കോവിഡ് വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ നിയന്ത്രണങ്ങളും ചെലവുകള്‍ കുറച്ചതായും ജനങ്ങളുടെ കൈവശമുള്ള പണത്തിന്റെ അളവ് കൂടിയതായും കണക്കുകള്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഏപ്രില്‍ 23ന് അവസാനിച്ച ദ്വൈവാര റിപ്പോര്‍ട്ട് പ്രകാരം 28.03 ലക്ഷം കോടി രൂപയാണ് ഇന്ത്യക്കാരുടെ കൈവശമുള്ള പണം. ഇത്രയധികം കറന്‍സി ഇതുവരെ പൊതുജനത്തിന്റെ കൈവശം ഉണ്ടായിട്ടില്ല. രണ്ടാഴ്ചയ്ക്കിടെ ആളുകളുടെ കൈവശമുള്ള കറന്‍സി 15,919 കോടി വര്‍ധിച്ചാണ് ആദ്യമായി 28 ലക്ഷം കോടി എന്ന ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്.
ഫെബ്രുവരി മുതല്‍ പൊതുജനങ്ങളുടെ കൈവശമുള്ള കറന്‍സി വര്‍ധിച്ചുവരുന്ന പ്രവണതയാണുള്ളത്. ഏപ്രില്‍ ഒമ്പതിന് അവസാനിച്ച ദ്വൈവാരത്തില്‍ 30,191 കോടി രൂപ ആളുകളുടെ കൈവശമെത്തി. ഫെബ്രുവരി 27 മുതലുള്ള ആറ് ആഴ്ചകള്‍കൊണ്ട് 52,928 കോടി രൂപ ജനങ്ങളുടെ പക്കലുള്ള പണത്തിന്റെ ഭാഗമായി.
ആളുകളുടെ കൈവശം പണം വര്‍ധിച്ചു വരുന്നത് നല്ല സൂചന അല്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. അനിശ്ചിതത്വം നിറഞ്ഞ സാഹചര്യങ്ങളിലാണ് പൊതുജനം പണം കൂടുതലായി കൈവശം സൂക്ഷിക്കുക. ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങളും കടുപ്പിക്കുന്ന സര്‍ക്കാര്‍ നടപടികളാണ് ആളുകളെ ഇങ്ങനെ ലഭ്യമായ പണമെല്ലാം കൈവശം സൂക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്.
രാജ്യത്തൊട്ടാകെ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന ആശങ്ക കണക്കിലെടുത്ത് ജനം ബാങ്കിലും മറ്റുമുള്ള പണമെല്ലാം പിന്‍വലിച്ച് കൈവശം സൂക്ഷിക്കുന്നു. അടിയന്തര സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഈ നടപടി. വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ പണമെല്ലാം ബാങ്കുകളില്‍ നിന്ന് പിന്‍വലിച്ച് സ്വന്തം കൈവശം സൂക്ഷിക്കുന്ന പ്രവണത ഇനിയും വര്‍ധിക്കുമെന്ന് ബാങ്കിങ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷം ഒരു മുന്നൊരുക്കവുമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും ആളുകള്‍ വന്‍തോതില്‍ പണം ബാങ്കില്‍ നിന്നെടുത്ത് കൈവശം സൂക്ഷിച്ചിരുന്നു. 2020 മാര്‍ച്ചിനും ജൂണിനുമിടയില്‍ പൊതുജനത്തിന്റെ കൈവശമുള്ള കറന്‍സി 22.55 ലക്ഷം കോടിയില്‍ നിന്ന് 25.62 ലക്ഷം കോടിയായി കുതിച്ചുയര്‍ന്നിരുന്നു. 3.07 ലക്ഷം കോടിയാണ് അധികമായി ജനങ്ങളുടെ കൈവശമെത്തിയത്. പ്രതിവര്‍ഷം നാല് ലക്ഷം കോടിയുടെ വര്‍ധന ഉണ്ടാകുന്നതായും ആര്‍ബിഐ കണക്കുകള്‍ വ്യക്തമാക്കുന്നു.
ENGLISH SUMMARY:Covid- Lockdown reduces cost; Money in the hands of the people
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.