴിലെ വനസംരക്ഷണ സമിതി അംഗങ്ങളാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ജോലിചെയ്തിരുന്നത്. ഇവരുടെ വരുമാനവും നിലച്ചു. തൃശൂർ, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്ന് ജനുവരി മുതൽ സഞ്ചാരികൾ ആലപ്പുഴയിൽ എത്തിയിരുന്നു. ജനുവരി മാസം മുതൽ ശനി, ഞായർ ദിവസങ്ങളിൽ ഹൗസ് ബോട്ടുകൾക്കും റിസോർട്ടുകൾക്കും ഒരുപോലെ ബുക്കിംഗുണ്ടായിരുന്നു. കോവിഡിന് ശേഷം ജീവനക്കാർക്കുള്ള ശമ്പളവും മറ്റും കൈയിൽ നിന്ന് കൊടുക്കുകയായിരുന്നു ഹൗസ് ബോട്ട് ഉടമകൾ.

പക്ഷേ, ഒരാഴ്ചായി കാര്യങ്ങൾ കൈവിട്ട് പോയ അവസ്ഥയിലാണെന്ന് ഹൗസ് ബോട്ട് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിനോദ് പറഞ്ഞു. സാധാരണ ഏപ്രിൽ‑മേയ് സീസണിൽ ധാരാളം പേരെത്താറുള്ളതാണ്. തമിഴ്‌നാട് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയതോടെ കോയമ്പത്തൂരിൽ നിന്നുൾപ്പെടെയുള്ള സന്ദർശകരുടെ വരവും നിലച്ചു. റംസാൻ വ്രതം തുടങ്ങിയതും ആളുകളുടെ തിരക്ക് കുറച്ചു. കോവിഡ് നിയന്ത്രണം കൂടുതൽ കർശനമാക്കിയാൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും വിജനമാകുമോയെന്ന ആശങ്കയുണ്ട്.

Eng­lish sum­ma­ry; covid expan­sion; Unoc­cu­pied tourism area

you may also like this video;