കോവിഡ് പ്രതിസന്ധിയെ തുടർന്ന് യവനിക ഉയർത്താനാകാതെ നാടകവേദികൾ നിശ്ചലമായിട്ട് ഒരു വർഷം പിന്നിടുന്നു. ഒരുകാലത്ത് ഏറ്റവും കൂടുതൽ നാടകങ്ങൾ പിറവിയെടുത്തിരുന്ന കേരളത്തിൽ കോവിഡ് രംഗപ്രവേശം ചെയ്തതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ലോക്ഡൗണിന് ശേഷം നഷ്ടപ്പെട്ട നാടക സീസണുകൾ ഇതുവരെ തിരികെ എത്തിയില്ല. ഒട്ടേറെ പുതിയ പരീക്ഷണങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും അതെല്ലാം പ്രേക്ഷകർ ഇരുകൈകളിലും സ്വീകരിച്ചിരുന്ന നാടക കാലം കോവിഡ് വന്നതോടെ നഷ്ടപ്പെട്ടു. ഇതോടെ നാടക സംഘങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാതെ വന്നു.
നാടക രംഗത്ത് പ്രൗഢിയോടെ പ്രവർത്തിച്ചിരുന്ന കലാകാരൻമാർ തൊഴിൽ നഷ്ടപ്പെട്ടതോടെ ഇന്ന് മറ്റ് ജോലികളിൽ വ്യാപൃതരായി കഴിഞ്ഞു. ഏറ്റവും വലിയ തിരിച്ചടിയുണ്ടായിരിക്കുന്നത് പ്രഫഷണൽ നാടകമെന്ന് അറിയപ്പെടുന്ന പൊതു നാടക വേദിയിലാണ്. വൻതോതിൽ സാമ്പത്തികവും അധ്വാനവും വേണ്ടിവരുന്ന രംഗമാണിത്. അതിനെ ആശ്രയിച്ചു ജീവിക്കുന്ന വലിയൊരു വിഭാഗമുണ്ട്. തുടർച്ചയായ രണ്ടു പ്രളയങ്ങൾ സൃഷ്ടിച്ച വെല്ലുവിളികളിൽ നിന്ന് തിരിച്ചുവരാൻ ശ്രമിക്കുന്നതിനിടെയാണ് കോവിഡ് എത്തിയത്. മുടക്കിയ തുക തിരിച്ചു പിടിക്കാൻ കഴിയാത്ത സാഹചര്യമാണ്. ലോക്ഡൗണിന് ശേഷം ചില നാടകങ്ങളെങ്കിലും രംഗത്ത് അവതരിപ്പിക്കാൻ ശ്രമം നടന്നെങ്കിലും പരാജയമായിരുന്നു ഫലം. അഞ്ച് നാടകങ്ങൾ മാത്രമാണ് അരങ്ങിലെത്തിയത്.
പ്രേക്ഷകർ കുറയുകയും വേണ്ടത്ര സ്പോൺസർമാരെ കിട്ടാതെ വരുകയും നാടകം അവതരിപ്പിക്കാനുള്ള വേദി ഇല്ലാതാകുകയും ചെയ്തതോടെ കാര്യങ്ങൾ കൂടുതൽ പരുങ്ങലിലായി. ഉത്സവ വേദികളിൽ മാത്രം കൂടുതലായി അവതരിപ്പിച്ചിരുന്ന നാടകങ്ങൾ കോവിഡ് കാരണം ഇല്ലാതായി. പുതിയ നാടകങ്ങൾ അവതരിപ്പിക്കാനുള്ള അവസരം പൂർണമായും നഷ്ടപ്പെട്ടതോടെ റിഹേഴ്സൽ ക്യാമ്പുകളും അണിയറ പ്രവർത്തനങ്ങളും മറ്റും എന്നെന്നേക്കുമായി നാടക പ്രവർത്തകർക്ക് അവസാനിപ്പിക്കേണ്ടിവന്നു. ഇതോടെ കേരളത്തിലങ്ങോളമിങ്ങോളമുള്ള ചെറുതും വലുതുമായ നാടക സമിതികൾ പിരിച്ച് വിടേണ്ട സ്ഥിതിയിലേയ്ക്ക് കാര്യങ്ങൾ എത്തി.
ഇനി വരുന്ന ഓണക്കാലം മാത്രമാണ് നാടക വേദികൾക്കുള്ള ഏക പ്രതീക്ഷ. അതേസമയം, ആനിമേഷനും വിഷ്വൽ ഇഫക്ടും ഉൾപ്പെടെ ആധുനീക രീതിയിൽ അവതരിപ്പിക്കുന്ന പുത്തൻ ആവിഷ്ക്കാര രീതിയിലേക്ക് കോവിഡ് കാലം നാടക രംഗത്തെ കൊണ്ടെത്തിച്ചിട്ടുണ്ട്. നടൻ മോഹൽലാൽ അരങ്ങിൽ അനശ്വരമാക്കിയ ഛായാമുഖിയുടെ രചയിതാവും നാടക പ്രവർത്തകനുമായ പ്രശാന്ത് നാരായണൻ ലോക്ഡൗൺ കാലത്ത് രചിച്ച ‘ആകാശ നാടകം’ ഇത്തരത്തിൽ പരീക്ഷിക്കപ്പെട്ടതായിരുന്നു.
english summary;covid Second Wave: drama theaters without curtains
You may also like this video