Web Desk

ന്യൂയോർക്ക്:

March 01, 2021, 6:34 pm

കോവിഡ്: 25 കോടിയിലധികം ജനങ്ങൾ പട്ടിണിയിലേക്ക്

Janayugom Online

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രത്യാഘാതങ്ങളുടെ തുടർച്ചയായി ലോകത്ത് 25 കോടിയിലധികം പേർ പട്ടിണിയിലാകുമെന്ന് റിപ്പോർട്ട്. ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്‌പി) പുറത്തുവിട്ട റിപ്പോർട്ടിൽ 250 ദശലക്ഷത്തിലധികം ആളുകൾ പട്ടിണിയിലാകുമെന്നും വരാനിരിക്കുന്നത് കടുത്ത ഭക്ഷ്യക്ഷാമമാണെന്നും വ്യക്തമാക്കുന്നു. 

കൊറോണ വൈറസ് ഉണ്ടാക്കുന്ന പ്രത്യാഘാതം വർഷങ്ങളോളം നീണ്ടുനിൽക്കാനാണ് സാധ്യത. ഇതിലൂടെ ലോകം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടേണ്ടിവരും. 1930 കൾക്ക് സമാനമായ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് ലോകം പോകുന്നതെന്ന മുന്നറിയിപ്പാണ് ലോക വ്യാപാര സംഘടന നൽകുന്നത്.
വൈറസിനെ പൂർണമായി കീഴടക്കുമ്പോഴേക്കും ലോക ജനസംഖ്യയുടെ പകുതിയോളം വരുന്നവർ പട്ടിണിയിലേക്ക് തള്ളപ്പെടാൻ സാധ്യതയുണ്ടെന്ന് നേരത്തെ ഓക്സ്ഫാമിന്റെ റിപ്പോർട്ടിൽ അഭിപ്രായപ്പെട്ടിരുന്നു. സമാനമായ റിപ്പാേർട്ട് തന്നെയാണ് ഡബ്ല്യുഎഫ്‌പിയും നൽകുന്നത്. യുഎൻ നൽകുന്ന വിവരങ്ങളനുസരിച്ച് അരനൂറ്റാണ്ടിലേറെയായി അനുഭവപ്പെടാത്ത തീവ്രതയേറിയ പോഷണക്കുറവും ഇതേതുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ലോകം സാക്ഷിയാകും. 

2020ൽ ഉണ്ടായതിനേക്കാൾ കടുത്ത ദാരിദ്ര്യമായിരിക്കും അടുത്തവർഷം ലോകം നേരിടുക. കോവിഡിനെതിരെയുള്ള പോരാട്ടത്തോടൊപ്പം ഏറ്റവും അടുത്ത മാസങ്ങളിൽത്തന്നെ കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പട്ടിണിമൂലമുള്ള ദുരന്തംകൂടി നേരിടേണ്ടിവരുമെന്ന് ഡബ്ല്യുഎഫ്‌പി എക്സിക്യൂട്ടിവ് ഡയറക്ടർ ഡേവിഡ് ബെയ്സ്ലി യുഎൻ സുരക്ഷാ കൗൺസിലിന് മുന്നറിയിപ്പ് നൽകിയിരുന്നു. 

കണക്കുകൂട്ടലുകൾക്കപ്പുറമുള്ള രേ‍ാഗത്തിന്റെ വ്യാപനവും മരണവും സമൂഹത്തിന്റെ സമസ്ത മേഖലകളെയും ബാധിച്ചിട്ടുണ്ട്.തൊഴിലവസരം കുറഞ്ഞതും കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതങ്ങളുടെ തീവ്രത കൂടുന്നതിന് കാരണമായി.കാലാവസ്ഥാ വ്യതിയാനം ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതക്കുറവിനും വിലവർധനയ്ക്കും കാരണമാകുന്നു. ഇത് ഭക്ഷ്യസുരക്ഷയുടെ തുടർച്ചയായ പുരോഗതി കുറയ്ക്കും. കാലാവസ്ഥാ പുനഃസ്ഥാപനം, ഭക്ഷ്യസുരക്ഷ, ആഗോള ആരോഗ്യം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷ്യ വിതരണ സമ്പ്രദായത്തിൽ അർത്ഥവത്തായ പരിഷ്കരണം പ്രാവർത്തികമാക്കുന്നതിന് എല്ലാ തലത്തിലും മാറ്റം സംഭവിക്കേണ്ടതുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

പേ‍ാഷകാഹാരക്കുറവ് ഗുരുതര പ്രശ്നം

കുട്ടികളിൽ ഉണ്ടാകുന്ന പേ‍ാഷകക്കുറവായിരിക്കും ഈ കാലത്തെ അതീവ ഗുരുതര പ്രശ്നം. വരുമാന മാർഗങ്ങൾ ഇല്ലാതായതേ‍ാടെ കുടുംബങ്ങളിലും സമൂഹത്തിലുമുണ്ടാകുന്ന സാമ്പത്തിക തകർച്ചയുടെ ഗുരുതരമായ പ്രത്യാഘാതം നേരിട്ടു ബാധിക്കുന്നത് കുട്ടികളെയായിരിക്കും. കുട്ടികളിലെ പേ‍ാഷണക്കുറവ് ദീർഘകാല പ്രത്യാഘാതമാണ് ഉണ്ടാക്കുക. വികസ്വര, അവികസിത രാജ്യങ്ങളിലെ, സാമ്പത്തികമായി പിന്നാക്കമായ കുടുംബങ്ങളിലെ കുട്ടികൾ ഈ കാലഘട്ടത്തെ എങ്ങനെ അതിജീവിക്കുമെന്നതു വലിയ ചേ‍ാദ്യമാണെന്ന് റിപ്പോർട്ട് പറയുന്നു.
സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിലുളള കുട്ടികൾ നേരിടുന്ന സമ്മർദവും അസ്വസ്ഥതകളും മറ്റെ‍ാരു തലത്തിലുളളതാണ്. അവർ അനുഭവിക്കുന്ന വീർപ്പുമുട്ടൽ മാനസിക, ശാരീരിക ആരേ‍ാഗ്യത്തെ സാരമായി ബാധിക്കും. കുട്ടികളുടെ ആരേ‍ാഗ്യമേഖലയിൽ ഇതുവരെയുണ്ടാക്കിയ മുന്നേറ്റത്തെ അതിവേഗം പിന്നേ‍ാട്ടടിക്കുന്ന സ്ഥിതിയെയാണ് അഭിമുഖീകരിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.
eng­lish summary;covid: More than 25 crore peo­ple are starving
you may also like this video;