9 November 2025, Sunday

കോവിഡ്, കുടിയേറ്റത്തൊഴിലാളികൾ; രാഷ്ട്രം

Janayugom Webdesk
September 27, 2025 4:24 am

“പാതയിലെ പൊടിയില്‍ സ്വയം ജീവിതം തിരയുന്നു”, രാജ്യത്തെ കുടിയേറ്റത്തൊഴിലാളികളുടെ ദുരിതപൂര്‍ണമായ അവസ്ഥ വിവരിക്കാന്‍ ഇതിലും ആഴവും ആര്‍ത്ഥവുമുള്ള മറ്റൊരു പ്രയോഗമില്ല. രാജ്യം സ്വതന്ത്ര്യമായിട്ട് എട്ട് പതിറ്റാണ്ടോടടുക്കുകയും ഒരു പുതിയ ഇന്ത്യ സ്വപ്നം കാണുകയും ചെയ്യുമ്പോഴും അതിഥിത്തൊഴിലാളികളുടെ ജീവിതസാഹചര്യത്തില്‍ വലിയ മാറ്റമില്ല. കുറഞ്ഞത് 140–150 ദശലക്ഷം പേര്‍ ഉപജീവനത്തിനായി മറ്റ് സംസ്ഥാനങ്ങളിലും വിദേശങ്ങളിലും കുടിയേറുന്നു. തൊഴില്‍ അവകാശങ്ങളോ, സുരക്ഷയോ, സ്വത്വമോ ഇല്ലാതെ ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു. കുടിയേറ്റത്തൊഴിലാളികളുടെ അവകാശങ്ങള്‍, സംരക്ഷണം, ന്യായമായ വേതനം എന്നിവ ഉറപ്പാക്കുന്നതിന് 1979ല്‍ അന്തര്‍സംസ്ഥാന കുടിയേറ്റത്തൊഴിലാളി (തൊഴില്‍ നിയന്ത്രണവും സേവന വ്യവസ്ഥകളും) എന്ന നിയമം പാസാക്കി. യാഥാര്‍ത്ഥത്തില്‍ ഈ നിയമം ഒരു മറ മാത്രമായിരുന്നു. അത് അര്‍ത്ഥവത്തായി നടപ്പിലാക്കുകയോ നിരീക്ഷിക്കുകയോ ചെയ്യുന്നില്ല.
കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പെട്ടെന്ന് അടച്ചുപൂട്ടല്‍ (ലോക്ഡൗണ്‍) പ്രഖ്യാപിച്ചതോടെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ തൊഴിലെടുത്തിരുന്ന ദശലക്ഷക്കണക്കിന് പേര്‍ക്ക് തൊഴിലില്ലാതായി. ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക എന്നിവിടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഫാക്ടറികള്‍, കടകള്‍, ഹോട്ടലുകള്‍ എന്നിവയെല്ലാം അടച്ചുപൂട്ടി. ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. വരുമാനം നിലച്ചു, കയ്യിലുണ്ടായിരുന്ന പണം തീര്‍ന്നു, റേഷനില്ലാതായി. തൊഴിലുടമകള്‍ യാതൊരു ഉത്തരവാദിത്തവും ഏറ്റെടുത്തില്ല. ആ അവസ്ഥയിലും തൊഴിലാളികള്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി വീടുകളിലേക്ക് മടങ്ങേണ്ടിവന്നു.

