Web Desk

കൊല്ലം

October 25, 2020, 3:14 pm

കോവിഡ് രോഗിക്ക് ട്രാക്ക് ആംബുലൻസിൽ പ്രസവം

Janayugom Online

ട്രാക്ക് വൈസ് പ്രസിഡന്റും ഹോളിക്രോസ്സ് ആശുപത്രി എമർജൻസി വിഭാഗം മേധാവിയുമായ ഡോ. ആതുരദാസ് ഗർഭിണിയായ കോവിഡ് രോഗിയുടെ പ്രസവമെടുത്തത് ട്രാക്ക് ആംബുലൻസിനുള്ളിൽ. ഇന്നലെ അതി രാവിലെ (24 ശനി ) രണ്ട് പത്തിനാണ് ആരോഗ്യമേഖലയിൽ ലോകത്തിനു തന്നെ മാതൃകയായ കേരളത്തിന് അഭിമാനമായി മാറിയ അനുഭവമുണ്ടായത്.

കോവിഡ് പോസിറ്റീവ് ആയ ഗർഭിണിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ ഒന്നേ മുക്കാലോടെ കരിക്കോട് പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്നാണ് ട്രാക്ക് ആംബുലൻസ് ഡ്രൈവർ അമീന് ഫോൺ വന്നത്. ഉടനെതന്നെ അമീനും ട്രാക്ക് വോളന്റിയർ അഖിൽ രവിയും ആംബുലൻസിൽ കരിക്കോട് എത്തുകയും കോവിഡ് ബാധിച്ച ഗർഭിണിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുകയും ചെയ്തു. ഗർഭിണിയുടെ നിലവിളിയും അവസ്ഥയും കണ്ടപ്പോൾ വഴിയിൽ വെച്ച് തന്നെ അവർ പ്രസവിക്കുമെന്ന് ഭയന്ന അമീൻ ഡോ. ആതുരദാസിന്റെ സഹായം ആവശ്യപ്പെടുകയായിരുന്നു. ഡോക്ടറുടെ നിർദേശമനുസരിച്ചു ഹോളിക്രോസ്സ് ആശുപത്രിയിൽ ഗർഭിണിയെ എത്തിക്കുമ്പോഴേക്കും കുഞ്ഞിന്റെ തല പുറത്തു വന്നിരുന്നു. തയ്യാറായി കാത്തുനിന്നിരുന്ന ഡോ. ആതുരദാസും ടീമും എമർജൻസി മനസിലാക്കി ആംബുലൻസിൽ വെച്ച് തന്നെ പ്രസവം എടുക്കുകയായിരുന്നു. ഡോ അരുളും, ഡോ. ബിന്ദുവും സഹായത്തിനായി കൂടെയുണ്ടായിരുന്നു. തുടർന്ന് അമ്മയെയും കുഞ്ഞിനേയും ഹോളിക്രോസ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. കുട്ടിയും അമ്മയും ഇന്നലെ സുഖമായി വീട്ടിൽ പോയി.

ഇത്തിക്കരയിൽ കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ചപ്പോൾ സംഭവസ്ഥലത്തു ചെന്ന് ലോറിയുടെ മുകളിൽ കയറി ലോറി ഡ്രൈവർക്ക് പ്രഥമ ശുശ്രൂഷ നൽകിയതും,ഏതാനും ദിവസങ്ങൾക്ക് മുൻപേ കൊട്ടിയത്തിനടുത്തുള്ള സ്ഥാപനത്തിൽ അന്യസംസ്ഥാന തൊഴിലാളിയുടെ മുകളിൽ ഭാരമേറിയ ഷീറ്റുകൾ വീണപ്പോൾ സംഭവസ്ഥലത്തെത്തി പ്രഥമശുശ്രൂഷ നൽകിയതും ഉൾപ്പെടെ നിരവധി അപകടരക്ഷാപ്രവർത്തനങ്ങൾക്ക് ഇതിനുമുമ്പും ഡോ. ആതുരദാസ് നേതൃത്വം നൽകിയിട്ടുണ്ട്.

you may also like this video