29 March 2024, Friday

Related news

March 5, 2024
February 2, 2024
January 14, 2024
December 22, 2023
December 10, 2023
December 6, 2023
December 5, 2023
November 18, 2023
November 14, 2023
November 5, 2023

കോവിഡ് കുട്ടികളിൽ വർഷങ്ങൾ നീളുന്ന മാനസികാഘാതം സൃഷ്ടിക്കും: യുണിസെഫ്

Janayugom Webdesk
ന്യൂഡല്‍ഹി
October 6, 2021 8:04 pm

കോവിഡ് മഹാമാരി കുട്ടികളുടെയും കൗമാരക്കാരുടെയും മാനസിക ആരോഗ്യത്തിലുണ്ടാക്കുന്ന ആഘാതം വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കാമെന്ന് യുണിസെഫ്. ഇന്ത്യയില്‍ വിഷാദരോഗം ഉള്‍പ്പെടെയുള്ളവ കുട്ടികളിലുണ്ടാക്കുന്ന ഗുരുതരമായ മാനസിക പ്രശ്നങ്ങള്‍ വേണ്ട രീതിയില്‍ മനസിലാക്കപ്പെടാതെ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്. 

മാനസിക ആരോഗ്യം ശക്തമാക്കുന്നതിനായി ഓരോ കുട്ടിയെയും പ്രത്യേകം പരിഗണിച്ചുകൊണ്ട് സമഗ്രമായ ഇടപെടല്‍ ആവശ്യമാണെന്നും ദ സ്റ്റേറ്റ് ഓഫ് ദ വേള്‍ഡ്സ് ചില്‍ഡ്രന്‍ 2021 എന്ന റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിലുള്ള പ്രശ്നങ്ങള്‍ മാത്രമല്ല, ദശലക്ഷക്കണക്കിന് കുട്ടികള്‍ കാലങ്ങളായി ഇത്തരം പ്രശ്നങ്ങള്‍ അനുഭവിച്ചുവരുന്നുണ്ടെന്ന് യൂണിസെഫ് വ്യക്തമാക്കുന്നു. 

പത്തിനും 19നും ഇടയില്‍ പ്രായമുള്ളവരില്‍ 13 ശതമാനം പേര്‍ ലോകാരോഗ്യ സംഘടന നിര്‍വചിച്ച മാനസിക പ്രശ്നങ്ങള്‍ അനുഭവിച്ചുകൊണ്ട് ജീവിക്കുന്നവരാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 15 മുതല്‍ 19 വയസു വരെയുള്ള 8.60 കോടി കുട്ടികളും 10 മുതല്‍ 14 വയസു വരെയുള്ള എട്ട് കോടി കുട്ടികളുമാണ് ഇവരില്‍ ഉള്‍പ്പെടുന്നത്. 8.9 കോടി ആണ്‍കുട്ടികളും 7.7 കോടി പെണ്‍കുട്ടികളുമാണ് ലോകത്ത് പത്ത് മുതല്‍ 19 വരെ വയസിനിടയില്‍ മാനസിക പ്രശ്നങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 

മധ്യപൗരസ്ത്യ രാഷ്ട്രങ്ങൾ, വടക്കേ ആഫ്രിക്ക, വടക്കേ അമേരിക്ക, യൂറോപ്പിന്റെ പടിഞ്ഞാറ് മേഖല തുടങ്ങിയ ഇടങ്ങളിലാണ് നിരക്ക് ഏറ്റവും കൂടുതല്‍. അമിത ആകാംക്ഷയും വിഷാദവുമാണ് ഇവരില്‍ 40 ശതമാനത്തിലും കാണപ്പെടുന്നത്. ശ്രദ്ധക്കുറവ്, ഹൈപ്പര്‍ ആക്റ്റിവിറ്റി, സ്വഭാവത്തിലുള്ള പ്രശ്നങ്ങള്‍, ഓട്ടിസം തുടങ്ങിയവയാണ് മറ്റുള്ള 60 ശതമാനത്തോളം കുട്ടികളില്‍ കാണപ്പെട്ടത്. ഇന്ത്യയുള്‍പ്പെടെയുള്ള 21 രാജ്യങ്ങളിലെ 15 മുതല്‍ 24 വയസുവരെയുള്ളവരില്‍ 19 ശതമാനം പേര്‍ തങ്ങള്‍ക്ക് വിഷാദം അനുഭവപ്പെടുന്നതായോ കാര്യങ്ങള്‍ ചെയ്യുന്നതില്‍ താല്പര്യമില്ലായ്മ തോന്നുന്നതായോ തുറന്നുസമ്മതിച്ച കാര്യവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ഗുരുതരമായ സ്ഥിതിവിശേഷത്തില്‍ നടപടിയെടുക്കാതിരിക്കുന്നത് വലിയ ദോഷമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒരു വര്‍ഷം ഏതാണ്ട് 45,800 കുട്ടികളാണ് ലോകത്ത് ആത്മഹത്യ ചെയ്യുന്നത്. അതായത്, ഒരോ 11 മിനിട്ടിലും ഒരാള്‍ ആത്മഹത്യ ചെയ്യുന്നു, റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷമുണ്ടായിട്ടും അധ്യാപകര്‍ക്കുപോലും കുട്ടികളുടെ വിഷാദരോഗം ഒരു പ്രശ്നമാണെന്ന ചിന്താഗതിയില്ലെന്നതാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്ന സുപ്രധാന വസ്തുത. തന്റെ പ്രശ്നങ്ങള്‍ മറ്റുള്ളവരോട് പറയുന്നതിനെ ലോകത്തെ 83 ശതമാനത്തിലധികം പേരും അനുകൂലിക്കുമ്പോള്‍ ഇന്ത്യയില്‍ വെറും 41 ശതമാനം പേര്‍ മാത്രമാണ് ഇതിന് പിന്തുണയ്ക്കുന്നത്. ദക്ഷിണേന്ത്യയില്‍ 566 സെക്കന്‍ഡറി സ്കൂള്‍ അധ്യാപകരില്‍ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായത്, അവരില്‍ 70 ശതമാനവും വിഷാദരോഗം ഒരു രോഗമല്ല ഒരു ദൗര്‍ബല്യമായാണ് കണക്കാക്കുന്നതെന്നാണ്. അത് അപകടകാരിയാണെന്നും അവര്‍ കരുതുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ കൂടുതല്‍ കുട്ടികളും വിഷാദരോഗമുള്‍പ്പെടെയുള്ള മാനസിക പ്രശ്നങ്ങള്‍ ആരോടും പങ്കുവയ്ക്കാന്‍ തയാറാകാത്തതെന്നാണ് യൂണിസെഫ് വിലയിരുത്തുന്നത്. 

Eng­lish Sum­ma­ry : covid may cre­ate psy­cho­log­i­cal impacts on chil­dren says unicef report

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.