ഡല്‍ഹിയില്‍ നിന്ന് ബിഹാറിലേക്കും സൂറത്തില്‍ നിന്ന് ബംഗാളിലെ മാള്‍ഡയിലേക്കും ഉത്തര്‍പ്രദേശില്‍ നിന്ന് ഒഡിഷയിലേക്കും നിരവധി തൊഴിലാളികള്‍ നടന്നു. ശ്രമിക് സ്പെഷ്യല്‍ ട്രെയിനുകളില്‍ യാത്ര ചെയ്ത 80 പേര്‍ മരിച്ചെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. അപകടങ്ങള്‍, പട്ടിണി, പൊലീസ് ക്രൂരത എന്നിവ മൂലം 300ലധികം പേരും മരിച്ചു. നടന്ന് ക്ഷീണിച്ച് റെയില്‍പ്പാളത്തിലുറങ്ങിയ തൊഴിലാളികളുടെ മുകളിലൂടെ ട്രെയിന്‍ പാഞ്ഞുകയറിപ്പോയ ചിത്രങ്ങളും തെലങ്കാനയിലെ മുളകുപാടത്ത് നിന്ന് ഛത്തീസ്ഗഢിലെ വീട്ടിലേക്ക് നടന്ന 12 കാരി ജമാലോ മക‍്ദാമിന്റെ ചേതനയറ്റ ശരീരവും രാജ്യത്തിന്റെ മനഃസാക്ഷിയെ നൊമ്പരപ്പെടുത്തി.
രാവും പകലും ദിവസങ്ങളോളം കിലോമീറ്ററുകള്‍ നടന്ന തൊഴിലാളികള്‍ക്ക് ആശ്വാസമായത് ഇടത് തൊഴിലാളി യൂണിയനുകളാണ്. കുടിയേറ്റക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് അവര്‍ നേതൃത്വം നല്‍കി. ലോക‍്ഡൗണിന്റെ തുടക്കത്തില്‍ത്തന്നെ കേന്ദ്ര — സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള സംഘര്‍ഷം തുറന്നുകാട്ടി. തൊഴിലാളികളെ കൊണ്ടുപോകാന്‍ ഏര്‍പ്പെടുത്തിയ ട്രെയിനുകളെ കൊറോണ എക്സ്പ്രസ് എന്ന് പരിഹസിച്ചു. തൊഴിലാളികളുടെ പട്ടികകള്‍ തയ്യാറാക്കുമെന്നും ഒരു രാഷ്ട്രം ഒരു റേഷന്‍ കാര്‍ഡ്, നഷ്ടപരിഹാരം, തൊഴിലാളികള്‍ക്കുള്ള പോര്‍ട്ടലുകള്‍ എന്നിവ കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തെങ്കിലും ഇവയില്‍ എത്രയെണ്ണം പാലിച്ചു?
കേന്ദ്രത്തിന്റെ നിസംഗതയും ചില സംസ്ഥാനങ്ങളുടെ ഇരട്ടത്താപ്പും കുടിയേറ്റക്കാരെ പൂര്‍ണ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടപ്പോള്‍ ഇടത് തൊഴിലാളി സംഘടനകളാണ് സഹായവുമായി രംഗത്തെത്തിയത്. അന്നത്തെ ദുരിതാവസ്ഥയില്‍ സംസ്ഥാനങ്ങളിലുടനീളം കുടുങ്ങിക്കിടന്ന തൊഴിലാളികള്‍ക്ക് ആഹാരം, മരുന്നുകള്‍, സുരക്ഷാ സാമഗ്രികള്‍ എന്നിവ യൂണിയനുകള്‍ സമാഹരിച്ചു. പ്രത്യേക ട്രെയിനുകള്‍ക്കും ബസുകള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തി. തൊഴിലാളികള്‍ക്കുള്ള യാത്രാക്കൂലി സംഘടിപ്പിച്ച് നല്‍കി. ബംഗാളിലെ ഇടത് സംഘടനകള്‍ മടങ്ങിയെത്തിയ തൊഴിലാളികളെ സംഘടിപ്പിച്ചു. രജിസ്ട്രേഷനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സമ്മര്‍ദം ചെലുത്തി. 2020–21 കാലത്ത് കുടിയേറ്റ സംരക്ഷണത്തെ കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങളോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബംഗാളടക്കം മിക്ക സംസ്ഥാനങ്ങളും ഇത് നല്‍കിയില്ല.

അസംഘടിത തൊഴിലാളികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനായി 2021ല്‍ കേന്ദ്രസര്‍ക്കാര്‍ ഇ‑ശ്രം പോര്‍ട്ടല്‍ ആരംഭിച്ചു. പശ്ചിമ ബംഗാളിലെ ദശലക്ഷക്കണക്കിന് ആളുകള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഒരു ഐഡി കാര്‍ഡി കൊടുത്തതല്ലാതെ എന്ത് ആനുകൂല്യമാണ് അവര്‍ക്ക് നല്‍കിയത്? പ്രസവ സുരക്ഷ, കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നിവ നല്‍കിയോ? വലിയ പ്രചാരണം ഉണ്ടായിരുന്നിട്ടും മിക്ക തൊഴിലാളികള്‍ക്കും കാര്‍ഡ് ഉപയോഗിച്ച് പദ്ധതികളില്‍ എങ്ങനെ ചേരണമെന്ന് അറിയില്ല. തുടര്‍നടപടികള്‍ക്കുള്ള ഹെല്‍പ്പ് ഡെസ്കുകളോ, കൗണ്‍സിലിങ്ങോ നല്‍കിയില്ല. പല സംസ്ഥാനങ്ങളെയും പോലെ പശ്ചിമ ബംഗാളിനും ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ഫലപ്രദമായ ഒരു സംവിധാനവുമില്ല.

