ആരോഗ്യ മേഖലയെ അവഗണിച്ച കോവിഡ് പാക്കേജ്

കെ പ്രകാശ്ബാബു

ജാലകം

Posted on May 24, 2020, 3:16 am

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മെയ് 12 ന് ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ 20 ലക്ഷം കോടിയുടെ കേന്ദ്ര പാക്കേജ് പ്രഖ്യാപനം അത്യന്തം ആവേശത്തോടുകൂടിയാണ് ഇന്ത്യയിലെ ജനങ്ങൾ കേട്ടത്. ”സ്വാശ്രയ ഇന്ത്യ” അഞ്ചു തൂണുകളുടെ ബലത്തിലാണ് നിലനിൽക്കുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു. വൈബ്രന്റായ സമ്പദ്ഘടന, അടിസ്ഥാന സൗകര്യ വികസനം, ഭരണനിർവഹണം, മനുഷ്യ വിഭവശേഷി, വിതരണ ശൃംഖല എന്നിവയാണ് ആ അഞ്ച് തൂണുകൾ എന്നും അദ്ദേഹം സ്വതസിദ്ധമായ ശൈലിയിൽ ”ആത്മനിർഭർ ഭാരത്” അവതരിപ്പിച്ചുകൊണ്ട് വിശദീകരിച്ചു. പാക്കേജിന്റെ വിശദാംശങ്ങൾ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ വിശദീകരിക്കും എന്നുകൂടി കേട്ടപ്പോൾ അതിനായി ജനം കാതോർത്തു. മെയ് 13 മുതൽ 17 വരെയുള്ള ധനമന്ത്രിയുടെ പഞ്ചദിന വിശദീകരണങ്ങളിലൊന്നും മഹാമാരിയെ പ്രതിരോധിക്കുന്നതിനായി സാധാരണ ജനങ്ങൾക്ക് എന്തെല്ലാം സാമ്പത്തിക സഹായങ്ങളാണ് കേന്ദ്ര ഗവൺമെന്റ് നൽകുന്നത് എന്ന് മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞില്ല. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് 40,000 കോടി രൂപ കൂടി അധികം നൽകുമെന്ന് പറഞ്ഞതാണ് ആകെ ആശ്വാസം.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലും ധനമന്ത്രിയുടെ വിശദീകരണത്തിലുമെല്ലാം പൊതുജനാരോഗ്യം എന്നത് പൂർണമായും തഴയപ്പെട്ടു. ഇന്ത്യയിൽ ഒന്നേകാൽ ലക്ഷത്തോളം ആളുകളിലേക്ക് പകരുകയും മൂവായിരത്തിലധികം ആളുകളെ മരണത്തിലേക്ക് തള്ളിയിടുകയും ചെയ്ത വൈറസിനെ പ്രതിരോധിക്കുന്നതിലും രോഗബാധിതരെ ചികിത്സിക്കുന്നതിലും വിവിധ സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള ആശുപത്രികളും ”എയിംസ്” പോലെയുള്ള കേന്ദ്ര നിയന്ത്രിത ആശുപത്രികളും വഹിച്ച പങ്ക് വിസ്മരിക്കാവുന്നതല്ല. സ്വകാര്യ ആശുപത്രികൾ മടിച്ചു നിന്നപ്പോൾ കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിലും രോഗം ചികിത്സിച്ച് ഭേദമാക്കുന്നതിലും സർക്കാർ ആശുപത്രികളിലെ മെഡിക്കൽ പാരാ മെഡിക്കൽ ജീവനക്കാർ നടത്തിയ ത്യാഗനിർഭരമായ സേവനങ്ങൾ ജനങ്ങൾ അഭിമാനത്തോടെയാണ് നോക്കി കണ്ടത്. എങ്കിലും ചില സംസ്ഥാന ഗവൺമെന്റുകൾ സർക്കാർ ആശുപത്രികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിൽ ഏറെ വർഷങ്ങളായി ഗുരുതരമായ വീഴ്ചകൾ വരുത്തിക്കൊണ്ടിരുന്നു എന്നത് ഒരു വസ്തുതയാണ്.

