Web Desk

ന്യൂഡല്‍ഹി:

June 04, 2020, 9:57 pm

കോവിഡ് ; സ്വയം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് :കേന്ദ്ര ആരോഗ്യ മന്ത്രാലയം

Janayugom Online

കോവിഡ് രോഗം ബാധിക്കാതെ സ്വയം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്ര ആരോഗ്യ — കുടുംബക്ഷേമ മന്ത്രാലയം. കൊറോണ പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കണമെന്നും അവരുടെ ചികിത്സാ ചെലവുകൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഉദയ്പുര്‍ സ്വദേശിയായ ഡോ. ആരുഷി ജെയിന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്. കോവിഡ് 19 രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യവും ക്വാറന്റീന്‍ സൗകര്യവും ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.

ആശുപത്രികളിലെ അണുബാധ നിയന്ത്രിക്കുന്നതിനുള്ള സമിതികള്‍ രോഗവ്യാപനം നിയന്ത്രിക്കുന്നതിനും തടയുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുകയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തുടര്‍ച്ചയായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും വേണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഐസിഎംആര്‍, ലോകാരോഗ്യ സംഘടന എന്നിവയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന മറുപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധയില്‍നിന്ന് സ്വയം സംരക്ഷിക്കുന്നത് സംബന്ധിച്ച മതിയായ പരിശീലനം നല്‍കിയിട്ടുള്ളതിനാല്‍ ഉത്തരവാദിത്തം അവര്‍ക്ക് മാത്രമാണ്. പരിശീലനം ഉറപ്പാക്കാനുള്ള നടപടികള്‍ കേന്ദ്ര — സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുണ്ട്. വ്യക്തിഗത സുരക്ഷാ ഉപകരണ ങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ വൈറസ് ബാധയില്‍നിന്ന് സംരക്ഷണം നേടാനാകും. ജോലിസ്ഥലത്ത് അവ ഉപയോഗിക്കുന്നതിലൂടെ കുടുംബാംഗങ്ങള്‍ക്കോ മക്കള്‍ക്കോ രോഗബാധ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാം. ആരോഗ്യ മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

ENGLISH SUMMARY: Covid; Respon­si­bil­i­ty for self-care for health work­ers: Union Min­istry of Health

YOU MAY ALSO LIKE THIS VIDEO