ബംഗാളി സംസാരിക്കുന്ന കുടിയേറ്റത്തൊഴിലാളികള്‍ എന്ന വിവാദം ഈ വര്‍ഷം ഉണ്ടായത് യാദൃച്ഛികമല്ല. പതിറ്റാണ്ടുകളുടെ അവഗണനയുടെയും രാഷ്ട്രീയ ഒഴികഴിവുകളുടെയും ഫലമാണിത്. ബംഗാളി സംസാരിക്കുന്ന തൊഴിലാളികളെ കൂടുതല്‍ നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2025 ഫെബ്രുവരിയില്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു, അവരെ നുഴഞ്ഞുകയറ്റക്കാരെന്ന് മുദ്രകുത്തി. ബംഗാളി സംസാരിക്കുക എന്നാല്‍ ബംഗ്ലാദേശിയെന്ന് സംശയിക്കപ്പെടുന്നയാളായി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബംഗ്ലാദേശ് അതിര്‍ത്തിക്കപ്പുറത്തുള്ള ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്യുന്നതിനും അക്രമത്തിനും ബിഎസ്എഫ് അവരെ അതിര്‍ത്തി കടത്തുന്നതിനും ഇടയാക്കി. അന്താരാഷ്ട്ര നിയമപ്രകാരം കടുത്ത മനുഷ്യാവകാശലംഘനമാണിത്. ഇത് സംബന്ധിച്ച വിജ്ഞാപനത്തെ കുറിച്ച് മാസങ്ങള്‍ക്ക് മുമ്പേ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിക്ക് അറിയാമായിരുന്നെന്നും അവര്‍ മൗനം പാലിച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇത് കേന്ദ്രസര്‍ക്കാരുമായുള്ള ഗൂഢാലോചനയാണോ, അതോ ബംഗാള്‍, ബംഗാളി അവകാശങ്ങള്‍ എന്നത് വെറും മുദ്രാവാക്യങ്ങളാണോ?
2016–17 മുതല്‍ കേരളം കുടിയേറ്റക്കാരെ ‘അതിഥിത്തൊഴിലാളികള്‍’ എന്നാണ് സംബോധന ചെയ്യുന്നത്. ആവാസ് ഇന്‍ഷുറന്‍സ്, അപ‍്ന ഘര്‍ ഹോസ്റ്റലുകള്‍, നൈപുണ്യ രജിസ്ട്രേഷന്‍, തൊഴിലുറപ്പുകള്‍ തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികള്‍ അന്തസും സംരക്ഷണവും ഉറപ്പാക്കുന്നു. ഭാഷാധിഷ്ഠിത വിവേചനവും കേരളത്തിലില്ല. ഇടത് തൊഴിലാളി സംഘടനകളും സിപിഐ, സിപിഐ(എം) പാര്‍ട്ടികളും കുടിയേറ്റത്തൊഴിലാളികളെ പ്രാദേശിക സമൂഹവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ തൊഴിലാളികളുടെ കുട്ടികളെ സ്കൂളുകളില്‍ ബംഗാളി, മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളില്‍ പഠിപ്പിക്കുന്നു.

