Web Desk

കോഴിക്കോട്

August 02, 2021, 7:57 pm

കോവിഡ് നിയന്ത്രണങ്ങൾ: ഓണക്കാലത്ത് മലയാളി വിദ്യാർത്ഥികൾ മറുനാട്ടിൽ

Janayugom Online

കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായിരിക്കേ ഇതരസംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ആശങ്കയിൽ. വിദ്യാർഥികൾക്ക് ഓണാവധിക്കാലത്ത് നാട്ടിലെത്താനും തിരിച്ച് പോകാനും അയൽ സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ തിരിച്ചടിയാകും. തമിഴ്‌നാട്ടിലേക്കും കർണാടകത്തിലേക്കും പോകാൻ ആർടിപിസിആർ പരിശോധനാ ഫലം നിർബന്ധമാക്കിയിരിക്കുകയാണ്. രണ്ട് ഡോസ് വാക്സിനുമെടുത്ത് 14 ദിവസം കഴിഞ്ഞവർക്ക് തമിഴ്‌നാട് ഇളവ് നൽകുമ്പോൾ കർണാടക ആ ഇളവ് പോലും നൽകുന്നില്ല. വാക്സിനും നെഗറ്റീവ് സർട്ടിഫിക്കറ്റും വേണമെന്നാണ് നിർദേശം. ഇവിടങ്ങളിലെല്ലാം നിരവധി മലയാളി വിദ്യാർഥികളാണ് പഠിക്കുന്നത്. കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ റഗുലർ ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ ടിപിആർ കുറയാത്തതും വാസ്കിൻ ക്ഷാമവും സംസ്ഥാനത്തേക്കുവരുന്നതിന് അവർക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

അതേസമയം ഇതരസംസ്ഥാനങ്ങളിൽ എംബിബിഎസ് വിദ്യാർഥികൾക്ക് അതാത് കോളജുകൾ തന്നെ ഇടപെട്ട് വാക്സിൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ സാഹചര്യം വ്യത്യസ്തമായതിനാൽ ഇതരസംസ്ഥാനങ്ങളിൽ നിന്നും രണ്ടുഡോസ് സ്വീകരിച്ചശേഷം നാട്ടിൽ എത്തിയാൽ മതിയെന്ന നിർദേശമാണ് രക്ഷിതാക്കൾ നൽകുന്നത്. കേരളത്തിൽ കോളജ് വിദ്യാർഥികൾക്ക് വാക്സിൻ ഉടൻ ലഭ്യമാക്കുമെന്നും 18,23 വയസ്സു വരെയുള്ളവർക്ക് പ്രത്യേക കാറ്റഗറി തിരിച്ച് വാക്സിൻ നൽകുമെന്നും മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, സ്വകാര്യ ആശുപത്രികളിൽ പോലും വാക്സിൻ ആവശ്യത്തിന് ലഭ്യമല്ലാത്ത സ്ഥിതിയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. വാക്സിൻ ലഭിക്കാൻ രജിസ്റ്റർ ചെയ്യുന്നവർക്ക് തിരക്ക് കാരണം ലഭിക്കാത്ത അവസ്ഥയാണ്. സ്ലോട്ട് ഓപ്പൺ ആയാൽ പെട്ടന്ന് തന്നെ വാക്സിൻ സെന്ററുകൾ ഫുൾ ആവുകയാണ്. രജിസ്റ്റർ ചെയ്തവർ പലരും ഏറെ നാളായി കാത്തിരിപ്പിലാണ്. ആദ്യ ഡോസ് എടുത്താൽ തന്നെ നിശ്ചിത സമയത്ത് രണ്ടാമത്തെ ഡോസ് ലഭ്യമാവാത്ത സ്ഥിതിയുണ്ട്. നിലവിൽ രണ്ട് ഡോസ് ലഭിച്ചവരുടെ എണ്ണത്തിൽ സംസ്ഥാനം ഏറെ പിന്നിലാണ്. മാത്രമല്ല ഓണക്കാലത്ത് കൂടുതൽ ഇളവുകൾക്ക് സർക്കാർ ഒരുങ്ങുകയാണെങ്കിൽ ടിപിആർ ഇനിയും വർധിക്കുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

Eng­lish sum­ma­ry: Covid restric­tions; Malay­alee stu­dents at cri­sis on Onam season

You may also like this video: