February 4, 2023 Saturday

കോവിഡ്: യുഎഇയിൽ 1,25,000 ഭക്ഷണപ്പൊതികൾ നൽകി എംഎ യൂസഫലി

Janayugom Webdesk
ദുബൈ
April 25, 2020 5:47 pm

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ പത്നിയും യുഎഇ ഫുഡ് ബേങ്ക് അധ്യക്ഷയുമായ ശൈഖ ഹിന്ദ് ബിന്ത് മക്തൂം ബിൻ ജുമ അൽ മക്തൂമിന്റെ റമസാൻ ജീവകാരുണ്യ പദ്ധതിയായ “ഒരു കോടി ഭക്ഷണ“ത്തിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പത്തു ലക്ഷം ദിർഹം (രണ്ട് കോടി രൂപ) സംഭാവന ചെയ്തു. 1,25,000 ഭക്ഷണപ്പൊതികൾ ഇതിലൂടെ ലഭ്യമാക്കും.

ഏറ്റവും അനിവാര്യമായ സന്ദർഭത്തിലാണ് അർഹരായ ആളുകൾക്ക് ഒരു കോടി ഭക്ഷണം എന്ന് എംഎ യൂസുഫലി ചൂണ്ടിക്കാട്ടി. റമദാനിലാണ് ഈ മഹത്തായ പദ്ധതിയെന്നത് ഉത്കൃഷ്ടത വർധിപ്പിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കാണുന്ന രാജ്യമാണിത്. മാനവികത ഉയർത്തിപ്പിടിക്കുന്ന ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം ആരംഭിച്ച പദ്ധതിക്ക് സംഭാവന ചെയ്യാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ട്. വിശിഷ്ട മാനുഷിക സംരംഭങ്ങളിലൊന്നാണീ പദ്ധതി. ദരിദ്ര കുടുംബങ്ങൾക്കും പകർച്ചവ്യാധി ബാധിച്ച വ്യക്തികൾക്കും ഭക്ഷണം നൽകുകയാണ് ലക്ഷ്യം. ഇതൊരു സാമൂഹിക ഉത്തരവാദിത്തമായി കണക്കാക്കി പരമാവധിയാളുകൾ സംഭാവന നൽകണം. അതിലൂടെ ഈ ഉന്നത രാജ്യത്തിന് ഉത്തമ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്ന് യൂസുഫലി ചൂണ്ടിക്കാട്ടി.

കോവിഡ് മഹാമാരി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കയ്യയച്ചാണ് വിവിധ സംഘടനകൾക്കും സർക്കാർ നേതൃത്വത്തിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും യൂസഫലി സഹായം നൽകുന്നത്. പ്രധാനമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് യൂസഫലി 25 കോടി രൂപ നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയും കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപയും നൽകി.

കോവിഡ് ദുരിതാശ്വാസ ബാധിതർക്കായി പ്രവർത്തിക്കുന്ന യുഎഇയിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും സന്നദ്ധ സംഘടനകൾക്കും സന്നദ്ധ പ്രവർത്തകർക്കും യൂസഫലി ധനസഹായം നൽകിയിരുന്നു. കേരള സോഷ്യൽ സെന്റർ അബുദാബി, അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ, അബുദാബി മലയാളി സമാജം, കെ എംസിസി ദുബായി, കെഎംസിസി ഷാർജ, ഇന്ത്യൻ അസോസിയേഷൻ റാസ് അൽ ഖൈമ, ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽ ഖുവൈൻ, ഇൻ കാസ് ദുബായ്, ഇൻ കാസ് ഖത്തർ, ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ യുഎഇ, നോർക്ക ഹെല്പ് ഡെസ്ക് ദമ്മാം സൗദി അറേബ്യ മുതലായവർക്കായിരുന്നു യൂസഫലിയുടെ സഹായഹസ്തം ലഭിച്ചത്.

ബഹ്റൈനിലെയും സൗദി അറേബ്യയിലെയും (രണ്ട് കോടി രൂപ വീതം) സർക്കാർ ആഭിമുഖ്യത്തിലൂള്ള ആശ്വാസ പ്രവർത്തനങ്ങൾക്കും യൂസഫലി സഹായം നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.