ബംഗാളിലെ മേദിനിപൂര്‍, 24 പര്‍ഗാനാസ്, ജാര്‍ഗ്രാം, നാദിയ, കിഴക്കന്‍ മേദിനിപൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ വര്‍ഷന്തോറും ഒഡിഷയിലെ തുറമുഖങ്ങളിലേക്കും മത്സ്യബന്ധന മേഖലകളിലേക്കും നിര്‍മ്മാണ മേഖലകളിലേക്കും കുടിയേറുന്നു. പലരും സീസണലായി വരുന്നവരാണ്, ഉത്സവസമയങ്ങളില്‍ മടങ്ങിയെത്തും. കഴിഞ്ഞ മാര്‍ച്ചില്‍ ഒഡിഷയില്‍ ബംഗാളി തൊഴിലാളികളെ ലക്ഷ്യമിട്ട് ഔദ്യോഗിക രേഖകള്‍ പരിശോധിക്കുന്ന യജ്ഞം ആരംഭിച്ചു. നിയമവിരുദ്ധമായി കുടിയേറിയ ബംഗ്ലാദേശികള്‍ എന്ന് ആരോപിച്ച് റെയ്ഡുകള്‍, തടങ്കലുകളില്‍ പാര്‍പ്പിക്കല്‍, അക്രമം എന്നിവ നടത്തി. ബംഗാ — ഒഡിഷ അതിര്‍ത്തിയില്‍ ദുരിതാശ്വാസം, നിയമസഹായം, ബോധവല്‍ക്കരണ കാമ്പയിനുകള്‍ എന്നിവയിലൂടെ ഇടതുപക്ഷ തൊഴിലാളി യൂണിയനുകള്‍ ഇതിന് തിരിച്ചടി നല്‍കി.
തൊഴിലാളികള്‍ക്ക് ആശ്വാസമായി എത്തിയത് ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ മാത്രമാണ്. നാട്ടിലേക്ക് മടങ്ങാന്‍ കുടിയേറ്റത്തൊഴിലാളികളെ സഹായിച്ചു, നഷ്ടപരിഹാര ആവശ്യങ്ങള്‍ ഉന്നയിച്ചു, നിയമപോരാട്ടങ്ങള്‍ നടത്തി, തൊഴിലാളികളെ സംഘടിപ്പിച്ചു. ബംഗാള്‍ മുഖ്യമന്ത്രി കൊറോണ എക്സ്പ്രസ് എന്ന് പരിഹസിച്ചപ്പോള്‍ പ്രതിഷേധിച്ചത് ഇടതുപക്ഷ തൊഴിലാളി സംഘടനകളായിരുന്നു. ഈ വര്‍ഷവും തൊഴിലാളി സമരത്തിന്റെ മുന്‍പന്തിയില്‍ അവരുണ്ട്.

ഇന്ത്യയിലെവിടെയായാലും തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യം, റേഷന്‍, വിദ്യാഭ്യാസം, പ്രസവസുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന് ദേശീയ ഐഡി നല്‍കണം. എല്ലാ നഗരങ്ങളിലും നിര്‍ബന്ധിത ലേബര്‍ ഹോസ്റ്റലുകള്‍ വേണം. മിനിമം വേതനവും രജിസ്ട്രേഷനും ഉറപ്പാക്കാന്‍ 1979ലെ നിയമം പൂര്‍ണമായി നടപ്പാക്കണം. രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ കൃത്യമായി വിതരണം ചെയ്യണം. ഭാഷയും പ്രാദേശിക വിദ്വേഷവും ഇല്ലാതാക്കുകയും കേന്ദ്ര — സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനെതിരെ ശബ്ദിക്കാത്തത് അവസാനിപ്പിക്കുകയും വേണം.

ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്ത് ഭാഷയും സ്വത്വവും താമസസ്ഥലം നിഷേധിക്കുന്നതിനുള്ള കാരണങ്ങളാകരുത്. കുടിയേറ്റത്തൊഴിലാളികള്‍ രാജ്യത്തെ സമ്പദ‍്‍വ്യവസ്ഥയുടെ അദൃശ്യ തൂണുകളാണ്. എന്നിട്ടും സ്വത്വമോ, സംരക്ഷണമോ ഇല്ലാത്ത അവസ്ഥയിലാണവര്‍. ഈ അപമാനത്തെ ചെറുക്കണം. കേന്ദ്രത്തിന്റെ അടിച്ചമര്‍ത്തലും സംസ്ഥാനങ്ങളുടെ നിശബ്ദതയും സഹിക്കാനാകില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നയരഹിതമായ നിലപാടുകള്‍ ദരിദ്രര്‍ക്കും തൊഴിലാളിവര്‍ഗത്തിനും മധ്യവര്‍ഗത്തിനും മുന്നില്‍ തുറന്നുകാട്ടേണ്ടത് നമ്മുടെ കടമയാണ്. ഇടതുപക്ഷ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍, കുടിയേറ്റത്തൊഴിലാളികള്‍ക്ക് വേണ്ടി, ഇന്ത്യക്ക് വേണ്ടി ഒരു പുതിയ പോരാട്ടം ഉയര്‍ന്നുവരണം.
(ന്യൂസ് ക്ലിക്ക്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.