September 28, 2022 Wednesday

കോവിഡ് പാക്കേജ് നാലരലക്ഷം കോടിയില്‍ ഒതുങ്ങും

റെജി കുര്യന്‍
ന്യൂഡല്‍ഹി:
May 2, 2020 9:53 pm

കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പാക്കേജ് 4.5 ലക്ഷം കോടി രൂപയില്‍ ഒതുങ്ങിയേക്കും. രണ്ടാം കോവിഡ് പാക്കേജ് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനും ഇന്ന വീണ്ടും കൂടിക്കാഴ്ച നടത്തി.
കോവിഡും അനുബന്ധിയായ ലോക്ഡൗണും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രം 1.7 ലക്ഷം കോടി രൂപയുടെ ആദ്യ കോവിഡ് പാക്കേജ് മാര്‍ച്ച് അവസാനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് അപര്യാപ്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ രണ്ടാം കോവിഡ് പാക്കേജിനുള്ള തയ്യാറെടുപ്പുകളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

ആദ്യ പാക്കേജ് ജിഡിപി (മൊത്തം ആഭ്യന്തര ഉത്പാദനം) യുടെ ഒരു ശതമാനത്തോളമായിരുന്നു. രണ്ടാം കോവിഡ് പാക്കേജ് ജി ഡി പിയുടെ 1.5–2 ശതമാനത്തില്‍ ഒതുങ്ങുമെന്നാണ് വിലയിരുത്തല്‍. ഏകദേശം 4.5 ലക്ഷം കോടി രൂപയുടെ മൊത്തം കോവിഡ് സാമ്പത്തിക പാക്കേജിനാണ് കേന്ദ്രം അന്തിമ രൂപം നല്‍കുകയെന്നാണ് വിലയിരുത്തല്‍. അതായത് രണ്ടാം പാക്കേജ് മൂന്നു ലക്ഷം കോടി രൂപയെന്ന പരിധിക്കപ്പുറം കടന്നേക്കില്ല.

കോവിഡ് പശ്ചാത്തലത്തില്‍ ആഗോള നിക്ഷേപ സാഹചര്യം അനുകൂലമാക്കി ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള മുന്നോരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. തകര്‍ന്നടിഞ്ഞ സമ്പദ്ഘടനയിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ കഴിയില്ലെന്നതിനാല്‍ ക്രഡിറ്റ് റേറ്റ് (സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാനുള്ള ശേഷി) ആശാവഹമായ നിലയില്‍ നില നിര്‍ത്തേണ്ടതിനാലാണ് സര്‍ക്കാര്‍ കോവിഡ് പാക്കേജില്‍ കുറവു വരുത്തുന്നത് എന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

കോവിഡ് പാക്കേജ് 6–8 ലക്ഷം കോടി രൂപയെങ്കിലും കുറഞ്ഞത് വേണമെന്ന നിലപാട് സംസ്ഥാനങ്ങളും, വ്യവസായ‑വാണിജ്യ സംഘടനകള്‍ ഉള്‍പ്പെടെ എല്ലാ ഭാഗത്തുനിന്നും ഉയരുമ്പോഴും ഇത്തരമൊരാവശ്യത്തോട് സര്‍ക്കാര്‍ യോജിക്കാത്തതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നതും ഈ സംഗതിയാണ്.കോവിഡ് പാക്കേജിന് അധികം തുക വകയിരുത്തി നിലവില്‍ 3.5 ശതമാനത്തോളം നില്‍ക്കുന്ന ധനകമ്മി കൂട്ടിയാല്‍ ക്രഡിറ്റ് റേറ്റിംങില്‍ കുറവു വരും. അധിക വിഭവ സമാഹരണം നിലവിലെ സാഹചര്യത്തില്‍ ഉദ്യേശിക്കുന്ന ഫലം കാണുമോ എന്നത് സംശയമാണ്. വിഭവ സമാഹരണത്തിനായി പൊതു മേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുകയാണ് സര്‍ക്കാരിനു മുന്നിലുള്ള പ്രധാന പോംവഴി.
ബാങ്കുകളുടെ ധനസ്ഥിതി സംബന്ധിച്ച വിലയിരുത്തല്‍ ധമന്ത്രി ഇതിനോടകം ബാങ്ക് മേധാവികളുമായി നടത്തി.

സാമ്പത്തിക വിപണിയില്‍ പണമെത്തിക്കാനും അതുവഴി സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുമുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായി ബാങ്കുകളിലെ നിക്ഷേപ പലിശ നിരക്കിലും വായ്പാ പലിശ നിരക്കിലും റിസര്‍വ്വ് ബാങ്ക് ഇളവുകള്‍ വരുത്തിയിരുന്നു. എന്നാല്‍ കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ ഉദാരമായ വായ്പാ നയം റിസര്‍വ്വ ബാങ്ക് സ്വീകരിക്കേണ്ടിവരും. കോവിഡില്‍ തകര്‍ച്ച നേരിട്ട മേഖലകള്‍ക്കു തിരിച്ചു വരവിന് സാഹചര്യം സൃഷ്ടിക്കാന്‍ കുറഞ്ഞ നിരക്കില്‍ ഈടില്ലാതെ കൂടുതല്‍ ഉദാരമായ വായ്പകള്‍ അനുവദിക്കേണ്ടതുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ സര്‍ക്കാരിന്റെ ഗ്യാരന്റി തേടിയേക്കും. ബാങ്കുകളുടെ ധനസ്ഥിരത ഉറപ്പാക്കാനുള്ള നടപടിയുടെ ഭാഗമായാണിത്.
സംഘടിത‑അസംഘടിത മേഖലകളില്‍ കോവിഡ് സൃഷ്ടിച്ച തൊഴിലില്ലായ്മയ്ക്ക് പരിഹാരം, കോവിഡ് പ്രതിരോധത്തിനു ഊന്നല്‍ നല്‍കുമ്പോഴും ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗം കണ്ടെത്താനുള്ള സംവിധാനങ്ങള്‍, കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുടെ സ്വന്തം സംസ്ഥാനങ്ങളില്‍ തൊഴില്‍ ലഭിക്കാനുള്ള നടപടികള്‍, ഇടത്തരം-ചെറുകിട വ്യവസായങ്ങള്‍ക്ക് ധനലഭ്യത ഉറപ്പു വരുത്തല്‍, ഈ വിഭാഗങ്ങളുടെ വായ്പ പലിശകളില്‍ ഇളവ്, നികുതി ഇളവുകള്‍, കാര്‍ഷിക മേഖലയുടെ വളര്‍ച്ചയും അതുവഴി തൊഴിലും സൃഷ്ടിക്കുക, കയറ്റുമതി, വ്യോമയാനം, നിര്‍മ്മാണ മേഖല, ഹോട്ടല്‍ അനുബന്ധ വ്യവസായങ്ങള്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തിനും പരിഗണന നല്‍കുന്ന രീതിയിലാകും പുതിയ പാക്കേജെന്നാണ് കരുതുന്നത്. പാക്കേജ് സംബന്ധിച്ച പ്രഖ്യാപനം അധികം വൈകില്ലെന്നാണ് വിലയിരുത്തല്‍.

ENGLISH SUMMARY: covid pack­age of cen­tral govt

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.