Web Desk

തിരുവനന്തപുരം

May 04, 2021, 8:45 am

പത്ത് ദിവസം കൊണ്ട് കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കും; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

Janayugom Online

സംസ്ഥാനത്ത് അടുത്ത പത്ത് ദിനം കൊണ്ട് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും ചികില്‍സയിലുള്ള രോഗികളുടെ എണ്ണവും ഇരട്ടിയിലധികുമെന്ന് മുന്നറിയിപ്പ്. ആക്ടീവ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷത്തിലേക്ക് മാറാനെടുത്ത സമയം വെറും അഞ്ച് ദിവസം മാത്രം. കടുത്ത നിയന്ത്രണങ്ങൾ എന്നതിനൊപ്പം താൽകാലിക അടച്ചിടൽ അനിവാര്യമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സമയം അഞ്ച് ദിവസം ആയി ചുരുങ്ങി. മാര്‍ച്ച് 25ന് 2,18,893 രോഗികള്‍ ഉണ്ടായിരുന്നത് മുപ്പതാം തീയതി ആയപ്പോൾ 3,03733 ആയി. രോഗികളുടെ എണ്ണം കൂടുന്ന സമയം വളരെ കുറഞ്ഞെന്ന് വ്യക്തം. നിലവിൽ ചികില്‍സയില്‍ ഉള്ള 3,45,887 രോഗികളെന്നത് അടുത്ത പത്ത് ദിവസത്തില്‍ ഇരട്ടിയാകാമെന്നാണ് മുന്നറിയിപ്പ്. 28ന് മുകളിൽ എത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30നോ 35നോ മുകളിലേക്ക് എത്തിയേക്കും. സംസ്ഥാനത്ത് ഇപ്പോള്‍ ഒരാളിൽ നിന്ന് നിരവധി പേരിലേക്ക് അതിവേഗം രോഗം പടരുന്ന ഗുരുതര സാഹചര്യമാണ് ഉള്ളത്. മരണ നിരക്കും ഉയരും. പരമാവധി സമ്പർക്കം കുറയ്ക്കുകയാണ് ലക്ഷ്യമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

അതേസമയം, കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ ഒമ്പത് വരെ സംസ്ഥാനത്ത് ലോക് ഡൗണിന് സമാനമായ കടുത്ത നിയന്ത്രണം. അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ അനുവദിക്കില്ല. സ്വകാര്യസ്ഥാപനങ്ങളിൽ ജോലിക്ക് പോകുന്നവർ തിരിച്ചറിയൽ രേഖ കരുതണം. ദീർഘദൂര ബസ് സർവീസ്, ട്രെയിൻ, വിമാനസർവീസ് എന്നിവ അനുവദിക്കും. വിമാനത്താവളങ്ങൾ, റയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ആശുപത്രികൾ തുടങ്ങിയിടങ്ങളിലേക്കുള്ള പൊതുഗതാഗതം, ചരക്കുഗതാഗതം, സ്വകാര്യ വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ടാക്‌സികൾ എന്നിവയ്ക്കും അനുവാദമുണ്ട്. ഇങ്ങനെ യാത്രചെയ്യുന്നവർ കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുകയും ആവശ്യമായ യാത്രാരേഖകൾ കൈവശം വയ്ക്കുകയും വേണം.

Eng­lish sum­ma­ry: covid ker­ala updates

You may also like this video: