കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രതയായിരിക്കേണ്ട സമയമാണിപ്പോൾ. മാസ്കും സാനിറ്റൈസറും ജീവിതത്തിന്റെ തന്നെ പ്രധാന ഘടകമായി മാറിക്കഴിഞ്ഞു. എന്നാൽ ഇപ്പോഴിതാ അഞ്ചിലൊരു കോവിഡ് രോഗിക്ക് ഛർദ്ദി, അതിസാരം, മനംമറിച്ചിൽ തുടങ്ങി വയറും കുടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായി പഠനം. ആകെ കോവിഡ് രോഗികളുടെ 18 ശതമാനം പേരാണ് ഇത്തരം ഗാസ്ട്രോഇന്റസ്റ്റൈനൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതെന്ന് ആബ്ഡൊമിനൽ റേഡിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
അതേ സമയം 16 ശതമാനം കോവിഡ് രോഗികളിൽ ഈ ലക്ഷണങ്ങൾ മാത്രമേ പ്രകടമാകുന്നുള്ളൂ. വിശപ്പില്ലായ്മ, വയറു വേദന തുടങ്ങിയവയും കോവിഡിന്റെ ഭാഗമായി രോഗികളിൽ കണ്ടു വരുന്നുണ്ട്. അണുബാധ വയറ്റിലെയും കുടലിലെയും സൂക്ഷ്മാണുക്കളെ നശിപ്പിക്കാമെന്നും ഇൻഫ്ളമേറ്ററി സൈറ്റോകീനുകളുടെ തോത് വർധിപ്പിക്കാമെന്നും പഠനം പറയുന്നു. മഹാമാരിയുടെ തുടക്കം മുതൽ ജൂലൈ 2020 വരെ പ്രസിദ്ധീകരിച്ച 469 പഠനങ്ങൾ അവലോകനം ചെയ്താണ് കാനഡയിലെ ആൽബർട്ട സർവകലാശാലയിലെ ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.
ഇവ തിരിച്ചറിയാൻ ഉദരസംബന്ധമായ സിടി സ്കാനിലൂടെയും ഇമേജിങ്ങിലൂടെയും സാധിക്കുമെന്നും പഠനറിപ്പോർട്ട് പറയുന്നു. വൻകുടലിന്റെയും ചെറുകുടലിന്റെയും വീക്കം, കുടൽഭിത്തികൾക്കുള്ളിൽ വായു കെട്ടിക്കിടക്കുന്ന അവസ്ഥ, കുടലിൽ ദ്വാരം തുടങ്ങിയ ലക്ഷണങ്ങളെയും കരുതിയിരിക്കണമെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്. കോവിഡ് രോഗികളുടെ അബ്ഡോമിനൽ ഇമേജിങ്ങ് നടത്തുമ്പോൾ ഇത്തരം ലക്ഷണങ്ങൾ റേഡിയോളജിസ്റ്റുകൾ ശ്രദ്ധിക്കണമെന്നും പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
English summary; covid patients shows gastrointetinal symptoms
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.