Janayugom Online
കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ ആശുപത്രിയില്‍ നിന്നും ഇറങ്ങിയോടിയ യുവാവ് എളങ്കൂറിലെ ബസ് ഷെഡില്‍

കോവിഡ് നിരീക്ഷണത്തിലിരിക്കെ യുവാവ് ഇറങ്ങി ഓടിയത് പരിഭ്രാന്തി പരത്തി

Web Desk

മഞ്ചേരി

Posted on June 04, 2020, 9:50 pm

കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ യുവാവ് ആശുപത്രിയില്‍ നിന്നും ഇറങ്ങിയോടിയത് അധികൃതരിലും നാട്ടുകാരിലും ഏറെ നേരം പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ എട്ടു മണിയോടെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. ആരോഗ്യ പ്രവര്‍ത്തകരും മറ്റും ഏഴാം വാര്‍ഡില്‍ ഭക്ഷണം വിതരണം ചെയ്തു കൊണ്ടിരിക്കെ മാനസികാസ്വാസ്ഥ്യമുള്ള യുവാവ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇറങ്ങിയോടുകയായിരുന്നു.

ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിനെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ദിവസം കരുവാരക്കുണ്ടില്‍ അലഞ്ഞു നടക്കുകയായിരുന്ന യുവാവിനെ നാട്ടുകാരാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. യുവാവിന്റെ സ്രവം പരിശോധിച്ചതില്‍ കോവിഡ് 19 ബാധിതനല്ലെന്ന് കണ്ടെത്തിയിരുന്നു.

എന്നാല്‍ ഒഡീഷ സ്വദേശിയെന്ന് കരുതപ്പെടുന്ന യുവാവിന്റെ ബന്ധുക്കളെ സംബന്ധിച്ച് വിവരമൊന്നുമില്ലാത്തതിനാല്‍ ആശുപത്രിയില്‍ തന്നെ തുടരുകയായിരുന്നു. മഞ്ചേരി ചെറാക്കര റോഡിലൂടെ ഓടിയ യുവാവിനെ പൊലീസ് പിന്നീട് കണ്ടെത്തുന്നത് എളങ്കൂറിലെ ഒരു ബസ് വെയ്റ്റിംഗ് ഷെഡില്‍ നിന്നാണ്. പിന്നീട് ആശുപത്രിയിലെത്തിച്ചതിന് ശേഷം യുവാവിനെ 108 ആംബുലന്‍സില്‍ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

ENGLISH SUMMARY: covid patient ran out from hos­pi­tal
You may also like this video