ആരോഗ്യ മേഖലയില്‍ പൊതുനിക്ഷേപം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ യാഥാർത്ഥ്യം വിരൽ ചൂണ്ടുന്നത്. പൊതുജനാരോഗ്യം ഭരണഘടനയുടെ ഏഴാം പട്ടിക പ്രകാരം ഒരു സ്റ്റേറ്റ് സബ്ജക്ട് ആണ്. എന്നാൽ കോവിഡ് 19 പോലുള്ള മഹാമാരികൾ ഒരു സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്നതല്ല. അതുകൊണ്ടാണല്ലോ 1897 ലെ എപിഡെമിക് ഡിസീസ് ആക്ട് ഭേദഗതി ചെയ്തുകൊണ്ട് 2020 ഏപ്രിലിൽ കേന്ദ്ര ഗവൺമെന്റ് പുതിയ ഓർഡിനൻസ് പുറപ്പെടുവിച്ചത്. പുതിയ ഓർഡിനൻസ് പകർച്ചവ്യാധികൾ പടരാതിരിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ കേന്ദ്ര ഗവൺമെന്റിന് അധികാരവും നൽകുന്നുണ്ട്. പക്ഷെ ആ അധികാരം സാമൂഹ്യ അകലം പാലിക്കാനും ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനും മാത്രമായിട്ടാണ് കേന്ദ്രം ഇപ്പോൾ വിനിയോഗിച്ചുകൊണ്ടിരിക്കുന്നത്. ഉപദേശങ്ങളോടും നിർദ്ദേശങ്ങളോടുമൊപ്പം ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും കൂടുതൽ പുതിയ ആതുരസേവന സൗകര്യങ്ങൾ സർക്കാർ ചെലവിൽ ഒരുക്കാനും സർക്കാർ ശ്രമിക്കേണ്ടതാണ്.

വികസിത സമ്പന്ന ലോകരാഷ്ട്രങ്ങൾപോലും ഈ മഹാമാരിക്കു മുൻപിൽ പകച്ചു നിൽക്കുമ്പോൾ കേന്ദ്ര ഗവൺമെന്റിന്റെയും ലോകാരോഗ്യസംഘടനയുടെയും ഐക്യരാഷ്ട്ര സഭയുടെയുമെല്ലാം കൂട്ടായ പ്രവർത്തനമാണ് ഇന്നാവശ്യമായിട്ടുള്ളത്. എന്നാൽ ഗവേഷണങ്ങൾ ഫലപ്രാപ്തിയിലെത്താത്തതുകൊണ്ട് ഐക്യരാഷ്ട്രസഭയും അതിന്റെ ഭാഗമായ ലോകാരോഗ്യസംഘടനയും നിസ്സഹായരായി നിൽക്കുകയാണിപ്പോൾ. സാമൂഹ്യ വ്യാപനം തടയുന്നതിനായി ഐസൊലേഷൻ ക്യാമ്പുകളും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനും ചികിത്സയുമെല്ലാം നടത്തുന്നത് ഇന്ന് സംസ്ഥാന ഗവൺമെന്റുകളാണ്.

കേരളത്തിലാണെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി സഹായത്തോടെ ഗവൺമെന്റ് ഇതിനായി നടത്തുന്ന പ്രവർത്തനങ്ങൾ എത്രയും മഹത്തരവും മാതൃകാപരവുമാണ്. ആത്മവിശ്വാസത്തോടെ ഗവൺമെന്റ് മെഡിക്കൽ കോളജുകളിൽ നിന്നും ജില്ലാതാലൂക്ക് ആശുപത്രികളിൽ നിന്നും അസുഖം ഭേദമായി പുറത്തിറങ്ങുന്ന രോഗികൾ ഇവിടെ നിത്യ കാഴ്ചകളാണ്. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സർക്കാർ ആശുപത്രികളും മെഡിക്കൽകോളജുകളും ഇന്ന് ഈ നാടിന്റെ അഭിമാനമാണ്. പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഇന്ന് എത്രയോ മെച്ചപ്പെട്ട നിലയിലാണ് പ്രവർത്തിക്കുന്നത്.

ഇവിടെയെല്ലാം നിലനിൽക്കുന്ന ഏറ്റവും വലിയ പ്രശ്നം രോഗികളെ അഡ്മിറ്റു ചെയ്യുന്നതിനാവശ്യമായ സ്ഥല സൗകര്യങ്ങളൊരുക്കാനും വിവിധ തലത്തിലുള്ള പരിശോധനകൾക്കുള്ള ആധുനിക ലബോറട്ടറി സംവിധാനങ്ങൾ ഒരുക്കാനും കഴിയുന്നില്ല എന്നതാണ്. 20 ലക്ഷം കോടിയുടെ പ്രഖ്യാപനം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നടത്തുമ്പോൾപ്പോലും സർക്കാർ ആശുപത്രികളുടെ സ്ഥിതി കൂടുതൽ മെച്ചപ്പെടുത്താൻ ഒരു രൂപ പോലും നീക്കി വയ്ക്കാൻ കേന്ദ്ര ഗവൺമെന്റിന് കഴിഞ്ഞില്ല എന്നതു പാക്കേജ് പ്രഖ്യാപനം വെറും നിരർത്ഥകമായിരുന്നു എന്നതിന്റെ തെളിവാണ്. എന്നാൽ മനുഷ്യാരോഗ്യത്തെയും ചികിത്സ സംവിധാനത്തെയും വാണിജ്യവൽക്കരിക്കുകയെന്ന ലക്ഷ്യം കേന്ദ്ര സർക്കാരിനുണ്ടായതുകൊണ്ട് സ്വകാര്യ ആശുപത്രികൾക്കു മാത്രം സഹായകരമായി പിപിപി പദ്ധതിയിലെ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് നിലവിലുള്ള 20 ശതമാനത്തിനു പകരം 30 ശതമാനമായി വർധിപ്പിച്ച് 8,100 കോടി രൂപ നീക്കി വച്ചതായി ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

