കൊറോണ വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ഇന്ത്യയ്ക്ക് 1.5 ബില്യൺ ഡോളറിന്റെ ( 11,400 കോടി രൂപ) വായ്പ ഏഷ്യൻ വികസന ബാങ്ക് നൽകും. രോഗപ്രതിരോധം, സാമ്പത്തികമായി ദുർബലവിഭാഗങ്ങൾക്കുള്ള സഹായം എന്നീ കാര്യങ്ങൾക്കാണ് വായ്പ അനുവദിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. വ്യവസായ മേഖലയുടെ പുനരുദ്ധാരണം, സ്വയം സംരംഭകർ, ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ പുനരുദ്ധാരണത്തിനായി കൂടുതൽ തുക എഡിബിയുടെ കോവിഡ് 19 ആക്ടിവ് റെസ്പോൺസ് ആന്റ് എക്സ്പെൻഡിച്ചർ സപ്പോർട്ട് പ്രോഗ്രാം പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കും.
സാമ്പത്തിക വളർച്ചാ നിരക്ക് മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുന്ന കാര്യത്തിൽ ചർച്ചകൾ ഇപ്പോഴും തുടരുന്നുണ്ട്. ഗ്രാമീണ മേഖലയിലെ സമഗ്ര ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തൽ, പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ സൂപ്പർ സ്പെഷ്യാലിറ്റി വരെ ആശുപത്രികളുടെ പൊതു- സ്വകാര്യ പങ്കാളിത്ത വികസനം എന്നിവയ്ക്കായും കൂടുതൽ വായ്പകൾ അനുവദിക്കും. വായ്പയുമായി ബന്ധപ്പെട്ട കരാർ തയ്യാറാക്കിയതായി ധനമന്ത്രാലയത്തെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ അനുവദിച്ച വായ്പയിൽ 65 ശതമാനവും സാമൂഹ്യ സഹായ പദ്ധതികൾക്കായാണ് അനുവദിച്ചിട്ടുള്ളത്.
അടുത്ത ഘട്ടത്തിൽ സാമ്പത്തിക വളർച്ചയ്ക്ക് നിദാനമാകുന്ന വിഷങ്ങയങ്ങൾക്കാകും വായ്പ അനുവദിക്കുന്നത്. എന്നാൽ ആരോഗ്യ മേഖലയിലെ പൊതു- സ്വകാര്യ പങ്കാളിത്ത വികസനം സംബന്ധിച്ച എഡിബിയുടെ ശുപാർശകൾ ശരിയായ ദിശയിലുള്ളതല്ലെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. കൊറോണ വ്യാപനം തടയുന്ന കാര്യത്തിൽ ആരോഗ്യ മേഖലയിൽ സ്വകാര്യ പങ്കാളിത്തം കൂടുതലുള്ള രാജ്യങ്ങൾ പൂർണ പരാജയമെന്നാണ് ഇപ്പോഴത്തെ സ്ഥിതിഗതികൾ സൂചിപ്പിക്കുന്നത്. യുഎസ്, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ മരണ നിരക്ക് വർധിക്കാനുള്ള കാരണം ആരോഗ്യ മേഖലയിലെ സ്വകാര്യവൽക്കരണമാണെന്ന ആക്ഷേപം ശക്തമായി ഇപ്പോഴും തുടരുന്നു. ഇതിനിടെയാണ് ഇന്ത്യയിലെ ആശുപത്രികളെ സ്വകാര്യവൽക്കരിക്കണമെന്ന എഡിബിയുടെ നിർദ്ദേശം.
ENGLISH SUMMARY: Covid resistance; ADB loan to India worth Rs 11400 crore
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.