കോവിഡ് പാക്കേജുകൾ ഫലം കാണുന്നില്ല; ചെറുകിട വ്യാപാര മേഖല അടച്ചുപൂട്ടലിലേക്ക്

റെജി കുര്യൻ

ന്യൂഡൽഹി

Posted on July 13, 2020, 10:54 pm

റെജി കുര്യൻ

കേന്ദ്ര സർക്കാരിന്റെ കോവിഡ് പാക്കേജുകൾ ഫലം കാണുന്നില്ല. ചെറുകിട വ്യാപാര മേഖല അടച്ചു പൂട്ടലിലേക്ക്. കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ പ്രഖ്യാപിച്ച പാക്കേജിന്റെ പത്തിലൊന്ന് തുക പോലും വായ്പയായി നൽകിയില്ല. സൂക്ഷ്മ ഇടത്തരം ചെറുകിട വ്യാപാര മേഖലയ്ക്കായി മൂന്നു ലക്ഷം കോടി രൂപയുടെ പാക്കേജാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ സർക്കാരിന്റെ ഈ പ്രഖ്യാപനം വെറും വായ്ത്താരി മാത്രമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ വ്യക്തമാക്കുന്നത്. പ്രഖ്യാപിച്ച പാക്കേജ് പ്രകാരം മെയ് മൂന്നാം വാരം വരെ 5,610 കോടി രൂപയോളമാണ് ബാങ്കുകൾ വായ്പയായി വിതരണം ചെയ്തത്. ആകെ 11,450 കോടി രൂപയുടെ വായ്പകൾക്കാണ് ഇതുവരെ അംഗീകാരം നൽകിയതെന്നും സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ചെറുകിട വ്യാപാര മേഖലയ്ക്ക് ജാമ്യം ഇല്ലാതെ വായ്പ അനുവദിക്കുന്ന പദ്ധതി നടപ്പിലാക്കാൻ ബാങ്കുകാർ വിമുഖത കാണിക്കുകയാണ്.

സർക്കാർ പ്രഖ്യാപനത്തിൽ ബാങ്കുകൾക്ക് വിശ്വാസം പോര. അതുകൊണ്ടുതന്നെ സുരക്ഷിതമല്ലാത്ത ഈട് രഹിത വായ്പ നൽകി സ്വന്തം സാമ്പത്തിക സ്ഥിതി വഷളാക്കാൻ ബാങ്കുകൾക്ക് താല്പര്യമില്ല. ലോക്ഡൗണിനെ തുടർന്ന് രാജ്യത്തെ സമ്പദ്മേഖല നിശ്ചലമായതോടെ ചെറുകിട സ്ഥാപനങ്ങളുടെ വരുമാനത്തിലും വൻകുറവുണ്ടായി. ഇത്തരത്തിൽ പ്രതിസന്ധിയിലായ സ്ഥാപനങ്ങൾക്ക് ജാമ്യമില്ലാത്ത വായ്പ നൽകുന്നതിന് ബാങ്കുകൾ പിൻവലിഞ്ഞതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. അതുകൊണ്ട് ബാങ്കുകൾ ജാമ്യമോ വായ്പയുടെ തത്തുല്യ തുകയ്ക്കുള്ള ഇൻഷുറൻസ് പോളിസിയോ എടുക്കണമെന്ന് ആവശ്യപ്പെടുന്നതായി നിരവധി കച്ചവടക്കാർ പരാതി ഉയർത്തുന്നു.