മറ്റു പല മേഖലകളിലെന്ന പോലെ ആരോഗ്യ മേഖലയിലും സർക്കാർ സ്ഥാപനങ്ങളുടെ മരണ മണി മുഴങ്ങി കേൾക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത് എന്ന് വ്യക്തം. സമൂഹത്തിന്റെ മുകൾത്തട്ടിലുള്ള ഏതാനും വ്യക്തികൾക്കോ അവരുടെ സ്ഥാപനങ്ങൾക്കോ ചില ആനുകൂല്യങ്ങൾ നൽകിയതുകൊണ്ടു മാത്രം 130 കോടി ജനങ്ങളുള്ള ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തിന് ഈ പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയില്ല. ”ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്” എന്നു പ്രസ്താവിച്ച രാഷ്ട്രപിതാവ് ഇന്ത്യൻ ജനതയുടെ ജീവിത യാഥാർത്ഥ്യങ്ങളെ തിരിച്ചറിഞ്ഞ മഹാനായിരുന്നു. ഗ്രാമീണ ജനതയ്ക്ക് ആഹാരവും ആരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കുകയും അവരുടെ ക്രയശേഷി വർധിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യുകയെന്നത് ഒരു ജനാധിപത്യ ഗവൺമെന്റിന്റെ കടമയാണ്.

വരുമാനം നഷ്ടപ്പെട്ട സംഘടിത അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും കുടിയേറ്റ തൊഴിലാളികൾക്കും സമ്പൂർണ അടച്ചിടലിന്റെ ഭാഗമായി പുറത്തിറങ്ങാൻപോലും കഴിയാത്ത തൊഴിലന്വേഷകർ ഉൾപ്പെടെയുള്ള സാധാരണ ജനങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നിത്യ ചെലവുകൾക്ക് ഒരു നിശ്ചിത തുക അവരുടെ കൈകളിൽ എത്തിക്കാൻപോലും ഇടം കണ്ടെത്താൻ കഴിയാത്ത കേന്ദ്ര പാക്കേജ് പിന്നെ ആർക്കു വേണ്ടിയാണ്. കോവിഡിന്റെ മറവിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ മേഖലയും കൽക്കരി പാടങ്ങളുൾപ്പെടെയുള്ള ഖനന മേഖലകളും വൈദ്യുതി മേഖലയും സ്വകാര്യവൽക്കരിക്കാനും ഇന്ത്യൻ പ്രതിരോധ മേഖലയിൽ വിദേശ നിക്ഷേപം 74 ശതമാനമാക്കി വർധിപ്പിക്കാനുമുള്ള മുതലാളിത്ത രാഷ്ട്രീയ അജണ്ട നടപ്പിലാക്കുകയായിരുന്നു കേന്ദ്ര സർക്കാർ.

അതിനു തെരഞ്ഞെടുത്ത സമയം രാജ്യം സമ്പൂർണ ലോക്ഡൗണിൽ നിൽക്കുന്ന കാലഘട്ടവും. ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് 19 രോഗികളുള്ള മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ സർക്കാർ ആശുപത്രി സംവിധാനങ്ങളുടെ അപര്യാപ്തത ബോദ്ധ്യപ്പെട്ടുകൊണ്ട് നിലവിലുള്ള സർക്കാർ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും അവയുടെ അപര്യാപ്തത പരിഹരിക്കാനുമാണ്, കേന്ദ്ര സർക്കാർ അടിയന്തരമായി ശ്രമിക്കേണ്ടത്. ആരോഗ്യ മേഖലയിലെ പൊതുനിക്ഷേപം വർധിപ്പിക്കുകയും അതിനായി സംസ്ഥാന ഗവൺമെന്റുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിശ്ചിത തുക നീക്കി വയ്ക്കുകയും ചെയ്യാത്ത കേന്ദ്ര കോവിഡ് പാക്കേജ് വൈറസിനേക്കാൾ അപകടകരമാണ് എന്നു പറയാതെ തരമില്ല.

Eng­lish sum­ma­ry: