സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രണ്ട് പേര്‍ക്ക് രോഗമുക്തി

Web Desk

തിരുവനന്തപുരം

Posted on May 22, 2020, 5:01 pm

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേര്‍ രോഗമുക്തി നേടി. കണ്ണൂര്‍ 12, കാസര്‍കോട് 7, കോഴിക്കോട് 5, പാലക്കാട് 5, തൃശ്ശൂര്‍ 4, മലപ്പുറം 4, കോട്ടയം 2, കൊല്ലം, പത്തനംതിട്ട, വയനാട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ദിവസം കൂടിയാണ് ഇന്ന്.

ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പകര്‍ന്നത്. കോഴിക്കോട് രോഗം സ്ഥിരീകരിച്ചതില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയതാണ്. തമിഴ്നാട് ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര്‍ക്കും രോഗബാധ ഉണ്ടായി. വിദേശത്ത് നിന്നും എത്തിയ 17 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതുവരെ 732 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 216 പേര്‍ ചികിത്സയിലുണ്ട്.

ഇതുവരെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട 7072 സാമ്പിളുകളിൽ 6630 എണ്ണം നെഗറ്റീവായി. കണ്ണൂർ, മലപ്പുറം ജില്ലകളിൽ 36 പേർ വീതം ചികിത്സയിലുണ്ട്. പാലക്കാട് 26, കാസർകോട് 21, കോഴിക്കോട് 19, തൃശ്ശൂർ 16 എന്നിങ്ങനെയാണ് ചികിത്സയിലുളള രോഗികളുടെ എണ്ണം. ഇന്ന് മാത്രം 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം ഗണ്യമായ വര്‍ദ്ധിച്ചിരിക്കുകയാണ്. 84258 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 83649 പേര്‍ വീട്ടിലും ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലുമാണ്. 609 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 51310 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 49535 എണ്ണവും നെഗറ്റീവ് ആയി.

കടല്‍, കര, വ്യോമയാന മാര്‍ഗ്ഗത്തിലൂടെയും വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 91344 പേരാണ് സംസ്ഥാനത്ത് എത്തിയത്. ഇതില്‍ 2161 പേര്‍ ഗര്‍ഭിണികളും 1618 വയോജനങ്ങളും 805 കുട്ടികളും ഉള്‍പ്പെടുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് 82299 പേരും 43 വിമാനങ്ങളിലായി 9367 പേരും കേരളത്തിലെത്തി. ആകെ 28 ഹോട്ടസ്പോട്ടുകളാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഉള്ളത്. തൃശ്ശൂരില്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ച ഖദീജക്കുട്ടിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ടാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ആരംഭിച്ചത്.

you may also like this video;