വായ്പയ്ക്കായി ബാങ്കുകളെ സമീപിക്കുമ്പോഴാകട്ടെ കൂടുതൽ നടപടി ക്രമങ്ങളുടെ നൂലാമാലകളും കാത്തിരിക്കുന്നു. രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ കുറവു വന്നിരിക്കുകയാണ്. ആഭ്യന്തര വളർച്ചാ നിരക്ക് ഏകദേശം പൂജ്യത്തിലേക്കു നീങ്ങുന്ന അവസ്ഥയാണ് ഉടലെടുത്തിരിക്കുന്നത്. സർക്കാരിന്റെ വാക്കുകേട്ട് വായ്പ നൽകിയാൽ സ്വന്തം നില പ്രതിസന്ധിയിലാകുമെന്നാണ് ബാങ്കുകളുടെ വിലയിരുത്തൽ. ചെറുകിട വ്യാപാര മേഖലയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എന്തെങ്കിലും സാമ്പത്തിക സഹായം നൽകാനോ, വായ്പ പലിശയിൽ ഇളവു അനുവദിക്കാനോ, ജിഎസ്‌ടി നിരക്കു കുറയ്ക്കാനോ സർക്കാർ തയ്യാറായില്ലെന്ന് ചെറുകിട വ്യവസായികൾ കുറ്റപ്പെടുത്തുന്നു.

തൊഴിലാളികളുടെ ശമ്പളം, വായ്പകളുടെ അടവുകൾ, വൈദ്യുത ചാർജ് തുടങ്ങി ചെലവുകൾക്ക് കുറവില്ല. അതേസമയം വരുമാനത്തിൽ ഇടിവും നേരിടുന്നു. നിലവിലെ പ്രതിസന്ധി ഏത് രീതിയിൽ മറികടക്കുമെന്ന് അറിയില്ലെന്നും അടച്ചു പൂട്ടൽ മാത്രമാണ് പോംവഴിയെന്നും ചെറുകിട വ്യാപാര മേഖല ചൂണ്ടിക്കാട്ടുന്നു. ടെക്സ്റ്റൈൽ, ഫർണിച്ചർ, സ്പോട്സ് ഉപകരണങ്ങൾ എന്നീ മേഖലയിലെ വ്യവസായങ്ങൾ പലതും ഇതിനോടകം അടച്ചു പൂട്ടുകയും ചെയ്തു. അതേസമയം രാജ്യത്തെ വ്യവസായ ഉല്പാദനം സംബന്ധിച്ച കണക്കുകൾ പുറത്തുവിടുന്നത് കേന്ദ്രം സസ്പെൻഡു ചെയ്തിരിക്കുകയുമാണ്.

കയ്യൊഴിഞ്ഞ് കേന്ദ്രസർക്കാർ

രാജ്യത്ത് ചെറുകിട കച്ചവടക്കാർ സ്വന്തം നിലയ്ക്ക് സാമ്പത്തിക പ്രതിസന്ധി മറികടക്കട്ടെയെന്ന കേന്ദ്ര സർക്കാർ നിലപാട് രാജ്യത്തെ തൊഴിൽ മേഖലയ്ക്കും ശക്തമായ തിരിച്ചടി നൽകും. രാജ്യത്തെ 65 കോടിയോളം വരുന്ന ചെറുകിട സ്ഥാപനങ്ങളിൽ 35 ശതമാനത്തോളം ഉടൻ തന്നെ അടച്ചുപൂട്ടേണ്ട സാഹചര്യത്തിലാണെന്ന് ചൂണ്ടിക്കാട്ടി ചെറുകിട വ്യാപാര മേഖലയിലെ സംഘടനകൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിരുന്നു.

സർക്കാരിന്റെ പ്രഖ്യാപനങ്ങൾ ജലരേഖയാണെന്ന് ഇത് വ്യക്തമാക്കുന്നു. രാജ്യത്തെ 50 കോടിയോളം പേരാണ് ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നത്. ചെറുകിട മേഖലയിൽ സർക്കാർ ഇടപെടൽ ഉടൻ ഉണ്ടായില്ലെങ്കിൽ രാജ്യം നേരിടാൻ പോകുന്നത് വൻപ്രതിസന്ധിയാണെന്ന് സാമ്പത്തിക വിദഗ്ദ്ധരും മുന്നറിയിപ്പു നൽകുന്നു.

Eng­lish sum­ma­ry: covid pack­age  sto­ry

You may also like this video:

<iframe width=“560” height=“315” src=“https://www.youtube.com/embed/OkYao6G0zTQ” frameborder=“0” allow=“accelerometer; auto­play; encrypt­ed-media; gyro­scope; pic­ture-in-pic­ture” allowfullscreen></iframe>