Web Desk

ന്യൂഡൽഹി:

July 20, 2020, 10:05 pm

കോവിഡിൽ ദക്ഷിണേന്ത്യ പതറുന്നു

Janayugom Online

രാജ്യത്തെ തെക്കൻ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് വ്യാപനത്തിൽ റെക്കോഡ് വർധനവ്. തമിഴ്‌നാട്ടിൽ ഇന്നലെ മാത്രം 4,979 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1.70 ലക്ഷമായി ഉയർന്നു. മഹാരാഷ്ട്ര കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. സംസ്ഥാനത്ത് സ്വീകരിച്ചു വരുന്ന കോവിഡ് പ്രതിരോധ മാർഗങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി സംസാരിച്ചു.

പ്രതിദിനം 50,000ത്തിലധികം കോവിഡ് പരിശോധനകൾ സംസ്ഥാനത്ത് നടക്കുന്നതായി മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് പറഞ്ഞതായാണ് ഔദ്യോഗിക വിവരം. ആന്ധ്രാപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,000ത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 5,041 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത രോഗബാധിതരുടെ എണ്ണം 50,000ത്തിലേക്ക് അടുക്കുകയാണ്. അതേസമയം കഴിഞ്ഞ ദിവസം 56 കോവിഡ് മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തു. ആകെ മരണം 642. കർണാടകയിൽ ഇന്നലെ മാത്രം 4,120 പുതിയ കേസുകളും 91 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇതോടെ സംസ്ഥാനത്തെ ആകെ മരണ സംഖ്യ 1,331 ആയി. ഇതുവരെ 63,772 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. അതേസമയം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സ്ഥിതി മെച്ചപ്പെട്ടതാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഡൽഹിയിലെ സാഹചര്യം ഭേദപ്പെട്ടുവരികയാണ്. എന്നാൽ മഹാരാഷ്ട്ര, ബിഹാർ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ സ്ഥിതി രൂക്ഷമായി തുടരുകയാണ്.

ENGLISH SUMMARY: COVID INCREASES IN SOUTH INDIA

YOU MAY ALSO LIKE THIS VIDEO